Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണന്‍ ആകാനാകില്ല, രമണനെങ്കിലുമായല്ലോ !

harisree-ashokan ഹരിശ്രീ അശോകൻ

വല പോലുള്ള ഉടുപ്പുമിട്ട് പഞ്ചാബി ഹൗസിലെ സർദാർജിയുടെ നെടുനീളൻ ഉടുപ്പുകൾ അലക്കിയ രമണൻ ഇന്നും മലയാളികളുടെ കൂട്ടുകരാനാണ്. ‘കർണൻ’ തരംഗം സോഷ്യൽമീഡിയയിൽ ചർച്ചയാകുമ്പോൾ ഒരു കൂട്ടം വിദ്വാൻമാർ ‘രമണൻ’ എന്ന പേരിൽ അടിച്ചിറക്കിയ പോസ്റ്ററും ഹിറ്റായിരുന്നു. പോസ്റ്റർ കണ്ട് ചിരിക്കാത്തവരായി ആരുമുണ്ടാകില്ല. കാരണം അത്രയേറെ രസകരമായിട്ടാണ് ഹരിശ്രീ അശോകൻ രമണനെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ഈ രമണനെ ഒന്നുകൂടി കണ്ടപ്പോൾ ഹരിശ്രീ അശോകന് എന്തു തോന്നി എന്നറിയണ്ടേ.

സിനിമാ ജീവിതത്തിൽ വന്ന വലിയ ഇടവേളകളെ കുറിച്ചും ഒരുപാട് ശോകങ്ങളിലൂടെ കടന്നുവന്നിട്ടും അശോകനെന്ന പേരിന്റെ അർഥം പോലെ ജീവിതത്തോട് ചേർത്തുനിൽക്കാനായതിനെ കുറിച്ചും ഹരിശ്രീ അശോകൻ സംസാരിക്കുന്നു.

രമണനെ ഇപ്പോഴും മലയാളികൾ മറന്നിട്ടില്ല. കഴിഞ്ഞ ദിവസം ഇറങ്ങിയ ഒരു പോസ്റ്റർ ശ്രദ്ധിച്ചിരുന്നോ? ഒരുപാട് ചിരിപ്പിച്ച ആ പോസ്റ്റർ?

തീർച്ചയായും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. തമാശ പോസ്റ്ററുകളിറക്കുന്ന കുട്ടികള്‍ ചെയ്തതല്ലേ. കളിയാക്കിയതായിട്ടൊന്നും തോന്നിയിട്ടില്ല. ആ കഥാപാത്രം ഇപ്പോഴും പുതിയ കുട്ടികൾക്കിടയിൽ പോലും ജീവിക്കുന്നുവെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. കർണനായിട്ട് അഭിനയിക്കാൻ കഴിവില്ലെങ്കിലും പിന്നെ പോസ്റ്ററിൽ കൂടി എന്നെ കാണാൻ കഴിഞ്ഞപ്പോൾ അതിലും വലിയ സന്തോഷമായി.

ramanan

കർണനെന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ വന്നതിനു പിന്നാലെയാണ് രമണനെത്തിയത്. രമണനെ സിനിമയാക്കിയാൽ അഭിനയിക്കുമോ?

രമണൻ പഞ്ചാബിഹൗസ് എന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ്. റാഫീ മെക്കാർട്ടിൻ ചിത്രം. അതിൽ അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് അഭിനയിക്കുകയാണുണ്ടായത്. പടം ഹിറ്റായി. കഥാപാത്രത്തിന് നല്ല സ്വീകാര്യതയും കിട്ടി. ആ കഥാപാത്രത്തെ വച്ച് റാഫീ മെക്കാർട്ടിൻ സിനിമയാക്കിയാൽ തീർച്ചയായും അഭിനയിക്കും.

ഹാസ്യ കഥാപാത്രങ്ങളിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങൾ ചെയ്ത നടനാണ് താങ്കൾ. പക്ഷേ കരിയറിൽ വലിയ ഇടവേള വന്നിരിക്കുന്നു. മനഃപൂർവ്വമാണോ ഇത്?

ആദ്യം മനഃപൂർവ്വമായിരുന്നു. വീടിന്റെ പണിയും മകളുടെ കല്യാണവുമൊക്കെ ആയിട്ട് കുറച്ചു നാൾ മാറി നിന്നു. പിന്നീട് രംഗത്ത് സജീവമാകണമെന്ന് തീരുമാനിച്ചപ്പോൾ വന്ന കഥാപാത്രങ്ങളൊന്നും എനിക്ക് ഇഷ്ടമായില്ല. എല്ലാം ഒരേ ഗണത്തിൽ പെട്ട കഥാപാത്രങ്ങൾ. കഥയും മോശമായിരുന്നു. നല്ല വേഷങ്ങളൊന്നുമായിരുന്നില്ല. അതുകൊണ്ട് വേണ്ടെന്നു വച്ചു. പിന്നെ ഇപ്പോൾ വ്യത്യസ്തമായ വേഷങ്ങളിൽ ചിലത് വന്നിട്ടുണ്ട്. അത് വഴിയേ അറിയിക്കാം. തമിഴിൽ അഞ്ജേൻ എന്ന ചിത്രമാണ് ചെയ്യുന്നത്. മലയാളത്തിൽ മമ്മൂക്ക നായകനാകുന്ന തോപ്പിൽ ജോപ്പനാണ് അടുത്ത ചിത്രം.

Punjabii house comedy

പുതിയ സംവിധായകരും നടൻമാരും, പ്രത്യേകിച്ച് ഹാസ്യ രംഗത്ത് ഒരുപാടു പേർ കടന്നു വന്നു. ആ കുത്തൊഴുക്കിൽ ഹരിശ്രീ അശോകൻ മാഞ്ഞുപോയോ?

കാലം മാറുകയല്ലേ. കാലത്തിന്റെ മാറ്റമെന്നോണം അത് സംഭവിച്ചു. പുതിയ സംവിധായകർ വന്നു. അവർ പുതിയ ആളുകളെ വച്ച് സിനിമയെടുത്തു. അത് ശ്രദ്ധിക്കപ്പെട്ടപ്പോൾ അവരെ തുടർച്ചയായി അഭിനയിപ്പിച്ചു. അവർ എന്നേക്കാൾ നന്നായി അഭിനയിക്കുന്ന പ്രതിഭയുള്ള താരങ്ങളായതുകൊണ്ടാണ് ആ ചിത്രങ്ങൾ വിജയിച്ചതും.

ഹോട്ടലൊക്കെ തുടങ്ങുന്ന പോലെ. ഒരു പ്രദേശത്ത് ഒരു ഹോട്ടലുണ്ട്. അവിടെ നല്ല തിരക്കാണ്. തൊട്ടടുത്ത് പിന്നീട് പുതിയൊരെണ്ണം വന്നപ്പോൾ അവർ വ്യത്യസ്തമായ ഭക്ഷണമാണ് കൊടുക്കുന്നതെന്നറിഞ്ഞപ്പോൾ അങ്ങോട്ടു പോയി. പിന്നെ അവിടെ മടുത്തപ്പോൾ പഴയതാണ് നല്ലതാണെന്ന് തോന്നുകയാണെങ്കിൽ അവർ മടങ്ങും. അത്രേയുള്ളൂ. പിന്നെ നമുക്ക് കിട്ടാനുള്ള കഥാപാത്രങ്ങൾ നമ്മെ തേടി വരും. വന്നുകഴിഞ്ഞു. ഞാനത്രയേ ചിന്തിക്കുന്നുള്ളൂ.

dileep-harisree

തന്നേക്കാൾ കഴിവുള്ളവർ വന്നു. അതുകൊണ്ട് സിനിമ അവരുടെ വഴിക്ക് പോയി. എന്നു പറയുന്നത് ലാളിത്യംകൊണ്ടല്ലേ. പുതിയ ഹാസ്യ താരങ്ങളെയൊക്കെ ഇഷ്ടമാണോ?

ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം പറയാം. അത് ലാളിത്യം കൊണ്ട് പറയുന്നതല്ല. അതൊരു യാഥാർഥ്യമാണ്. അതിനെ നമ്മൾ ഉൾക്കൊള്ളണം. പിന്നെ പുതിയ താരങ്ങളൊക്കെ നല്ല കഴിവുള്ളവരാണ്. എനിക്കിഷ്ടമാണ്. പക്ഷേ മനസിനെ അറിയാതെ ചിരിപ്പിക്കുന്ന ഒരു കോമഡി കണ്ടിട്ട് നല്ലൊരു ഹാസ്യ ചിത്രം കണ്ടിട്ട് ഏറെ നാളായി. അത് പറയാതിരിക്കാനാകില്ല. കോമഡിക്കായി കോമഡിയുണ്ടാക്കരുത്. സാഹചര്യത്തിനനുസരിച്ച് സ്വാഭാവികമായി വരുന്നതാവണം അത്.

Punjabi House - Dileep Indrans Harisree Comedy

സംസാരത്തിൽ നിരാശ നിഴലിക്കുന്നുണ്ടല്ലോ?

ഇന്ന രാവിലെ കഴിക്കാനെടുത്ത പുഴുങ്ങിയ മുട്ട എന്റെ കയ്യിൽ നിന്ന് താഴെ വീണു. അതിന്റെയൊരു നിരാ‌ശയുണ്ട്(ചിരിക്കുന്നു.) ദുഃഖമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ? ഞാൻ നോക്കിയിട്ട് ഈ ലോകത്ത് ഏറ്റവും സന്തുഷ്ടർ ഭിക്ഷക്കാരാണ്. ഒന്നിനെ കുറിച്ചും കടപ്പാടില്ല. ആവലാതിപ്പെടാതെ, അന്നന്നുള്ള ഭക്ഷണത്തെ കുറിച്ച് മാത്രം ചിന്തിക്കുന്ന, സൗകര്യങ്ങൾ ഇല്ലാത്തതിനെ കുറിച്ചോർത്ത് തലപുണ്ണാക്കാത്ത മനുഷ്യർ. അവരൊഴികെ ബാക്കിയെല്ലാവർക്കും എന്തെങ്കിലുമൊക്കെ ദുഃഖം കാണും. ആ ദുംഖത്തിൽ നിന്ന് സുഖം കണ്ടെത്താൻ നമുക്ക് കഴിയണം. ഞാനങ്ങനെയാണ്.

പിന്നെ സിനിമ കിട്ടാത്തതുകൊണ്ട് ഹരിശ്രീ അശോകന് ദുഃഖമുണ്ടെന്ന് ചിന്തിക്കരുത്. നല്ല കഥാപാത്രങ്ങൾ എന്നെ തേടി വന്നു കഴിഞ്ഞു. തമിഴിൽ ആദ്യമായി ഒരു സിനിമ ചെയ്യുകയാണ്. ഒരു സീരിയസ് കഥാപാത്രം. പിന്നെ സിനിമയില്ലെങ്കിലും ഞാൻ ജീവിക്കും. എസ്എസ്എൽസി കഴിഞ്ഞ് പിക്കാസും എടുത്ത് റോഡു പണിക്കിറങ്ങിയതാണ്. സിനിമയില്ലെങ്കിലും എന്നിലെ കലാകാരൻ അവിടെയുണ്ടാകും. സിനിമയില്ലെങ്കിൽ സ്റ്റേജ്. തെങ്ങിൽ കയറാനായില്ലെങ്കിൽ വേണ്ട കവുങ്ങിൽ കേറാമല്ലോ.

harisree-mammootty

കംഫർട്ടബിൾ ആയ ഏത് ജോലിയും ചെയ്യും. സിനിമയിലേക്ക് വരും മുൻപ് ഞാനൊരുപാട് ദുംഖിച്ചിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. ഇപ്പോൾ എനിക്ക് അത്തരം അവസ്ഥയൊന്നുമില്ല. സിനിമയിൽ എന്നും ആളുകളുടെ മനസിൽ തങ്ങി നിൽക്കുന്ന കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനായി. സിനിമയിലേക്ക് സീറോ ആയിട്ടാണ് വന്നത്. സീറോ ആയി തന്നെ തിരിച്ചുപോകേണ്ടി വന്നില്ല. എന്റെ സൗന്ദര്യത്തിനും കഴിവിനുമിണങ്ങുന്ന ഏത് വേഷവും ചെയ്ത് ഫലിപ്പിക്കാം എന്ന ആത്മവിശ്വാസം ആവോളമുണ്ട്.

ഞാനൊരു കലാ ട്രൂപ്പ് നടത്തുന്നുണ്ട്. അതും നന്നായി പോകുന്നു. ഹരിശ്രീ അശോകൻ അഭിനയിച്ച കഥാപാത്രങ്ങൾ ഇപ്പോഴും ആളുകളുടെ മനസിലുണ്ട്. സ്റ്റേജുകളിലൂടെയാണ് ഞാൻ സിനിമയിലെത്തിയത്. ട്രൂപ്പിന്റെ പരിപാടികള്‍ക്കൊക്കെ പോകുമ്പോൾ പഴയ ആ സുഖം ഞാൻ ഞാൻ തിരിച്ചറിയുന്നുണ്ട്. സ്റ്റേജിൽ നിന്നും കിട്ടിയ ആ പഴയ സുഖം. പിന്നെ ഞാനെന്തിന് നിരാശപ്പെടണം.

Kinnam Katta Kallan Movie Clip 4 | Jagathy & Harisree Ashokan Comedy

ഹാസ്യ താരമായി ബ്രാൻഡ് ചെയ്യപ്പെട്ടതിൽ വിഷമമുള്ളതുപോലെ?

അങ്ങനൊരിക്കലും ചിന്തിക്കരുത്. ഹാസ്യം എന്റെ റേഷനരിയാണ്. ഹാസ്യം പറഞ്ഞാണ് ഞാൻ സിനിമയിലെത്തിയത്. ഹാസ്യം തന്നെ ചെയ്ത് ഫലിപ്പിക്കാൻ വല്യ ബുദ്ധിമുട്ടാണ് ഹാസ്യം അഭിനയിച്ചു ഫലിപ്പിക്കാൻ എന്ത് ബുദ്ധിമുട്ടാണെന്നറിയാമോ? പലരുടെയും ചിന്ത വളരെ എളുപ്പമാണ് അതെന്നാണ്. ഒരിക്കലുമല്ല. ഹാസ്യം പറയുമ്പോൾ ചിരിച്ചില്ലെങ്കിൽ ഹാസ്യം ചെയ്യുന്നയാൾ ബിഗ് സീറോ ആയി പോകും.

mohanlal-harisree

പക്ഷേ ഹാസ്യത്തിനപ്പുറമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ തമിഴിൽ വന്നിരിക്കുന്ന ചിത്രം അതുപോലത്തെയാണ്. ബാവുട്ടിയുടെ നാമത്തിലെന്ന ചിത്രത്തിൽ രഞ്ജിത് ചേട്ടനും ജി എസ് വിജയനുമാണ് വില്ലൻ വേഷം എനിക്ക് തന്നത്. അത് ശ്രദ്ധിക്കപ്പെട്ടു. അത്തരത്തിലുള്ള വ്യത്യസ്തമായ വേഷങ്ങളാണ് ചെയ്യാൻ പോകുന്നത്. ( രഞ്ജിത് ചേട്ടനോ എന്നു ചോദിച്ചപ്പോൾ...എനിക്കത്ര പ്രായമൊന്നുമല്ല. നേരത്തേ കല്യാണം കഴിച്ചു കുട്ടികളുണ്ടായി. അതുകൊണ്ടാ ഹരിശ്രീ അശോകൻ പറഞ്ഞു).

ഹാസ്യ നടൻമാരിൽ പലരുടെയും ജീവിതം കേള്‍ക്കുമ്പോൾ തോന്നിയിട്ടുണ്ട് അവർ കടന്നുവന്ന വഴികളിലെ കഠിനതകളാണ് ഹാസ്യ നടനാക്കിയതെന്ന്. ഹരിശ്രീ അശോകനെന്ന നടനുണ്ടായത് അതുകൊണ്ടാണോ?

അച്ഛനും അമ്മയ്ക്കും ഞങ്ങൾ ഒൻപത് മക്കളാണ്. പട്ടിണിയും ദാരിദ്ര്യവുമൊക്കെയായിട്ട് അടിച്ചുപൊളിച്ച് കഴിയുകയായിരുന്നു. ഞാൻ നേരത്തേ പറഞ്ഞ പോലെ എന്തിലും തമാശ കണ്ടുപിടിക്കാൻ ഞാൻ അന്നേ വിരുതനാണ്. സ്കൂളിൽ പഠിക്കുമ്പോൾ മിമിക്രിയും മോണോ ആക്ടും നാടവും ഒക്കെ ചെയ്യുമായിരുന്നു. അങ്ങനെയാണ് തുടക്കം. പിന്നീട് വിശപ്പ് മാറ്റാൻ മോണോ ആക്ടും നാടകവും ഒക്കെ ചെയ്തിട്ടുണ്ട്. ഈ അനുഭവങ്ങളാണോ എന്നെ ഹാസ്യനടനാക്കിയതെന്നറിയില്ല. പക്ഷേ എന്ത് കാര്യത്തിലും തമാശ കണ്ടെത്താൻ അന്നേ കഴിയുമായിരുന്നു.

Chronic Bachelor Malayalam Movie Comedy Scene mukesh and harisree ashokan

മെഗാ ഷോയെ കുറിച്ച് പറയാമോ?

ഫൈവ് മെന്‍ ആർമിയെന്നാണ് എന്നാണ് മെഗാ ഷോയുടെ പേര്. ഇരുപത്തിയേഴ് കലാകാരൻമാരുടെ സംഘം. കോമഡിയും നൃത്തവും പാട്ടുമൊക്കെയായി മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടി. കേരളത്തിനകത്തും പുറത്തുമായി പന്ത്രണ്ടോളം സ്റ്റേജുകൾ പിന്നിട്ടു കഴിഞ്ഞു. ഏപ്രിലിൽ അമേരിക്ക, പിന്നെ മലേഷ്യ, സിംഗപ്പൂർ, ഖത്തർ, ജർമ്മനി ,ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് ഷോ അവതരിപ്പിക്കുവാൻ പോകുന്നുണ്ട്.

മഴവിൽ മനോരമയിലെ കോമഡി പരിപാടിയിലെ സൂപ്പർ കിങ്സ് എന്ന ഗ്രൂപ്പിലുള്ളവരാണ് എന്നോടൊപ്പം ഹാസ്യം ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തരായ പാട്ടുകാരാണ് ഗായക സംഘത്തിലുള്ളത്. ഉഗ്രം ഉജ്ജ്വലം എന്ന പരിപാടിയിലൂടെ ശ്രദ്ധയാകർഷിച്ച നർത്തകരാണ് ട്രൂപ്പിലുള്ളത്. തികച്ചും വ്യത്യസ്തമായിട്ടാണ് ഈ പരിപാടിയുടെ അവതരണ ശൈലി. പിന്നിട്ട സ്റ്റേജുകളിൽ നിന്നെല്ലാം ആളുകളുടെ നല്ല പ്രതികരണമാണ് കിട്ടിയത്.

കുടുംബം

ഞാനും ഭാര്യയും മകനും പിന്നെ എന്റെ അമ്മയും അടങ്ങുന്ന കുടുംബം. മകൾ ശ്രീക്കുട്ടിയുടെ കല്യാണം കഴിഞ്ഞു. ഖത്തറിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നു. അവൾ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷാണ് പഠിച്ചത്. മകൻ അർജുന് ബിസിനസാണ്. രണ്ട് സിനിമയിൽ അഭിനയിച്ചു. അവന് സിനിമയിഷ്ടമാണ്. നല്ല വേഷങ്ങൾ കിട്ടാനായി കാത്തിരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.