എന്നെക്കണ്ടു ചിരിച്ചല്ലോ, എനിക്കതു മതി

നാട്ടിലുണ്ടാകുന്ന നിസാര പ്രശ്നങ്ങൾക്കിടയിൽ കയറിവന്ന്...ഞാൻ തിരുവനന്തപുരത്തേക്കൊന്ന് വിളിച്ചാലോ എന്ന് പറഞ്ഞ് വീമ്പിളക്കുന്ന കക്ഷികളെ നമ്മൾ സിനിമയിലൊരുപാട് കണ്ടിട്ടുണ്ട്. ഉഡായിപ്പ് രാഷ്ട്രീയക്കാരുടെ വേഷം നമുക്കേറെ ഇഷ്ടവുമാണ്. അക്കൂട്ടത്തിലേക്കാണ് ആക്ഷന്‌ ഹീറോ ബിജുവിലെ പൊട്ടക്കുഴി ജോസും. എസ് ഐ ബിജു പൗലോസിൽ നിന്ന് എന്തുകേട്ടിട്ടും ഒരു ചമ്മലുമില്ലാതെ വട്ടം ചുറ്റുന്ന പൊട്ടക്കുഴി ജോസിനെ അവതരിപ്പിച്ചത് അലക്സാണ്ടർ പ്രശാന്ത്. പൊട്ടക്കുഴി ജോസ് ഒരു പൊട്ടൻ രാഷ്ട്രീയ നേതാവാണെങ്കിലും പ്രശാന്തിന് അയാൾ മുത്താണ്. കാരണം പതിനാല് വർഷം നീണ്ട അഭിനയ ജീവിതത്തിനിടയിൽ കൈയിൽ വന്ന ശ്രദ്ധിക്കപ്പെട്ട വേഷമാണിത്...

ഞാന്‍ നന്നായെന്ന്...

അവതാരകനായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ഞാനെത്തുന്നത്. ആദ്യം ഓർഡിനറിയിലൂടെയും ഇപ്പോൾ ആക്ഷൻ ഹീറോ ബിജുവിലൂടെ ഒരു അഭിനേതാവാണെന്ന് തെളിയിക്കാൻ കൂടി എനിക്കായി. പക്ഷേ നല്ല വേഷങ്ങള്‍ എന്നിലേക്ക് കൂടുതലെത്തിയത് ആക്ഷൻ ഹീറോ ബിജുവിലൂടെയാണ്. അതാണ് ഈ ചിത്രത്തിലൂടെ കിട്ടിയ ഏറ്റവും വലിയ സന്തോഷം. അഭിനയം കുറച്ചുകൂടി നന്നായിട്ടുണ്ടെന്നാണ് കൂട്ടുകാരൊക്കെ പറഞ്ഞതും. എനിക്കും അങ്ങനെ തോന്നുന്നു.

പിന്നെ പതിനാലു വർഷമായി സിനിമയിലേക്ക് വന്നിട്ട്. എന്നിട്ടും ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്യാനായില്ല. നമ്മൾ എന്ന ചിത്രത്തിനു ശേഷം ടൂ വീലർ എന്ന ചിത്രമാണ് ചെയ്തത്. പക്ഷേ ടൂ വീലർ റിലീസാകുന്നത് പതിനൊന്ന് വർഷത്തിനു ശേഷമായിരുന്നുവെന്നതിനാൽ അതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല.

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രം അന്ന് ശ്രദ്ധിക്കപ്പെട്ടില്ല. ഓർഡിനറിയിലും ചെയ്തത് നല്ല വേഷമായിരുന്നു. അതിനും വലിയ മാറ്റങ്ങളൊന്നും കൊണ്ടു തരാനായില്ല. സിനിമയിൽ ചെയ്തതൊക്കെ നല്ല വേഷങ്ങളായിരുന്നിട്ടും അതിനെ പിന്തുടർന്ന് പിന്നീട് നല്ലതൊന്നും വന്നില്ല. പക്ഷേ ആക്ഷൻ ഹീറോ ബിജുവിനു ശേഷം മൂന്ന് സിനിമകൾ വന്നു.

1983 എന്ന നഷ്ടവും നേട്ടവും

എബ്രിഡ് ഷൈനിന്റെ 1983 എന്ന ചിത്രമാണ് സത്യത്തിൽ ആക്ഷൻ ഹീറോ ബിജുവിലേക്ക് എത്തിച്ചതെന്നു പറയാം. 1983ൽ പ്രജോദ് ചെയ്ത വേഷം ഞാൻ ചെയ്യേണ്ടതായിരുന്നു. പക്ഷേ ഗോഡ്സ് ഓൺ കൺട്രിയുമായി ഡേറ്റ് പ്രശ്നമായതിനാൽ 1983 ഉപേക്ഷിക്കേണ്ടി വന്നു. അന്നു തുടങ്ങിയതാണ് ഷൈനുമായുള്ള സൗഹൃദം. ചിത്രം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഞങ്ങൾക്കിടയിൽ പരിഭവമൊന്നുമുണ്ടായില്ല. മാത്രമല്ല ആക്ഷൻ ഹീറോ ബിജു വന്നപ്പോൾ അതിൽ എനിക്കായി ഒരു വേഷം നീക്കിവയ്ക്കുകയും ചെയ്തു. ചിത്രം കണ്ടതിനു ശേഷം എന്നിലെ നടൻ കൂടുതൽ ആൾക്കാരിലേക്കെത്തി. 1983ൽ അഭിനയിക്കാനായില്ലെങ്കിലും അതിനു പകരം വന്ന വേഷം ജീവിതത്തിൽ വലിയ മാറ്റംകൊണ്ടു വന്നു.

എന്നെക്കണ്ട് ആൾക്കാർ ചിരിച്ചല്ലോ എനിക്കതുമതി

ആക്ഷൻ ഹീറോ ബിജു കാണാൻ തീയറ്ററിൽ പോയപ്പോഴാണ് സത്യത്തിൽ എനിക്ക് ആ വേഷത്തിന്റെ പ്രാധാന്യം കൂടുതൽ മനസിലായത്. എന്നെക്കണ്ട് ആളുകൾ ചിരിക്കുന്നു. വില്ലൻ വേഷം ചെയ്ത് പരിചയമുള്ള ഒരാളെ സംബന്ധിച്ച് അത് വലിയ പിന്നെ ഇതൊന്നും എന്റെ വിജയമായി കരുതുന്നില്ല. ആഴത്തിലുള്ള കഥയില്ലാത്ത, പുതിയ അവതരണ രീതിയുള്ള ഒരുപാട് പുതുമുഖങ്ങളുള്ള ചിത്രത്തിൽ പെട്ടെന്ന് വന്നു പോകുന്ന ഒരാൾക്ക് ഇത്രയധികം ജനശ്രദ്ധ കിട്ടിയെങ്കിൽ അത് സംവിധായകന്റെ മികവാണ്. ചിത്രത്തിൽ ഒരുപാട് പുതുമുഖങ്ങളുണ്ടായതും എന്റെ വേഷത്തിന് ഗുണം ചെയ്തു. അവർക്കിടയിൽ കുറച്ച് പരിചയ സമ്പന്നനായ ഒരാളെ കാണുമ്പോൾ ആളുകൾ ശ്രദ്ധിക്കുമല്ലോ.

പരീക്ഷണങ്ങളില്ലാതെ പോയത് ദോഷമായി

സംവിധാന രംഗത്തെ കുലപതികളുടെ സിനിമകൾ നിറഞ്ഞോടുന്ന സമയത്തായിരുന്നു ഞാനൊക്കെ സിനിമയിൽ വന്നത്. ഷാജി കൈലാസ്, സിബി മലയിൽ, കമല്‍, കെ മധു തുടങ്ങിയവരൊക്കെ സംവിധായകരായി തിളങ്ങി നിൽക്കുന്ന സമയത്ത്. അവർ അവരുടെ ചിത്രങ്ങളിലേക്ക് തെരഞ്ഞെടുത്തതും പ്രഗത്ഭരായ നടൻമാരെയായിരുന്നു. സഹനടൻമാരായും വേറെയും വൻനിര. അതിനിടയിൽ പുതിയ നടൻമാരുമായി പരീക്ഷണങ്ങളിലേക്ക് പോകാൻ അവർക്കാകുമായിരുന്നില്ല. അത് ഞങ്ങളെ പോലുള്ള പുതുമുഖങ്ങൾക്ക് പ്രശ്നമായി. ഇന്ന് അങ്ങനയല്ല. പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരും പുതുമുഖങ്ങളെ കാത്തിരിക്കുന്നവരുമാണ് സംവിധായകർ. അവർക്കിന്നതിനുള്ള സാഹചര്യമുണ്ട്. അതിനേറ്റവും നല്ല ഉദാഹരണമാണ് ആക്ഷൻ ഹീറോ ബിജു.

എന്തുകൊണ്ട് എനിക്കിങ്ങനെ ചെയ്യുവാനായി

ചിത്രത്തിലെ ഓരോ കഥാപാത്രത്തെ കുറിച്ചും ഷൈനിന് വ്യക്തമായ ചിത്രമുണ്ടായിരുന്നു. ഡയലോഗുകള്‍ എങ്ങനെ അവതരിപ്പിക്കണമെന്നൊക്കെ നമ്മളുമായി ആശയം പങ്കുവയ്ക്കും. പിന്നെ എന്റെ മനസിലെ ഒരു രാഷ്ട്രീയക്കാരന്റെ ചിത്രവും മനസിലുണ്ടായിരുന്നു. തെറി കേട്ടാൽ ചിരിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ. 'ഊള രാഷ്ട്രീയക്കാരനെ പോലെ തന്നെയുണ്ടെന്നായിരുന്നു' കൂട്ടുകാരിൽ നിന്നൊക്കെ കമന്റ്.

പ്രേക്ഷകരും ചാനലുകളിലെ നിരൂപകരും

ആക്ഷൻ ഹീറോ ബിജു പുറത്തിറങ്ങിയതു മുതൽ ഒരുപാട് നെഗറ്റീവ് ആയ പ്രചരണങ്ങളായിരുന്നു ചിത്രത്തെ കുറിച്ച്. ആരാണ് അതൊക്കെ പടച്ചുവിട്ടതെന്നറിയില്ല. എന്നിട്ടും ആ സിനിമ ഇന്നും ആദ്യം റിലീസ് ആയ തീയറ്ററുകളിൽ നിറഞ്ഞോടുന്നു. അത് പ്രേക്ഷകരുടെ അംഗീകാരമാണ്. ഫേസ്ബുക്ക് നിരൂപകരും എതിർ പ്രചരണങ്ങളും പെയ്ഡ് ന്യൂസുകളും ഒരുപാടുണ്ടായിട്ടും തീയറ്റുകളിൽ ആ സിനിമ കാണാൻ പോയ പ്രേക്ഷകരെ അഭിനന്ദിക്കണം. ഫിലിം ഇഷ്ടപ്പെടുന്നവരുടെ എണ്ണം ഒരുപാട് കൂടിയത് ഞാനടങ്ങുന്ന നടൻമാർക്കും പരീക്ഷണങ്ങൾ ചെയ്യുന്ന സിനിമകൾക്കും ഒരുപാട് ഉപകാരപ്പെട്ടു. മഹേഷിന്റെ പ്രതികാരവും, ആക്ഷൻ ഹീറോ ബിജുവും ഹിറ്റായതും അതുകൊണ്ടാണ്.

ഇത് വലിയ ദ്രോഹം

ഒരു ചിത്രത്തെയും ഇങ്ങനെ ദ്രോഹിക്കരുത്. അത്രയേറെ വലിയ പ്രചരണമാണ് ആക്ഷൻ ഹീറോ ബിജുവിനെതിരെ നടന്നത്. ഒരു അജണ്ടയിട്ടുള്ള പ്രചരണമായിരുന്നു നടന്നത്. ഇത് ആരാണെന്നൊന്നുമറിയില്ല. പണ്ട് കുഞ്ചാക്കോ ബോബൻ ചിത്രങ്ങളോട് കോളെജ് പയ്യൻമാർക്ക് കുശുമ്പായിരുന്നു. നിവിനെന്ന നടന്റെ വളർച്ചയിൽ അസൂയ പൂണ്ടവർ പോലും ഈ പ്രചരണങ്ങൾക്ക് പിന്നിലുണ്ടാകാം. എന്തൊക്കെയായാലും ചിത്രം നന്നായി പോകുന്നുവെന്നതിൽ സന്തോഷം

പുതിയ സിനിമകൾ? കുടുംബം?

പാവ, ഒരു മറൈ വന്ത് പാറായ, അവരുടെ രാവുകൾ എന്നിവയാണ് പുതിയ ചിത്രങ്ങൾ. പിന്നെ വീട്ടിൽ ഭാര്യയും മകനുമുണ്ട്. ഭാര്യ ഷീബ അസിസ്റ്റന്റ് പ്രൊഫസറാണ്. രക്ഷിത് ആണ് മകൻ.