രൺജി കിങ് പണിക്കർ‌ ! നിവിൻ‌ അടിപോളി

ലക്ഷ്മി രാമകൃഷ്ണൻ, നിവിൻ പോളി

മലയാള സിനിമ കുറച്ചുകാലമായി അനുഭവിക്കുന്ന ഒരുവിടവുണ്ടായിരുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ. വിരലിലെണ്ണാവുന്ന ശക്തമായ സ്ത്രീകഥാപാത്രങ്ങൾ സ്ക്രീനിൽ എത്തിയെങ്കിലും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തിന്റെ വരവിനായി മലയാളികാത്തിരുന്നു. ആ കാത്തിരിപ്പിന്റെ അവസാനമാണ് വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ഷേർലി ജേക്കബ്. ഷേർലി ജേക്കബ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ലക്ഷ്മി രാമകൃഷ്ണൻ മനോരമ ഓൺലൈനുമായി സന്തോഷം പങ്കുവെക്കുന്നു.

ഷേർലിയായി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നല്ലോ. എങ്ങനെയുണ്ടായിരുന്നു അനുഭവം?

നല്ല ടീമും നല്ല റോളും കിട്ടിയാൽ ഒരു അഭിനേത്രിക്ക് സന്തോഷിക്കാൻ ഇതിൽപ്പരം എന്തുവേണം. ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് ഒരുപാട് സന്തോഷം തന്ന വേഷമാണ് ഷേർലി. നടൻ അല്ലെങ്കിൽ നടി കിട്ടുന്ന വേഷത്തിൽ സംതൃപ്തരാണെങ്കിൽ അവർ അവരുടെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കും എന്നാണ് പറയുന്നത്. ഞാനും അതാണ് ചെയ്തത്.

ഷേർലിയാകാനുള്ള ക്ഷണം സ്വീകരിച്ചതെങ്ങനെയാണ്?

കാസ്റ്റിങ്ങ് ഡയറക്ടർ ദിനേശാണ് ആദ്യം എന്നെ വിളിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സിനിമയാണെന്ന് പറഞ്ഞു. ഞാനപ്പോൾ എന്റെ ആദ്യ സിനിമാസംവിധാനത്തിന്റെ തിരക്കിലായിരുന്നു. പക്ഷെ വിനീത് ശ്രീനിവാസൻ എന്ന സംവിധായകനോടുള്ള ഇഷ്ടക്കൂടുതലുള്ളതുകൊണ്ട് കഥ കേട്ടിട്ട് ഇഷ്ടമായാൽ ഉറപ്പായും ചെയ്യാമെന്ന് വാക്കുകൊടുത്തു. അങ്ങനെയാണ് വിനീത് കഥപറയാൻ ചെന്നൈയിൽ വരുന്നത്. ഷൂട്ടിങ്ങ് കൂടുതലും ദുബായിൽ ആയിരിക്കുമെന്നു പറഞ്ഞു. ഞാൻ നാലുദിവസത്തിൽ കൂടുത‌ൽ ഒരിക്കലും വീട്ടിൽ നിന്നും മാറി നിൽക്കാറില്ല. പക്ഷെ ഇത് അത്ര നല്ല കഥാപാത്രമായതുകൊണ്ട് 25 ദിവസമാണ് ഷേർലിക്കായി മാറ്റിവെച്ചത്.

വിനീത് എങ്ങനെയാണ് ലക്ഷ്മി രാമകൃഷ്ണൻ എന്ന നടിയിൽ ഷേർലിയെ കണ്ടെത്തുന്നത്?

ഞാൻ ഈ ചോദ്യം വിനീതിനോട് ചോദിച്ചിരുന്നു. വിനീത് എന്റെ യുദ്ധംസെയ് എന്ന ചിത്രം കണ്ടിരുന്നു. മിഷ്കിന്റെ തമിഴ് സിനിമയാണത്. ആ സിനിമയ്ക്കുവേണ്ടി തല മൊട്ടയടിക്കുകയൊക്കെ ചെയ്തിരുന്നു. അതുപോലൊരു ബോൾഡ് കാരക്ടറിനെയാണ് ഷേർലിയാകാനും വേണ്ടതെന്ന് വിനീത് പറഞ്ഞു.

യഥാർഥ ജീവിതത്തിലെ ഷേർലിയെ അടുത്തറിഞ്ഞപ്പോഴുണ്ടായ അനുഭവം എങ്ങനെയായിരുന്നു?

ഷൂട്ടിങ്ങ് സ്ഥലത്ത് യഥാർഥ ഷേർലി വന്നിരുന്നു. ഞങ്ങൾ വേഗം സുഹൃത്തുക്കളായി. ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിട്ട് പിടിച്ചു നിന്ന് ആ കുടുംബത്തെ കരകയറ്റിയ വ്യക്തിയാണവർ. റിയലി ഇൻസ്പയറിങ്ങ്. ഞങ്ങൾ വേഗം നല്ല സുഹൃത്തുക്കളായി. ഞങ്ങൾ രണ്ടുപേർക്കും കാഴ്ച്ചയിലും സമാനതകളുണ്ട്. അവരെ സംബന്ധിച്ച് ഈ സിനിമ വൈകാരികമായ അടുപ്പം കൂടിയാണ്, അതുകൊണ്ടാണ് എന്നോടും ഇത്ര അടുപ്പം കാണിച്ചത്. സിനിമ റിലീസ് ആയ ദിവസം എന്നെ അവർ വിളിച്ചിരുന്നു. ശരിക്കും ഷേർലിയെപ്പോലെ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ യഥാർഥ ജീവിതത്തിൽ പടപൊരുതുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെയൊക്കെ പലപ്പോഴും നമ്മൾ കാണാതെ പോകുന്നുണ്ട്.

നിവിൻപോളി-രൺജിപണിക്കർ കൂട്ടുകെട്ടിനൊപ്പമുള്ള അനുഭവം?

‌ഇമോഷണൽ സീനികളിലൊക്കെ രൺജിപണിക്കർ തകർത്തില്ലേ. സ്ത്രീകൾക്ക് ഇമോഷണൽ രംഗങ്ങൾ കൈകാര്യം ചെയ്യാൻ അത്ര പ്രയാസമില്ല. പക്ഷെ പുരുഷന്മാർക്ക് വികാരഭരിതമായ കണ്ണുനിറയുന്ന രംഗങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നത് അൽപ്പം പ്രയാസമുള്ള കാര്യമാണ്. അതുപക്ഷെ രൺജി അനായാസമായി കൈകാര്യം ചെയ്തു.

നിവിൻപോളി സിനിമയോട് വളരെയേറെ ആത്മാർഥതയുള്ള നടനാണ്. ഞങ്ങൾ തമ്മിൽ രസകരമായ ഒരുപാട് രംഗങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മുടെ എതിരെ നിൽക്കുന്ന ആക്ടറുടെ റിയാക്ഷൻസ് മികച്ചതാണെങ്കിൽ നമ്മുടെ പ്രകടനവും മികച്ചതാക്കാൻ സാധിക്കും. നിവിൻപോളി എന്ന നടനിൽ നിന്നും അതരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.

ചക്കരമുത്തിലെ കഥാപാത്രവും വളരെ ബോൾഡായിരുന്നു. പക്ഷെ അത് ശ്രദ്ധിക്കപ്പെടാതെപോയതിൽ വിഷമമുണ്ടോ?

കഥാപാത്രം നന്നായി ശ്രദ്ധിക്കപ്പെട്ടു. ദൗർഭാഗ്യവശാൽ പക്ഷെ സിനിമ പരാജയമായിരുന്നു. ചക്കരമുത്തിലെ റോളിനെക്കുറിച്ച് ഇന്നും പലരും സംസാരിക്കാറുണ്ടായിരുന്നു. മലയാളത്തിൽ ഞാൻ ചെയ്ത അഞ്ചു പടങ്ങളും കഷ്ടകാലത്തിന് പരാജയപ്പെട്ടു. പക്ഷെ തമിഴിൽ 40 സിനിമകളിലധികം അഭിനയിച്ചു. അത് മിക്കതും ഹിറ്റായിരുന്നു. മലയാളത്തിലെ എന്റെ ആദ്യത്തെ ഹിറ്റാണ് ജേക്കബിന്റെ സ്വർഗരാജ്യം.

മലയാളത്തിലെ പ്രേക്ഷകരും തമിഴിലെ പ്രേക്ഷകരും തമ്മിലുള്ള വ്യത്യാസം എന്താണ്?

മലയാളത്തിലെ പ്രേക്ഷകർ കുറച്ചുകൂടി പക്വതയുള്ളവരാണ്. ജേക്കബിന്റെ സ്വർഗരാജ്യം പോലെയോ മഹേഷിന്റെ പ്രതികാരം പോലെയോ ഉള്ള ഒരു സിനിമ തമിഴ്നാട്ടിലെ പ്രേക്ഷകർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ലോകത്തിലെ തന്നെ മികച്ച ഇൻഡസ്ട്രികളിൽ ഒന്നാണ് മലയാളം. 80കളിലും 90കളിലൂമൊക്കെയുള്ള മലയാളം സിനിമ എന്തായിരുന്നു. അത്തരമൊരു സുവർണ്ണകാലമൊന്നും ഒരു ഇൻഡസ്ട്രിക്കുമില്ല. ഹിന്ദിയിൽ പിന്നെയും മാറ്റങ്ങളുണ്ട്. പക്ഷെ മലയാളസിനിമയിലേതുപോലെയുള്ള പ്രമേയങ്ങൾ കൊണ്ടുവരാൻ തമിഴ്സിനിമ ഇനിയും ഒരുപാട് സഞ്ചരിക്കണം.

സംവിധായികയായി മൂന്നാമത്തെ ചിത്രം

അമ്മിണിയെന്നാണ് സിനിമയുടെ പേര്. സുബ്ബലക്ഷ്മി അമ്മയാണ് നായിക. തെരുവിൽ ആക്രിപെറുക്കിവിറ്റ് ജീവിക്കുന്ന വയസ്സായ ഒരു സ്ത്രീയുടെ കഥയാണ്. സംവിധായിക എന്ന നിലയിൽ സുബ്ബലക്ഷ്മി അമ്മ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഈ പ്രായത്തിലും അവർ കാണിക്കുന്ന ഊർജം എത്ര വലുതാണെന്ന് അറിയാമോ? റയിൽപാളത്തിന്റെ അടുത്തുള്ള ഒരു ചെറിയ വീട്ടിൽ താമസിക്കുന്നതാണ് അമ്മിണിയെന്ന കഥാപാത്രം. ട്രെയിൻ സമീപത്തൂടെ പോകുമ്പോൾ സുബ്ബലക്ഷ്മിയമ്മയുടെ ശരീരം മുഴുവൻ വിറയ്ക്കും അവരിപ്പോൾ വീണുപോകുമെന്ന് വിചാരിക്കും. പക്ഷെ അവർ മനസ്സിന്റെ കരുത്തിൽ പിടിച്ചുനിന്ന് നന്നായി അഭിനയിച്ചു.

ചെരുപ്പില്ലാതെ റയിൽവെട്രാക്കിലെ കല്ലിലൂടെയൊക്കെ നടന്നിട്ടുണ്ട് അമ്മ. അമ്മയ്ക്ക് പക്ഷെ ഒരുപ്രശ്നമുണ്ട്, മേക്കപ്പ് ഒരു വീക്ക്നസ്സാണ്. അമ്മിണി എന്ന കഥാപാത്രത്തിന് മേക്കപ്പിന്റെ ആവശ്യമില്ല. പക്ഷെ ഞാൻ അറിയാതെ അമ്മ മേക്കപ്പൊക്കെ ചെയ്യും. ഞാൻ അത് എല്ലാം തുടപ്പിക്കും. സിനിമയിലൂടെ സുബ്ബലക്ഷ്മിയമ്മയ്ക്ക് അവർ അർഹിക്കുന്ന അംഗീകാരം കിട്ടണമെന്നാണ് എന്റെ ആഗ്രഹം.