ഇവിടെ; എന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രം

സിനിമ എന്ന രൂപം ഇന്ത്യയിലായാലും അമേരിക്കയിലായാലും ഫ്രാന്‍സിലായാലും അടിസ്ഥാനപരമായി മനുഷ്യരെക്കുറിച്ചുള്ളതാണ്. മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും വികാരപരതകളും ഇല്ലാതെ സിനിമ ഇല്ല. ഇത് ഏറ്റവും നന്നായി മലയാളിക്കു കാണിച്ചു തന്നിട്ടുണ്ട് സംവിധായകന്‍ ശ്യാമപ്രസാദ് തന്റെ സിനിമകളിലൂടെ. 'അകലെ', 'ഒരേ കടല്‍', 'അരികെ', 'ഋതു', 'ആര്‍ട്ടിസ്റ്റ്' ഇങ്ങനെ നീളുന്ന ലിസ്റ്റിലേക്കു അദ്ദേഹം ഏറ്റവും പുതിയതായി കൂട്ടിച്ചേര്‍ക്കുന്നു ' ഇവിടെ'. ശ്യാമപ്രസാദ് മനോരമ ഓണ്‍ലൈനിനോട്:

താങ്കളുടെ ആദ്യ കൊമേഴ്സ്യല്‍ ചിത്രം എന്നതാണ് 'ഇവിടെ'യുടെ പ്രത്യേകത..

സിനിമയെ ഏതെങ്കിലും ഒരു ഗണത്തില്‍പ്പെടുത്തുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാത്തരം പ്രേക്ഷകരിലും സിനിമ എത്തിച്ചേരേണ്ടതാണ്. പുതിയ ഒരനുഭവലോകം ഈ സിനിമയ്ക്കുണ്ട്. എന്റെ ഐഡന്റിറ്റി വിട്ടുകളയാതെയാണ് സിനിമ എടുത്തിരിക്കുന്നത്. നന്നാകും എന്ന ഉത്തമബോധ്യത്തോടുകൂടിത്തന്നെയാണ് ഈ സിനിമയും ചെയ്തിരിക്കുന്നത്്.

ഇതുവരെ ചെയ്ത മറ്റു സിനിമകളില്‍ നിന്നും എങ്ങനെ ഈ സിനിമ വ്യത്യാസപ്പെട്ടിരിക്കുന്നു?

പ്രമേയത്തിലും പശ്ചാത്തലത്തിലും വ്യത്യാസമുണ്ട്. മനുഷ്യരുടെ കഥ പറയുമ്പോള്‍ ബന്ധങ്ങളും വൈകാരികതകളും ഒഴിവാക്കാനാവില്ല. പലരീതിയിലുള്ള പ്രകാശന തലങ്ങള്‍ സിനിമയ്ക്കുണ്ട്. അത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു 'ഇവിടെ'യില്‍.

ഹോളിവുഡ് സിനിമയുടെ പ്രതീതി ട്രെയ്ലറുകള്‍ ഇപ്പോള്‍ തന്നെ നല്‍കിയിരിക്കുന്നു. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഈ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരും വിദേശികളാണ്. കൂടുതല്‍ വിശദീകരിക്കാമോ?

'ഇവിടെ' യുടെ സാങ്കേതിക പ്രവര്‍ത്തകര്‍ വിദേശികളാണ്. അഭിനേതാക്കളിലും വിദേശികളായവര്‍ ഉണ്ട്. അവരുടെ കാഴ്ച പുതിയതാണ്. പുതിയ തലത്തിലുള്ള വീക്ഷണങ്ങളും മറ്റും ഇവിടെയുണ്ട്. നിര്‍മാണ സാഹചര്യങ്ങള്‍ പൂര്‍ണമായും അമേരിക്കയിലാണെങ്കിലും ഏതൊരു മലയാളിക്കും സ്വയം കണ്ടെത്താം. ബന്ധിപ്പിക്കാം. ഈ സിനിമയുടെ വൈദേശിക തലം അതിനൊരു തടസമാവില്ല.

ട്രെയ്ലറില്‍ സംഭാഷണങ്ങള്‍ ഇംഗീഷിലുണ്ട്. ഒരു സാധാരണക്കാരനായ മലയാളിയുടെ സിനിമാ ആസ്വാദനത്തിന് ഇത് തടസമാകുമോ?

അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ഇംഗീഷ് വരിക സ്വാഭാവികവും അത്യാവശ്യവുമാണ്. ശൈലി കാണിക്കാന്‍ വേണ്ടിയല്ല 'ഇവിടെ'യില്‍ ഇംഗിഷ് ഉപയോഗിച്ചിരിക്കുന്നത്. സിനിമയുടെ പരിസ്ഥിതി അതാവശ്യപ്പെട്ടു. ഏതൊരു സാധാരണക്കാരനും മനസിലാക്കുന്ന വിധത്തില്‍ സിനിമ ആസ്വദിക്കാന്‍ സബ് ടൈറ്റില്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് പ്രേക്ഷകര്‍ക്കാര്‍ക്കും മനസിലാവാതെ വരില്ല.

യുവ താരങ്ങളില്‍ പ്രമുഖരായ പൃഥ്വിരാജ്, നിവിന്‍പോളി, ഭാവന എന്നിവര്‍ എങ്ങനെ ഈ സിനിമയ്ക്കുവേണ്ടി സഹകരിച്ചു?

പൃഥ്വിരാജുമായും നിവിന്‍പോളിയുമായും ഞാന്‍ മുമ്പ് സിനിമകള്‍ ചെയ്തിട്ടുണ്ട് കൂടുതല്‍ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ സിനിമയെ കുറിച്ച് കൂടുതല്‍ ധാരണ നടീനടന്മാര്‍ക്ക് ഉണ്ടാകും. 'ഇവിടെ'യില്‍ അഭിനയിക്കാനെത്തിയപ്പോള്‍ പൃഥ്വിരാജില്‍ തികച്ചും ഒരു പ്രൊഫഷണലിനെ ഞാന്‍ കണ്ടു. സിനിമയുടെ നാനാവശങ്ങളെക്കുറിച്ചും മനോഹരിതയെക്കുറിച്ചും പൃഥ്വിക്കിപ്പോള്‍ അറിയാം. ഞാന്‍ 'അകലെ' ചെയ്യുമ്പോള്‍ അദ്ദേഹം അങ്ങനെ ആയിരുന്നില്ല. അന്നൊരു യുവാവും തുടക്കക്കാരനും ആയിരുന്നു. സംവിധായകന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ കഥാപാത്രമായി സംവദിക്കുവാന്‍ പൃഥ്വിയ്ക്കു ഇപ്പോള്‍ കഴിയുന്നുണ്ട്.

പ്രേക്ഷകരെ ഏവരേയും തന്നിലേക്കാകര്‍ഷിക്കുന്ന ഒരു മാന്ത്രികശക്തി നിവിനിലുണ്ട്. അത് നന്നായി ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുമുണ്ട്. സ്വാഭാവികമായിത്തന്നെ നിവിന്‍ അത് ചെയ്തിട്ടുമുണ്ട്. ഒരു ടീനേജ് റൊമാന്റിക് കഥാപാത്രത്തിന്റെ തലത്തില്‍ നിന്നും മാറി മറ്റൊരു തലത്തിലേക്കെത്തിച്ചേരുവാന്‍ നിവിനും കഴിഞ്ഞു.

അതേപോലെ ഭാവന. ഇതുവരെ അവര്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു അഞ്ചു വയസുള്ള കുട്ടിയുടെ അമ്മയാണ് 'ഇവിടെ'യില്‍. ആത്മസംഘര്‍ഷങ്ങള്‍ ഭാവനയും നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

തിരക്കഥകൃത്തായ അജയന്‍ വേണുഗോപാലിനൊപ്പം ഇതിനു മുന്‍പ് - ഇംഗിഷ്- എന്ന സിനിമ ചെയ്തിരുന്നു. വിദേശ ബന്ധമുള്ള സിനിമകളാണ് താങ്കള്‍ അദ്ദേഹത്തിനൊപ്പം ചേരുമ്പോള്‍ ഉണ്ടാവുന്നത്?

അജയന്‍ വിദേശിയാണോ എന്നുള്ളതല്ല വിഷയം. മനുഷ്യന്റെ വേദനയും വികാരങ്ങളും ലോകത്ത് എവിടെ ജീവിച്ചാലും ഒന്നു തന്നെയാണ്. വിദേശ കഥ മാത്രം എഴുതുന്ന ആളല്ല അജയന്‍. എന്നാല്‍ ഒരു വിദേശി ആയതുകൊണ്ട് വൈദേശിക ജീവിതത്തിന്റെ അനുഭവതലങ്ങള്‍ അയാള്‍ക്ക് മറ്റുള്ളവരേക്കാള്‍ നന്നായി അവതരിപ്പിക്കുവാന്‍ സാധിക്കും.

ഇനി സിനിമയില്‍ നിന്നും അല്‍പം വ്യതിചലിച്ചൊരു വിഷയം സംസാരിക്കാം. സീരിയലുകള്‍ നിരോധിക്കണമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അടുത്തിടെ താങ്കള്‍ മന്ത്രിക്കൊരു കത്തെഴുതിയല്ലോ. എന്തായിരുന്നു അതിനു പിന്നിലുള്ള ചിന്ത?

നമ്മുടെ സമൂഹം എങ്ങോട്ടു പോകുന്നു എന്നറിയില്ല. അപഹാസ്യങ്ങളായ സംഭവ വികാസങ്ങളാണിവിടെ നടക്കുന്നത്. കമ്പോള സംസ്കാരത്തിന്റെ ദൂഷ്യമായ വശങ്ങള്‍ ഇവിടെയുമുണ്ട്. ടെലിവിഷന്‍ സീരിയലുകളിലും ഈ ദുഷ്യ സംസ്കാരത്തിന്റെ പ്രതിഫലനം കാണാം. ഇതൊക്കെ കണ്ട് ഒന്നുകില്‍ മിണ്ടാതിരിക്കാം അല്ലെങ്കില്‍ പരിഹസിക്കാം. ഞാന്‍ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു.

എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് കരുതിയല്ല ഇങ്ങനെ ചെയ്തത്. വെറുതെ ചെയ്തു അത്രേയുള്ളൂ. ആ കത്തു കാണേണ്ടവര്‍ കണ്ടിട്ടുണോ എന്നും, കണ്ടാല്‍ തന്നെ അതിലെ അപഹാസ്യ സ്വരം മനസിലായിട്ടുണ്ടാവുമോ എന്നും അറിയില്ല. അതൊന്നും വലിയ കാര്യമായി ഞാന്‍ കരുതുന്നില്ല.

'ഇവിടെ' എന്ന സിനിമയെക്കുറിച്ച് ഒരു പ്രധാന വസ്തുത കൂടി എനിക്ക് പറയുവാനുണ്ട്. സമീപകാലത്ത് വന്‍തുക ചെലവഴിച്ച ഒരു സിനിമയാണിത്. ഇങ്ങനെ ഒരു പ്രോജക്ട് ചെയ്യാന്‍ എനിക്ക് സാധിച്ചത് ധാര്‍മിക് പ്രൊഡക്ഷന്‍സ് പോലൊരു കമ്പനി നിര്‍മാണത്തിന് തയാറായതാണ്. അതിനുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല.

ഈ സിനിമയുടെ പ്രൊഡ്യൂസര്‍ ഡോ. സജികുമാറും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണന്‍ സേതുകുമാറും ആണ്. നിര്‍മാതാക്കള്‍ നിര്‍ണയിക്കുന്ന ചട്ടക്കൂടുകളില്‍ ഇവര്‍ എന്നെ കെട്ടിയിട്ടില്ല. മികച്ച ഒരു പ്രമേയവും പശ്ചാത്തലവും ആവശ്യപ്പെടുന്നതെല്ലാം ഇവര്‍ ഒരുക്കി തന്നു. ഇന്നത്തെ മലയാള സിനിമയില്‍ സംവിധായകന്‍ ആഗ്രഹിക്കുന്ന രീതിയില്‍ മികച്ച ഒരു സിനിമ ചെയ്യുവാന്‍ ഇവരെപ്പോലുള്ള നിര്‍മാതാക്കളെയാണ് വേണ്ടത്. അതെനിക്ക് കിട്ടിയത് ഒരു അനുഗ്രഹമായി ഞാന്‍ കാണുന്നു.