ശ്രീദേവി ആ വേഷം നിരസിച്ചത് ഞങ്ങളുടെ ഭാഗ്യം; രാജമൗലി മനസ്സുതുറക്കുന്നു

മികച്ച സംവിധായകൻ മാത്രമല്ല രാജമൗലി, സ്വന്തം സിനിമയെ സൂക്ഷമമായി നിരീക്ഷിക്കാനും ന്യൂനതകൾ പോലും തുറന്നുപറയാനും മടിയില്ലാത്ത ആളാണ്. തന്റെ ചിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ചത് ആരാണ് എന്നതുപോലെയുള്ള കുഴപ്പംപിടിച്ച ചോദ്യങ്ങൾക്ക് പോലും രാജമൗലിയുടെ കൈയ്യിൽ കൃത്യമായ ഉത്തരമുണ്ട്.

എന്നാൽ ബോളിവുഡ് നടി ശ്രീദേവിയുടെ ചില നിലപാടുകളിൽ താൻ ആകുലപ്പെട്ടിരുന്നെന്ന് രാജമൗലി തുറന്നുപറഞ്ഞു. ശിവഗാമിയുടെ വേഷം ശ്രീദേവി നിരാകരിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നും രാജമൗലി വ്യക്തമാക്കി. ഓപ്പൺ ഹാർട്ട് എന്നൊരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രാജമൗലി മനസ്സു തുറന്നത്.

നാഷ്ണൽ ഓഡിയൻസിനെ മുന്നിൽ കണ്ടാണ് ശ്രീദേവിയെ ഈ റോളിലേക്ക് രാജമൗലി പരിഗണിക്കുന്നത്. അന്ന് രമ്യ കൃഷ്ണയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യൻ സിനിമയിൽ താരമൂല്യം ശ്രീദേവിക്കായിരുന്നു. 

എന്നാൽ ഈ വേഷത്തിനായി ശ്രീദേവി വലിയൊരു തുകയാണ് പ്രതിഫലമായി ആദ്യം ചോദിച്ചത്. മാത്രമല്ല ഇതിന് പിന്നാലെ വേറെ പല നിബന്ധനകളും. ഫൈവ് സ്റ്റാർ ഹോട്ടൽ താമസം, ഷൂട്ടിങിനായി മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റ് എന്നിവയെല്ലാം ഇതില്‍ ഉൾപ്പെടും. കൂടാതെ ബാഹുബലി ഹിന്ദി പതിപ്പിന്റെ ഷെയറും.

ഇക്കാര്യത്തിൽ രാജമൗലിയുടെ മറുപടി ഇങ്ങനെ–‘ശ്രീദേവിയുടെ ആഗ്രഹങ്ങൾ കേട്ട ഞങ്ങളുടെ ടീം ആകെ വിഷമത്തിലായെന്ന് പറയാം. അവരുടെ തീരുമാനങ്ങള്‍ അംഗീകരിച്ചാൽ നമ്മൾ പ്ലാൻ ചെയ്ത ബഡ്ജറ്റിനേക്കാൾ ബാഹുബലിയുടെ ചിലവ് കൂടും. അങ്ങനെയാണ് രമ്യ കൃഷ്ണനെ ഈ റോളിലേക്ക് പരിഗണിക്കുന്നത്. അവർ ആ കഥാപാത്രത്തെ അതിഗംഭീരമാക്കി. ശ്രീദേവിയെ ഈ സിനിമയിൽ നിന്ന് നീക്കാനുള്ള തീരുമാനം ഞങ്ങളുടെ ഭാഗ്യമായി ഇപ്പോള്‍ തോന്നുന്നു–രാജമൗലി പറഞ്ഞു.

ബാഹുബലി സിനിമയിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തിയാൽ ഏത് താരത്തിനാണ് ഏറ്റവും കൂടുതൽ മാർക്ക് നൽകുകയെന്ന് രാജമൗലിയോട് ചോദിച്ചിരുന്നു. അദ്ദേഹം നാസറിന്റെ പേരാണ് ഉത്തരമായി പറഞ്ഞത്. ബിജലദേവ എന്ന കഥാപാത്രത്തെയാണ് നാസർ ചിത്രത്തിൽ അവതരിപ്പിച്ചത്. ‘ബിജലദേവ എന്ന കഥാപാത്രത്തിന് വളരെ ചെറിയ രംഗങ്ങൾ മാത്രമേ സിനിമയിലൊള്ളൂ. മാത്രമല്ല മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ തീെര െചറിയൊരു വേഷമാണത്. എന്നാൽ അദ്ദേഹത്തിന്റെ അഭിനയപ്രകടനത്താൽ ആ വേഷം വലുതായി മാറുകയായിരുന്നു.’–രാജമൗലി പറയുന്നു.

ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്നും കുത്തുന്ന ആ രംഗം മനസ്സിൽ കണ്ടതുപോലെ സിനിമയിൽ കൊണ്ടുവരാൻ ആയില്ലെന്നും രാജമൗലി വ്യക്തമാക്കി. ‘ആ രംഗത്തിൽ സിനിമയിൽ വന്നതില്‍ കൂടുതൽ ഷോട്ടുകൾ ചിത്രീകരിച്ചിരുന്നു. കാരണം അവർ അത്രത്തോളം പരസ്പരം സ്നേഹിച്ചിരുന്നു. എന്നാൽ സിനിമയുടെ ദൈർഘ്യം 2 മണിക്കൂർ 45 മിനിറ്റ് പിന്നിട്ട് പോയിരുന്നു. അതുകൊണ്ടാണ് ആ രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നത്.’–രാജമൗലി പറഞ്ഞു.

തന്റെ അടുത്ത ചിത്രത്തിനും കഥ എഴുതുന്നത് അച്ഛൻ വിജയേന്ദ്രപ്രസാദ് തന്നെയാണെന്നും രാജമൗലി െവളിപ്പെടുത്തി. താൻ കൂടുതൽ സന്തോഷവാനായിരിക്കുക അച്ഛനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയെ ഒരു ആഗോളവിജയമാക്കി മാറ്റാൻ ഹിന്ദി മാധ്യമങ്ങൾ ഒരുപാട് സഹായിച്ചെന്നും കരൺ ജോഹറിന്റെ മാർക്കറ്റിങ് തന്ത്രങ്ങളാണ് ബോളിവുഡിൽ ബാഹുബലി ഇത്രവിജയമാകാൻ കാരണമെന്നും രാജമൗലി പറഞ്ഞു.

എന്നാൽ തെലുങ്ക് നിർമാതാവ് അല്ലു അരവിന്ദിനെതിരെ പറഞ്ഞ ചില കാര്യങ്ങൾ വിവാദങ്ങൾക്കും ഇടയാക്കി. ‘ചിത്രം സൂപ്പർഹിറ്റാണെന്ന് കാണിക്കാൻ നിർമാതാക്കൾ നിർബന്ധപൂർവം ചില തിയറ്ററുകളിൽ 100 ദിവസം ഓടിക്കാറുണ്ട്. മഗധീര 175 ദിവസം വരെ ചില തിയറ്ററുകളിൽ ഓടിച്ചു. ഇതെനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല. അതുകൊണ്ടാണ് മഗധീരയുടെ വിജയാഘോഷത്തിന് താൻ പോകാതിരുന്നത്.–രാജമൗലി പറഞ്ഞു.