സഹതാരത്തിന് പരിഹാസം; ചുട്ടമറുപടിയുമായി അനുമോള്‍

നടി അനുമോൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉടലാഴം. ഫൊട്ടോഗ്രഫർ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആദ്യചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡ് വാങ്ങിയ മാസ്റ്റർ മണിയാണ് അനുമോളുടെ നായകൻ.  സിനിമയുടെ ആദ്യ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഇരുവരുടെയും ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ പോസ്റ്റർ തന്റെ ഔദ്യോഗിക പേജിലൂടെ നടി പങ്കുവക്കുകയും ചെയ്തു. എല്ലാവരും സിനിമയ്ക്ക് ആശംസകൾ നേർന്നപ്പോൾ ഒരു പ്രേക്ഷകൻ വിമർശനവുമായി എത്തി. സൗന്ദര്യം കുറഞ്ഞ മണിയെപ്പോലൊരാളെ എന്തിന് നായകനാക്കി എന്നായിരുന്നു വിമർശനം. എന്നാൽ അതിന് ചുട്ടമറുപടിയുമായി അനുമോൾ തന്നെ രംഗത്തെത്തി.

‘കുറച്ച് മാന്യമായി പെരുമാറിയാൽ നന്നായിരുന്നു. അഭിനയിക്കാൻ മിടുക്ക് ഉള്ളവരെ ആണ് സിനിമക്ക് വേണ്ടത്. അല്ലാതെ നാക്കിന് എല്ലില്ലാത്തവരെ അല്ല–ഇങ്ങനെയായിരുന്നു അനുമോളുടെ മറുപടി. ആ കമന്റ് പിന്നീട് അയാൾ തന്നെ നീക്കം ചെയ്തു.

കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിച്ച ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലമ നിർമിക്കുന്ന പ്രഥമ ഫീച്ചർ സിനിമയാണ് ഉടലാഴം. നിലനിൽപ്പുതന്നെ ചോദ്യചിഹ്നമായ ആറു നാടൻ കോളനിയിലെ  ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴം പറയുന്നത്. 

‌ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവു പുതിയ ജോലിക്കായി ശ്രമിക്കുമ്പോൾ സമൂഹത്തിന്റെ പെരുമാറ്റമാണു പ്രമേയം. പ്രകൃതി, വന്യജീവികൾ, ആദിവാസികൾ, പൊതുസമൂഹം എന്നിവയുടെ കാൻവാസിലാണു സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണിക്കൃഷ്ണൻ ആവള, ഉടലാഴം ഒരുക്കുന്നത്. ജോയ് മാത്യു, ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നിവരും അഭിനയിക്കുന്നു. അനുമോളാണു നായിക. ബിജിബാൽ പശ്ചാത്തല സംഗീതവും സിതാര, മിഥുൻ ജയരാജ് എന്നിവർ സംഗീത സംവിധാനവും നിർവഹിക്കുന്നു.