സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ കുറ്റപ്പെടുത്തിയവരുണ്ട്; അന്ന

ശബ്ദം ഉയർത്തേണ്ടിടത്ത് ഉയർത്തി സംസാരിക്കണമെന്ന് നടി അന്ന രേഷ്മ രാജ്. നോ പറയേണ്ടിടത്ത് നോ പറയണമെന്നും അന്ന പറഞ്ഞു. അങ്കമാലി ഡയറീസിന് ശേഷം കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന നടിയാണ് അന്ന. മോഹൻലാലിന്റെ ഒാണച്ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലും അന്നയാണ് നായിക. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നാണ് താൻ സിനിമയിലെത്തുന്നത്. ആദ്യം സിനിമയിൽ നിന്ന് വിളി വന്നപ്പോൾ അഭിനയിക്കാൻ പോണോ എന്ന് സംശയം തോന്നി. പക്ഷെ ഒരുപാട് പേർ നല്ലൊരു കഥാപാത്രത്തിനു വേണ്ടി കഷ്പ്പെടുന്നുണ്ടെന്ന് മനസിലാക്കിയപ്പോൾ അഭിനയിക്കാൻ തീരുമാനിച്ചു. 

ലിച്ചിയെപ്പോലെ ബോൾഡാണ് ഞാൻ. സ്വന്തമായി അധ്വാനിച്ച് കുടുംബം നോക്കുന്ന വീടൊക്കെ വയ്ക്കാൻ ശ്രമിക്കുന്ന ആളുതന്നെയാണ് താനും. അങ്കമാലി ഡയറീസിൽ അഭിനയിക്കാൻ രണ്ടുമാസത്തെ ലീവ് ചോദിച്ചിട്ട് നഴ്സുമാർ ലീവ് തന്നില്ല. പിന്നെ തന്നെ സ്നേഹിക്കുന്ന ഹോസ്പിറ്റലിന്റെ ഡയറക്ടറായ ഫാദറാണ് നീ ധൈര്യമായി പോക്കോ, പോയി രക്ഷപെട് എന്ന് പറഞ്ഞ് ലീവ് തന്നത്. തിരിച്ചു ചെന്നപ്പോൾ എന്നെ എമർജെൻസിയിൽ നിന്ന് വാർഡിലേക്ക് മാറ്റി. അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. ജോലി രാജിവയ്ക്കാൻ തീരുമാനിച്ചപ്പോൾ അങ്ങനെ ഒാപ്പറേഷൻ വാർഡിലേക്ക് മാറ്റി. പക്ഷെ സാലറിയും കുറഞ്ഞു, അവസാനം നഴ്സിങ് പണിയും ഇല്ല, സിനിമയും ഇറങ്ങിയിട്ടില്ല എന്ന ഘട്ടം വന്നപ്പോൾ എല്ലാവരും എന്നെ കളിയാക്കുന്ന അവസ്ഥ വന്നു.

എനിക്ക് തെറ്റാണെന്ന് തോന്നിയാൽ‌ ഞാനത് തുറന്ന് പറയും. സിനിമയിൽ മാാത്രമല്ല, നഴ്സിങ് മേഖലയിലും കുറെ പ്രശ്നങ്ങൾ ഉണ്ട്. പക്ഷപാതം എല്ലായിടത്തുമുണ്ട്. പക്ഷെ അനീതി കണ്ടാൽ സൂപ്പീരിയറിനോട് പോലും ചോദിക്കാറുണ്ട്. ചിലർക്ക് അമിത പ്രാധാന്യം നൽകുന്നത് എല്ലാ മേഖലയിലും ഉണ്ട്. എല്ലാകാര്യങ്ങളും ജോളിയായിട്ടേ എടുക്കാറുള്ളൂ. ചിലർ ചോദിക്കാറുണ്ട് ഇൗ കാര്യമൊക്കെ എങ്ങനെ ഇത്ര സിംപിളായി പറയുന്നുവെന്ന്. ഞാൻ ചോദിക്കും പിന്നെ ഞാൻ ടെൻഷനടിച്ച് പറയണോ എന്ന് ചോദിക്കും. നഴ്സുമാരുടെ ശമ്പളത്തിന് വേണ്ടിയുള്ള സമരത്തിലും ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഞാൻ പങ്കെടുത്തിരുന്നു. അത് എന്റെ കടമയാണ്. 

സ്കൂൾ കാലത്ത് സ്പോർട്സിലായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ഒരു നാടകത്തിൽ ഞാൻ ഒരു കുട്ടിയുടെ അച്ഛനായി അഭിനയിച്ചു. എന്റെ കൂടെ അഭിനയിച്ചവരെയെല്ലാവും അഭിനന്ദിച്ചു. പക്ഷെ എന്നോട് പറഞ്ഞത് ഒരു ബബ്ലിഗമെങ്കിലും ചവച്ചൂടായിരുന്നോ എന്നാണ്. അങ്ങനെയെങ്കിലും എക്സ്പ്രഷൻസ് വരുമായിരുന്നല്ലോ എന്ന്. അതിൽ പിന്നെ അഭിനയിക്കാൻ പോയിട്ടില്ല.

ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ കുറ്റപ്പെടുത്തിയ നാട്ടുകാരൊക്കെ പിന്നീട് വന്ന് അഭിനന്ദിച്ച് ഇവൾ നമ്മുടെ കുട്ടിയാണെന്ന് പറയുന്നത് ഞാൻ തന്നെ കേട്ടിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ എന്നെപ്പറ്റി ആളുകൾ അമ്മയോട് കുറ്റം പറഞ്ഞിട്ടുണ്ട്. അമ്മ അത് കേട്ട് സങ്കടത്തോടെ എന്നോട് പറയും ഞാൻ അത്കേട്ട്  ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷെ ആദ്യ ചിത്രം അങ്കമാലി ഡയറീസ് ഹിറ്റായതോടെ എല്ലാവരും അഭിപ്രായം മാറ്റിയെന്ന് ലിച്ചി മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.