ദിലീപിന്റെ ജാമ്യാപേക്ഷ: വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണു വിധി പറയുന്നത്. ദിലീപ് നാലാം തവണയാണു ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടർന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച കൂടി കോടതി നീട്ടി.

ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് ജാമ്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ക്രിമിനൽ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരിൽ നിലനിൽക്കില്ല. ഇതുണ്ടെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളൂ. നഗ്നചിത്രമെടുക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോൾ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ സോപാധിക ജാമ്യത്തിനു പ്രതി അർഹനാണ്. അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ പുരോഗമിച്ചത്. കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്.