ലിച്ചി എന്തിനു മാപ്പ് പറഞ്ഞു: റിമ

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലിച്ചിയെന്ന അന്ന രേഷ്മ രാജൻ. എന്നാല്‍ ഒരു ചാനൽ പരിപാടിയിൽ മലയാളത്തിലെ ഒരു സൂപ്പര്‍താരത്തെക്കുറിച്ച് അന്ന നടത്തിയ ഒരു പരാമർശം ആരാധകർക്കിടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതേതുടർന്ന് ആരാധകർ ലിച്ചിയുടെ ഫെയ്സ്ബുക്ക് പേജിൽ അസഭ്യവര്‍ഷം ചൊരിയുകയും ഇതേതുടർന്ന് പേജിലൂടെ ലൈവിലെത്തി അന്ന മാപ്പു പറയുകയും ചെയ്തു. ഈ സംഭവത്തിൽ ലിച്ചിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത്. 

ഒരു സൂപ്പർതാരം തന്റെ അച്ഛനായി അഭിനയിക്കൂ എന്നുപറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും ചേർന്ന് ട്രോൾ ചെയ്തത്. എന്തിനാണ് ഇതൊക്കെ? അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം ചെയ്യാൻ കഴിയില്ലെന്നാണോ ഇക്കൂട്ടർ ചിന്തിക്കുന്നത്. അദ്ദേഹം അത് മികച്ചതാക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുൻകാല സിനിമകൾ നോക്കിയാൽ അത് മനസ്സിലാകും–റിമ പറയുന്നു.

മലയാളസിനിമയിലെ സൂപ്പർബ്രില്യന്റ് ആക്ടർ ആയ അദ്ദേഹം എഴുപതുകാരനായോ മുപ്പതുകാരനായോ അഭിനയിക്കും. ഉർവശി, ശോഭന, രേവതി എന്നിവരും ഇതുപോലെ അഭിനയിച്ചിട്ടുണ്ട്. ലിച്ചിയെ ട്രോളുന്നവർ സ്വന്തം പേര് നശിപ്പിക്കുകയാണ്. ശരിക്കും എന്താണ് ഇവിടെ പ്രശ്നം. എന്തിനാണ് ലിച്ചി മാപ്പുപറഞ്ഞത്?–റിമ ചോദിക്കുന്നു.