‘സുരഭി ഓർമിക്കാൻ’; വിധു വിൻസെന്റ് പറയുന്നു

ദേശീയ അവാർഡ് ജേതാവായ സുരഭിക്കെതിരെ ആരോപണം ഉന്നയിച്ച നിർമാതാക്കളെ തന്റെ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംവിധായിക വിധു വിൻസെന്റ്. സുരഭി ഇപ്പോഴും വുമൻ ഇൻ കളക്ടീവിന്റെ അംഗമാണെന്നാണ് വിശ്വസിക്കുന്നതെന്നും സുരഭിയെപ്പോലുള്ളവർക്ക് വേണ്ടിയാണ് വനിതാസംഘടനയെന്നും വിധു വ്യക്തമാക്കി.

വിധു വിന്‍സെന്റിന്റെ വാക്കുകളിലേക്ക്–

സുരഭി വുമൻ ഇൻ കളക്ടീവിന്റെ അംഗമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സമയത്ത് ഞങ്ങൾ പരസ്യമായും തീവ്രമായും പ്രതികരണങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്ന സമയത്ത് സുരഭി ഞങ്ങളോട് പറഞ്ഞു, ‘സിനിമാ ഇൻഡസ്ട്രിയിേലക്ക് ഇപ്പോൾ വന്ന ആൾ എന്ന നിലയിൽ ഈ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും തൊഴിൽപരമായ കാര്യങ്ങളാൽ ഞാൻ മാറിനിൽക്കുന്നുവെന്നും’. 

പക്ഷേ നിങ്ങളുടെ ഒപ്പം ഉണ്ട് എന്നു പറഞ്ഞ് സ്വന്തം നിലയിൽ മാറി നിൽക്കുക മാത്രമാണ് സുരഭി ചെയ്തത്. ഒരു സിനിമ മാത്രമാണ് ഞാൻ സംവിധാനം ചെയ്തത്. എനിക്ക് രണ്ടാമതൊരു സിനിമ ചെയ്യാൻ നിർമാതാവിനെ  കിട്ടുന്നില്ല. സുരഭി ഉൾപ്പെട്ട ചിത്രമാണ്. 

ഞാൻ സമീപിക്കുന്ന നിർമാതാക്കൾ സുരഭിയെക്കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും അക്കാരണങ്ങളാൽ ആ നിർമാതാക്കളെ ഞാൻ തന്നെ വേണ്ടെന്നുവെയ്ക്കുകയും ചെയ്ത സന്ദർഭങ്ങൾ ഉണ്ട്.

മഞ്ജുവാര്യർ മുതൽ ഹെയർഡ്രെസർ വരെ ഇതിനുള്ളിൽ നിൽക്കുന്ന ഓരോ ആളുകളും അങ്ങേയറ്റം ബുദ്ധിമുട്ടുകൾ സഹിച്ചിട്ടാണ് സംഘടനയിൽ നിൽക്കുന്നത്. നമ്മുടെ ജീവിതത്തേയും തൊഴിലിനേയും ആണ് ഇത് റിസ്ക്കിലാക്കിയിരിക്കുന്നത്. അതും നല്ലൊരു ലക്ഷ്യത്തിനായി. ഇങ്ങനെയേ നല്ലൊരു മുന്നേറ്റം സാധ്യമാകൂ. അത് സുരഭിയെ ഓർമിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളെല്ലാം ഈ സംഘടനയിലൂടെ പറയാൻ ആഗ്രഹിക്കുന്നത് സുരഭിക്ക് കൂടി വേണ്ടിയാണ്. നാളെ ഈ ഇൻഡസ്ട്രിയിൽ സുരഭിയെപ്പോലുള്ള ആളുകൾക്ക് ശക്തമായ സാനിധ്യവും ശബ്ദവുമായി ഉറച്ചുനിൽക്കാൻ സാധിക്കണം. അതിന് കൂടി വേണ്ടിയാണ് ഡബ്യൂസിസി.