Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളസിനിമയെ പിടിച്ചുകുലുക്കിയ ‘പെൺവർഷം’

women-malayalam-movie

തെന്നിന്ത്യൻ അഭിനേത്രിയായ മലയാളി യുവതിക്കു നേരെയുണ്ടായ ലൈഗിംക അതിക്രമം മലയാള സിനിമക്കുമേൽ തീരാകളങ്കം ചാർത്തിയ വർഷമാണ് കടന്നുപോകുന്നത്. നീതിക്കു വേണ്ടി അവർ നടത്തിയ പോരാട്ടത്തിന്റെ പേരിൽ കൂടിയാകും പോയ വർഷത്തെ ചരിത്രം രേഖപ്പെടുത്തുക. സിനിമക്കകത്തും പുറത്തും മലയാളത്തിലെ വനിതാ ചലച്ചിത്ര പ്രവർത്തകർ കരുത്തുകാട്ടിയ വർഷം കൂടിയാണ് 2017.  

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി സുരഭി ലക്ഷമിയും ഗോവ രാജ്യന്തര ചലച്ചിത്ര മേളയിൽ രജത മയൂരം പുരസ്കാരം നേടി പാർവ്വതിയും മലയാളിയുടെ അഭിമാനമായി മാറിയതും പോയ വർഷമാണ്. സ്ത്രീകൾ കേന്ദ്രകഥാപാത്രമായ ഒട്ടേറെ ചിത്രങ്ങൾ ബോക്സ് ഓഫിസ് വിജയം നേടിയെന്ന പ്രത്യേകതയും 2017നു ഉണ്ട്. സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായ ചർച്ചകൾക്കു തുടക്കം കുറിക്കുകയും ഇന്ത്യയിൽ തന്നെ ആദ്യമായി വനിതാ ചലച്ചിത്ര പ്രവർത്തകർക്കു വേണ്ടി ഒരു സംഘടന രൂപം കൊണ്ടതും പോയവർഷത്തെ വേറിട്ടതാക്കുന്നു. 2017-ൽ നിലപാടുകളുടെ പേരിൽ സിനിമക്കു പുറത്തും കഥാപാത്രങ്ങളിലൂടെ സിനിമക്കു അകത്തും സാന്നിധ്യം അറിയിച്ച സ്ത്രീകളിലൂടെ ഒരു പിൻനടത്തം... 

അവൾക്കൊപ്പം വിവാദങ്ങൾക്കൊപ്പവും 2017

''നിങ്ങളുടെ ഒരു യെസ് നാളെ ചരിത്രമാകും ഒരുപാട് പേർക്കു പ്രചോദനമാകുന്ന യെസ്” മലയാളത്തിലെ പ്രശസ്തമായൊരു സിനിമയിലെ ഡയലോഗാണിത്. അതിക്രമത്തിനു ഇരയായ പെൺകുട്ടിയുടെ യെസ് മലയാള സിനിമയിൽ കാതലായ മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്ന കാഴ്ചക്കാണ് കേരളം സാക്ഷിയായത്. 

anjali-manju-4

ഒരുപക്ഷേ ചലച്ചിത്ര മേഖലയിൽ തന്നെ ഒതുക്കി തീർത്തേക്കാമായിരുന്ന കേസിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതു നടിയുടെയും അവരെ പിന്തുണച്ച സഹപ്രവർത്തകരുമരുടെയും നിശ്ചയദാർഢ്യമാണ്. 

anjali-manju-5

നീതി നിഷേധിക്കപ്പെടുമെന്ന ഘട്ടത്തിൽ ഇന്ത്യൻ സിനിമ ചരിത്രത്തിലാദ്യമായി വനിതാ ചലച്ചിത്ര പ്രവർത്തകർക്കായി വുമൺ ഇൻ സിനിമ കളക്റ്റീവ് (Women In Cinema Collective) എന്ന സംഘടനയും രൂപം കൊണ്ടു. മറ്റു എല്ലാ തൊഴിലിടങ്ങളിലേതു പോലെ സ്ത്രീകൾക്കു തുല്യനീതി വേണമെന്ന ആശയവും സിനിമയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ചർച്ചയും ഇതോടൊപ്പം ഉയർന്നു വന്നു. വനിതാ സംഘടന എല്ലാ വനിതാ ചലച്ചിത്ര പ്രവർത്തകരെയും പ്രതിനിധീകരിക്കുന്നില്ലെന്നും സംഘടനയിൽ പക്ഷപാതമുണ്ടെന്നുമുള്ള മറുവാദങ്ങളും ഡബ്യൂസിസിക്കെതിരെ ഉയർന്നു കേട്ടു. 

ഏകദേശം ഒന്നര പതിറ്റാണ്ടിനു ശേഷമാണ് മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം എത്തുന്നത്. മിന്നാമിന്നുങ്ങിലെ അഭിനയത്തിലൂടെ സുരഭിലക്ഷമിയാണ് മലയാളികളുടെ അഭിമാനമായി മാറിയത്. നിർഭാഗ്യവശാൽ മിന്നാമിന്നുങ്ങ് പ്രദർശനത്തിന് എത്തിയപ്പോൾ “അവാർഡ് പടം” എന്ന ടാഗും ഒപ്പം വന്നു. ദേശീയ പുരസ്കാരം നേടി കൊടുത്ത ചിത്രത്തെ പ്രേക്ഷകർ തിരസ്കരിച്ചു. സുരഭിയുമായി ബന്ധപ്പെട്ട് ഉണ്ടായ മറ്റൊരു വിവാദം തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ചായിരുന്നു. 

surabhi-akshay

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് രജീഷാ വിജയൻ ഉദ്ഘാടന ചടങ്ങിൽ ക്ഷണിതാവാകുകയും ഗോവ മേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ പാർവ്വതി മേളയിൽ ആദരിക്കപ്പെടുകയും ചെയ്തിരുന്നു. സുരഭി ലക്ഷമിക്കു ക്ഷണവും ആദരവും ഉണ്ടായില്ല. ദേശീയ പുരസ്കാര ജേതാക്കളെ മേളയിലേക്ക് ക്ഷണിക്കുന്ന പതിവില്ല എന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ പ്രതികരണം. മിന്നാമിന്നുങ്ങ് മേളയിൽ ഉൾപ്പെടുത്തിയിരുന്നതുമില്ല. 

parvathy-photo

ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പരാമർശിച് നടി പാർവതി വലിയ തോതിലുള്ള സൈബർ ആക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നു. സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് പാർവ്വതിയെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ കുരങ്ങും സർക്കസ് മുതലാളി പോസ്റ്റും അതിനു മറുപടിയായി നടി പാർവ്വതി നൽകിയ OMKV പോസ്റ്റും വിവാദം കൊഴിപ്പിച്ചു. സൈബർ ആക്രമങ്ങൾ അതിരുവിട്ടത്തോടെ നടിക്കു പരാതിയും നൽകേണ്ടി വരുന്നു. അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ഒരു അഭിനേത്രി ഇത്രയെറെ ആക്രമത്തിനു ഇരയാകുന്നത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. പിന്നീട് മമ്മൂട്ടി തന്നെ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു.

സമീറയുടെ അതിജീവനത്തിന്റെ ടേക്ക് ഓഫ്...

ഗോവ രാജ്യന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള രജത മയൂരം പുരസ്കാരം ലഭിച്ചതിന്റെ നിറവിലാണ് നടി പാർവ്വതി. ടേക്ക്ഓഫിലെ സമീറയെ അന്വശരമാക്കിയ അഭിനേത്രിയെ തേടിയെത്തിയ അർഹിക്കുന്ന പുരസ്കാരമായിരുന്നു അത്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ സൂപ്പർ ഹിറ്റെന്നു ടേക്ക് ഓഫിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.  കുഞ്ചക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നീ താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും പാർവ്വതിയ എന്ന നടിയുടെ ഒറ്റനായിക വിജയമായി ചിത്രത്തെ വിശേഷിപ്പിക്കുന്നതാകും ഉചിതവും നീതിയും. ഇറാക്കിലെ തീവ്രവാദികളുടെ ക്യാംപില്‍ അകപ്പെട്ടുമായ ഇന്ത്യന്‍ നഴ്‌സുമാരുടെ അതിജീവനത്തിന്റെ നേര്‍കാഴ്ചയായിരുന്നു ഈ ചലച്ചിത്ര കാവ്യം. കേവലം ഇറാക്കിലെ സംഭവങ്ങളിലേക്ക് സിനിമയെ പരിമിതപ്പെടുത്താതെ സമീറയെന്ന പെണ്‍കുട്ടിയുടെ പോരട്ടത്തിന്റെ കഥ കൂടിയായി ടേക്ക് ഓഫ്. 

take-off-team

ചിത്രസംയോജകന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള മഹേഷ് നാരായാണന്റെ ആദ്യചലച്ചിത്ര സംവിധാന സംരഭമായിരുന്നു ടേക്ക്ഓഫ്.  മിനിമം വേതനത്തിനായി ആയിരക്കണക്കിനു നേഴ്‌സുമാര്‍ സമരം നയിച്ച കാലഘട്ടത്തില്‍ ടേക്ക് ഓഫിനു സമകാലിക പ്രസക്തിയുമുണ്ടായിരുന്നു. സമീറമായി സ്‌ക്രീനില്‍ നിറഞ്ഞുനിന്ന പാര്‍വ്വതിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  നിരൂപക പ്രശംസക്കൊപ്പം ബോക്‌സ് ഓഫിസ് കളക്ഷനിലും ടേക്ക്ഓഫ് മുന്നേറ്റം നടത്തി. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനു പാര്‍വ്വതി എല്ലാ അര്‍ത്ഥത്തിലും അര്‍ഹയാണെന്നു അടിവരയിടുന്ന വിജയം കൂടിയായിരുന്നു ടേക്ക് ഓഫിന്റേത്. അമ്മ, ഭാര്യ, മകൾ, നേഴ്സ് അങ്ങനെ ഒരു സ്ത്രീയുടെ വ്യക്തിപരവും തൊഴിൽപരവുമായ ഇടങ്ങളിലെ ആത്മസംഘർഷങ്ങളെ തീവ്രത നഷ്ടപ്പെടാതെ സ്ക്രീനിലേക്ക് പകർത്താൻ പാർവ്വതിക്കായി. 

മായാനദിയായി ഒഴുകുന്ന അപ്പുവിന്റെ മനസ്സ്...

സോൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകന് ആസ്വാദനത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നിട്ട സംവിധായകനാണ് ആഷിക് അബു. ഒരു ഇടവേളക്കു ശേഷം സംവിധായകൻ എന്ന നിലയിൽ അദ്ദേഹം തന്റെ പ്രതിഭയെ വിണ്ടെടുക്കുന്ന ചിത്രമാണ് മായാനദി. പേരു സുചിപ്പിക്കുന്നതുപോലെ ഇതൊരു മിസ്റ്റിക്ക് ലൗവ് സ്റ്റോറിയാണ്. മാത്തൻ എന്ന മാത്യുവും അപ്പു എന്ന അപർണയുമാണ് ചിത്രത്തിന്റെ ന്യൂകിയസ്. അപ്പുവിന്റെയും മാത്തന്റെയും പ്രണയവും നഷ്ടപ്പെടലും വിശ്വാസവും അതിജീവനവുമൊക്കെയാണ് മായാനദിയുടെ ചലച്ചിത്രരേഖ. ഐശ്വര്യ ലക്ഷ്മിയെന്ന പുതുമുഖ നായിക ഭാഗ്യവതിയാണ്; തന്റെ രണ്ടാമാത്തെ ചിത്രത്തിൽ തന്നെ ഇത്രയെറെ ആഴമുള്ള ആത്മസംഘർഷങ്ങളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഐശ്വര്യക്ക് അഭിമാനിക്കാം. 

mayanadhi

സ്വന്തമായി അദ്ധ്വാനിച്ചു അമ്മയെയും സഹോദരനെയും പുലർത്തുന്ന അപ്പു ധീരയാണ്. സിനിമയെന്ന സ്വപ്നത്തിലേക്കും അതിജീവനത്തിന്റെ പോരാട്ടവഴിയിലും അവൾക്കു ചിലപ്പോഴൊക്കെ ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ട്. മാത്തനെ പ്രണയിക്കുമ്പോഴും ഒരുവിളിപാട് അകലെ അപ്പുവെന്ന വിളിയുമായി അവൻ എത്തുമെന്ന പ്രതീക്ഷിക്കുമ്പോഴും അവൻ ഒരിക്കൽ നഷ്ടപ്പെടുത്തിയ വിശ്വാസത്തെക്കുറിച്ച് അവൾ ബോധവതിയുമാണ്. ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് അർഥശങ്കക്കു ഇടയില്ലാതെ നിലപാട് എടുക്കുന്ന സമകാലിക സ്ത്രീയുടെ പ്രതിനിധിയുമാണ്. വളരെ സങ്കീർണമായ ഒരു കഥാപാത്രത്തത്തെ അതിന്റെ എല്ലാ സങ്കീർണതകളൊടൊപ്പം പ്രേക്ഷകരിലേക്ക് പകർന്നു നൽകുന്നു ഐശ്വര്യ. അതുകൊണ്ടു തന്നെയാണ് ടൊവിനോ തോമസിന്റെ മാത്താൻ എന്ന കഥാപാത്രത്തിനൊപ്പം അപ്പു എന്ന കഥാപാത്രവും ഒരു നീറ്റലായി പ്രേക്ഷകരുടെ ഹൃദയത്തിൽ നിറയുന്നത്. 

അനുപമ നീലകണ്ഠൻ സർവ്വോപരി പാലാക്കാരിയല്ലാത്ത നായിക...

പോയ വർഷത്തെ ഏറ്റവും ശക്തയായ സ്ത്രീകഥാപാത്രങ്ങളിലൊന്നായിരുന്നു സർവ്വോപരി പാലാക്കാരനിലെ അനുപമ നീലകണ്ഠന്റേത്. അപർണ ബാലമുരളിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമായിരുന്നു അനുപമയുടേത്. സമകാലിക വിഷയങ്ങളെ തെറ്റില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ സംവിധായകൻ വേണുഗോപനു കഴിഞ്ഞെങ്കിലും ബോക്സ് ഓഫിസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സിനിമക്കായില്ല. സർക്കിൾ ഇൻസ്പെക്ടർ ജോസ് കൈതപറമ്പിലാണ് (അനൂപ് മേനോൻ) സർവ്വോപരി പാലാക്കാരനിലെ ടൈറ്റിൽ കഥാപാത്രമെങ്കിലും അപർണ അവതരിപ്പിക്കുന്ന അനുപമയെന്ന തിയറ്റർ ആക്റ്റീവിസ്റ്റ് പെൺകുട്ടിക്കു കൃത്യമായ സ്ക്രീൻ സ്പേസ് ചിത്രം നൽകുന്നുണ്ട്. 

aparna

ഒന്നിലേറെ അടരുകളുള്ള അനുപമയുടെ കഥാപാത്രത്തിനു പൂർണത നൽകാൻ അപർണക്കു കഴിഞ്ഞിട്ടുണ്ട്. ചില രംഗങ്ങളിൽ അനൂപ് മേനോന്റെ കഥാപാത്രത്തെക്കാൾ ഒരുപിടി ഉയർന്നു നിൽകുന്നുമുണ്ട് അനുപമ എന്ന കഥാപാത്രം. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും നിലപാടുകളെടുക്കുകയും ചെയ്യുന്ന പെൺകുട്ടികൾ സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയും ആത്മസംഘർഷങ്ങളെയും ഈ കഥാപാത്രം പ്രശ്നവത്ക്കരിക്കുന്നുണ്ട്. കുസൃതിയും പ്രണയവും ഗൗരവവുമൊക്കെ മിന്നി മറയുന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ അപർണക്ക് അനായാസം കഴിഞ്ഞിട്ടുണ്ട്.

പ്രേക്ഷകരെ മലർത്തിയടിച്ച് അതിഥി സിങ്...

ഗുസ്തിയുടെ പശ്ചാത്തലത്തില്‍ യുവ സംവിധായകന്‍ ബേസില്‍ ജോസഫ് ഒരുക്കിയ ഗോദ തിയറ്ററുകളില്‍ പ്രേക്ഷകരെ മലര്‍ത്തിയടിച്ചു. അതിഥി സിങ് എന്ന പഞ്ചാബി പെണ്‍കുട്ടിയായിരുന്നു ചിത്രത്തിന്റെ കേന്ദ്രം. കണ്ണാടിക്കല്‍ എന്ന ഗ്രാമത്തിന്റെ ഗുസ്തി പാരമ്പര്യത്തിനൊപ്പം പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളെയും നര്‍മ്മത്തിന്റെ അകമ്പടിയോടെ ചിത്രം പ്രശ്‌നവത്ക്കരിച്ചു. പഞ്ചാബി അഭിനേത്രി വാമിഖ ഗാബി കേന്ദ്രകഥാപാത്രമായ ഗോദയുടെ വിജയം സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കു കൂടുതല്‍ ഊര്‍ജ്ജം പകരും. തന്നോട് അപമര്യാദയായി പെരുമാറുന്ന വഷളൻമാരെ മലർത്തിയടിച്ച് കയ്യടി നേടാനും അതിഥി സിങിനായി. ഹീറോയിസത്തിനു മാത്രമല്ല ഹീറോയിനിസത്തിനും കയ്യടി കിട്ടുമെന്നു തെളിയിച്ച ബേസിൽ ജോസഫ് ഒരു സല്യൂട്ട് അർഹിക്കുന്നു. പഞ്ചാബിൽ ജനിച്ചു വളർന്ന വാമിഖ ഗാബി പഞ്ചാബി കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ച് മലയാളത്തിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി. 

wamiqa-godha

ഏദൻതോട്ടം രാമന്റേതല്ല മാലിനിയുടേതാണ്...

ഏദന്‍തോട്ടം രാമന്റേതായിരുന്നെങ്കിലും രഞ്ചിത്ത് ശങ്കർ ചിത്രം ആരംഭിച്ചതും അവസാനിച്ചതുമല്ലാം അനു സിത്താരയുടെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ്. 'രാമന്റെ ഏദന്‍തോട്ടം' മാലിനിയുടെ യാത്രകളാണ്, യാത്രക്കള്‍ക്കിടയില്‍ സ്വയം കണ്ടെത്തുന്ന മാലിനി പ്രേക്ഷകരുടെ മുന്നിലേക്ക് പറഞ്ഞുവെക്കുന്നതും 'സ്വയം കണ്ടെത്തലിന്റെ' രാഷ്ട്രീയമാണ്. 2013 മുതല്‍ സിനിമയില്‍ സജീവമായിട്ടുള്ള അനു സിത്താരയെന്ന അഭിനേത്രിയെ ഭാവിയില്‍ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കുക ഏദന്‍തോട്ടത്തിലെ മാലിനിയായിട്ടാകും. 

ramante-edan-thottam-songs.png.image.784.410

അമ്മ, ഭാര്യ, നര്‍ത്തകി, സുഹൃത്ത്, സ്വയം തിരിച്ചറിയുന്ന സ്ത്രീ എന്നിങ്ങനെ ഒട്ടേറെ അടരുകളുള്ള മാലിനി എന്ന കഥാപാത്രം അനുവിന്റെ കയ്യില്‍ സുരക്ഷിതമാണ്. സ്ത്രീയെ പ്രകൃതിയുമായി കൂട്ടി ഇണക്കി അവളുടെ സ്വത്വത്തെ ഹൃദ്യമായി അവതരിപ്പിച്ച് സംവിധായകന്‍ പ്രേക്ഷകര്‍ക്കു മികച്ചൊരു ചലച്ചിത്ര അനുഭവം പകര്‍ന്നു നല്‍കുന്നു. ബന്ധങ്ങളെയും (relationship) പെണ്‍മനസ്സിനെയുമാണ് ചിത്രം പ്രശ്‌നവത്ക്കരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു ആണിനും പെണ്ണിനും തമ്മില്‍ ശാരീരികബന്ധത്തിന് അപ്പുറം ഒരു സാധ്യതയുമില്ലെന്നു നെറ്റി ചുളിക്കുന്നവരുടെ വാദത്തെ തിരസ്‌കരിക്കുന്നു ചിത്രം. 

മഞ്ജു വാരിയർ C/o സൈറാ ബാനു….

തിരിച്ചുവരവിൽ ഭൂതകാല കഥാപാത്രങ്ങളുടെ നിഴലായി ഒതുങ്ങി പോയ അഭിനേത്രിക്കു നവാഗത സംവിധായകൻ ആന്റണി സോണി നൽകിയ കരുത്തുറ്റ കഥാപാത്രമായിരുന്നു സൈറാ ബാനു. കുസൃതിയും കുറുമ്പും ശക്തിയും ഒത്തുചേര്‍ന്ന ഒരു സാധാരണക്കാരി പെണ്ണിനെ അസാധാരണ മികവോടെ അവതരിപ്പിച്ചു മഞ്ജു വാരിയർ സ്‌ക്രീനില്‍ നിറസാന്നിധ്യമാകുന്നു. സിനിമയിലെ തന്റെ രണ്ടാം വരവില്‍ ഒരേ അച്ചിലിട്ടു വാര്‍ത്ത കഥാപാത്ര ശരീരങ്ങളായി പരിമിതപ്പെട്ടുപോയ അഭിനേത്രിക്കു കരിയറിലെ മികച്ചൊരു ബ്രേക്കായി മാറുന്നു സൈറാ ബാനു. 

udaharanam-sujatha-song-kasavu-njoriyum

കണ്ണില്‍ മരുന്ന് ഒഴിക്കുമ്പോഴുള്ള റിയാക്ഷന്‍ സീന്‍ ഉള്‍പ്പടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ചിത്രത്തീലുടനീളം മഞ്ജു നിറഞ്ഞു നില്‍ക്കുന്നു. വളർത്തുമകനായ ജോഷ്വാ പീറ്ററിനു വേണ്ടി സൈറാ ബാനു എന്ന പോസ്റ്റ് വുമൺ നടത്തുന്ന നിയമ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. മഞ്ജു അമ്മ വേഷത്തിലെത്തിയ മറ്റൊരു ചിത്രം ഉദാഹരണം സുജാതയായിരുന്നു. ഫാന്റം പ്രവീൺ എന്ന നവാഗത സംവിധായകനൊരുക്കിയ ചിത്രവും പോയവർഷത്തെ ഹിറ്റ് സിനിമകളുടെ പട്ടികയിൽ ഇടം കണ്ടെത്തി. സ്ത്രീ കേന്ദ്രീകൃതമായ രണ്ടു സിനിമകൾ ഒരേ വർഷം ഹിറ്റ് സിനിമകളുടെ പട്ടികയിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് മഞ്ജു വാരിയർ എന്ന അഭിനേത്രിയുടെ നേട്ടമായി വിലയിരുത്താം. 

എല്ലാത്തിലും വലുത് സ്നേഹമാണ് ശ്രീജക്ക്...

2017ലെ ഏറ്റവും മികച്ച പുതുമുഖ നായിക എന്ന വിശേഷണം ഇണങ്ങുക നിമിഷാ സജയനാകും.  രാജ്യാന്തര നിലവാരം പുലർത്തിയ മലയാള ചലച്ചിത്രമായിരുന്നു ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ ഇടം നൽകാനും സംവിധായകനു കഴിഞ്ഞിട്ടുണ്ട്. 

nimisha-fahad-1

എല്ലാത്തിലും വലുത് സ്നേഹമാണെന്ന് പറയുന്ന നായിക, പ്രണയത്തിനു വേണ്ടി വീട്ടുകാരുടെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന നായിക, ഭർത്താവിനൊപ്പം എല്ലാ സുഖദുഃഖങ്ങളിലും പങ്കുചേരുന്ന നായിക, കേവലം തേപ്പുകാരിയായി നായികയെ പരിമിതപ്പെടുത്തുന്ന സമകാലിക സിനിമയിലെ കോമാളി കാഴ്ചകളിൽ നിന്ന് വ്യത്യസ്തയാണ് ദിലീഷിന്റെ ശ്രീജ. തുടക്കകാരിയുടെ പതർച്ചകളിലാതെ സ്വാഭാവിക അഭിനയത്തിലൂടെ ശ്രീജയെ മികവുറ്റതാക്കി മാറ്റുന്നു നിമിഷ. ഫഹദ്, സുരാജ് എന്ന സീനിയർ നടൻമാർക്കൊപ്പം മത്സരിച്ച് അഭിനയിക്കുന്നു നിമിഷ. അനായാസമായ അഭിനയ ശൈലിയിലൂടെ ചിരപരിചിതയായ അടുത്ത വീട്ടിലെ കുട്ടി ഫീലിങ് പ്രേക്ഷകരിൽ സൃഷ്ടിക്കുന്നു നിമിഷാ. 

മിന്നാമിനുങ്ങിന്റെ ഒത്തിരി വെട്ടം...

മകളുടെ പഠനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും സ്വപ്നം കാണുന്ന വിധവയായ സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളിയുടെ അഭിമാനമായി മാറിയ ചിത്രമാണ് മിന്നാമിന്നുങ്.  സുരഭി ലക്ഷമിയുടെ അഭിനയ തികവിനു മുന്നിൽ കേന്ദ്ര ചലച്ചിത്ര അക്കാദമി ജ്യൂറിക്കു മുന്നിൽ മറ്റു ഇന്ത്യൻ അഭിനേത്രികളുടെ പ്രകടനം അപ്രസക്തമായി. സിനിമക്കു പുറത്ത് കോഴിക്കോടൻ ഭാഷായിൽ വാചാലയായി കളം നിറയുന്ന സുരഭിയല്ല മിന്നാമിനുങ്ങിലേത്. ഒതുക്കത്തോടെയും കയ്യടക്കത്തോടെയും വിധവയായ സ്ത്രീയുടെ ഉൾപ്പെരുക്കങ്ങളെ സ്ക്രീനിലേക്ക് പകർത്തി തന്നെയാണ് ഈ നടി അർഹതക്കുള്ള അംഗീകാരം കൈപിടിയിൽ ഒതുക്കുന്നത്. 

ലിച്ചി പ്രണയം പൂത്തു നിൽക്കുന്ന മരം

പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ മലയാളത്തിനു ലഭിച്ച നായികയാണ് അന്നാ രേഷ്മാ രാജൻ. പ്രേമത്തിലെ മലരിനു ശേഷം തിയറ്ററുകൾ ഇളക്കിമറിച്ച കഥാപാത്രമായിരുന്നു അന്നാ രേഷ്മാ അവതരിപ്പിച്ച ലിച്ചി. വടിവില്ലാതെ സംസാരിക്കുന്ന, പ്രണയിക്കുന്നവന്റെ പ്രണയങ്ങളെ പോലും തന്നെടോപ്പം ചേർത്തു പിടിക്കുന്ന, ജോലി ചെയ്തു വീടു വെക്കുന്ന, സിം ബ്യൂട്ടിയല്ലാത്ത ഉണ്ടപ്പക്കുടു ലിച്ചി സ്ഥിരം നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നു. സിനിമയിലും ജീവിതത്തിലും നേഴ്സായ അന്നാ രേഷ്മാ ലിച്ചിയെ പ്രിയങ്കരമാക്കുന്നു. നേഴ്സുമാർ മിനിമം വേതനത്തിനായി സമരം ചെയ്തപ്പോൾ പിന്തുണയായി അന്നാ രേഷ്മ എത്തി. പാർവതിക്കു മുമ്പേ ഈ വർഷം ഫാൻസ് അസോസിയേഷൻകാരുടെ സൈബർ പൊങ്കാലക്ക് ഇരയാകേണ്ടി വന്ന നിർഭാഗ്യവതിയാണ് ഈ അനുഗ്രഹീത കലാകാരി. 

Anna Rajan (Lichy) Crying on Facebook Live

ഓമന വർഗീസ് എന്ന ലേഡി ഡോൺ

നവാഗതനായ ഡൊമനിക്ക് അരുൺ സംവിധാനം ചെയ്ത തരംഗത്തിലെ ഓമന വർഗീസ് പരമ്പരാഗത സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തയാണ്. ലേഡീ ഡോൺ എന്നു വിശേഷിപ്പിക്കാവുന്ന ഓമന വർഗീസ് എന്ന കഥാപാത്രമായി തകർത്ത് അഭിനയിച്ചിരിക്കുന്നത് നേഹ അയ്യരാണ്. മോഡലും റേഡിയോ ജോക്കിയുമായിരുന്ന ഈ ബോളിവുഡ് താരത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് തരംഗം. അൽപം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ ഏറെ മികവോടെ അവതരിപ്പിക്കുന്നു നേഹ.