Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയെ വെല്ലുന്ന സംഭവം; ആക്​ഷൻ ഹീറോ അനീഷ്

aneesh

കള്ളന്മാരെ അതിസാഹസികമായി പിടികൂടുന്ന നായകന്മാരെ കണ്ട് കയ്യടിച്ചിട്ടുള്ളവരാണ് നമ്മൾ. യുവനടൻ അനീഷ് ജി. മേനോന്റെ ജീവിതത്തിലും അങ്ങനെയൊരു സംഭവം ഉണ്ടായി.

അയല്‍ക്കാരന്റെ ബാഗു തട്ടിപ്പറിച്ച പിടിച്ചുപറി സംഘത്തെ അതിസാഹസികമായി കീഴ്‌പ്പെടുത്തി അനീഷ് ജീവിതത്തിലും ഹീറോ ആയി മാറിയിരിക്കുകയാണ്‍. വീടിനു സമീപത്ത് നിന്നു സഹകരണ ബാങ്ക് കലക്ഷന്‍ ഏജന്റും അയല്‍വാസിയുമായ വ്യക്തിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂവര്‍ സംഘത്തെയാണ് അനീഷ് സാഹസികമായി പിടികൂടിയത്.

കലക്ഷന്‍ ഏജന്റിന്റെ നിലവിളി കേട്ട് ഓടിയെത്തിയ താരം ബൈക്കിന്റെ പുറകിലിരുന്നയാളുടെ കഴുത്തില്‍ പിടികൂടിയാണ് കീഴ്‌പ്പെടുത്തിയത്. സിനിമാ സീനുകളെ വെല്ലുന്ന സംഘട്ടനത്തിലൂടെയാണ് താരം സംഘത്തെ പിടികൂടുന്നത്. പുറകില്‍ ഇരിക്കുന്നയാളെ അനീഷ് പിടികൂടിയെങ്കിലും മോഷ്ടാക്കൾ താരത്തെ റോഡിലൂടെ വലിച്ചിഴച്ച് മീറ്ററുകളോളം മുന്നോട്ടുപോവുകയും ചെയ്തു.

ബൈക്കില്‍ വലിച്ചിഴച്ചെങ്കിലും പിടി വിടാന്‍ തയ്യാറാകാതിരുന്ന അനീഷ് ഒരാളെ സാഹസികമായി പിടികൂടി അടുത്തുള്ള കുട്ടികളുടെ സഹായത്തോടെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കോതമംഗലം സ്വദേശിയായ അന്‍സാറിനെയാണ് അനീഷ് പിടികൂടിയത്. ഇയാളെ പിന്നീട് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള രണ്ട് പേരും ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു.

മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ അനീഷിന് പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഒടിയന്‍ സിനിമയുടെ ചിത്രീകരണ ഇടവേളയില്‍ വളാഞ്ചേരിയിലെ വീട്ടിൽ എത്തിയതായിരുന്നു അനീഷ്.