ആത്മവിശ്വാസത്തിന്റെ കൊടി മരമാണയാൾ; മിഥുനെക്കുറിച്ച് സുഹൃത്ത്

മിഥുനും റഫീഖും

ആട് 2വിലൂടെ മലയാളത്തിൽ മറ്റൊരു ഹിറ്റ് സംവിധാകനെ കൂടി ലഭിച്ചിരിക്കുന്നു. മിഥുൻ മാനുവൽ തോമസ്. ജൂഡ് ആന്തണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയുടെ തിരക്കഥ എഴുതിയാണ് മിഥുൻ സിനിമാരംഗത്തെത്തുന്നത്. പിന്നീട് ആട്, ആൻമരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകളൊരുക്കി. ഒടുവിൽ പുറത്തിറങ്ങിയ ആട് 2 സൂപ്പർഹിറ്റായി മുന്നേറുന്നു. മിഥുനെക്കുറിച്ച് സുഹൃത്തായ റഫീഖ് ഇബ്രാഹിം പറയുന്ന വാക്കുകൾ താഴെ കൊടുക്കുന്നു–

നാട്ടിലാണ്, രാവിലെ ചായകുടി കം പത്രവായനക്ക് കവലയിലേക്കിറങ്ങിയതാണ്. ചെന്നു പെട്ടത് മലയാളസിനിമയിലെ ഹിറ്റ് മേക്കറിലൊരാളുടെ മുമ്പിൽ.

മിഥുൻ മാനുവൽ തോമസ്, സഹപാഠിയാണ്, പ്ലസ് ടു വിൽ ഒന്നിച്ച് ക്ലാസ് കട്ട് ചെയ്ത് കൽപ്പറ്റ മഹാവീർ മുതൽ കമ്പളക്കാട് ഉജ്ജയിൻ വരെ സകല തിയറ്ററുകളിലും കയറിയിറങ്ങിയ കൂട്ടാണ്. മഹാവീർ തിയറ്റർ നില നിൽക്കുന്നിടത്തോളം കാലം നമ്മൾ കണ്ടു മുട്ടുമെന്ന് ഓട്ടോഗ്രാഫ് എന്നു പേരായ ഡയറിയിൽ എഴുതിയിട്ടയാളാണ്. അന്നു മുതലിന്നു വരെ അയാളുടെ വിജയത്തിന്റെ ഗരിമയിൽ ഒട്ടും തലക്കനമില്ലാതെ സുഹൃദ് ബന്ധം നില നിൽക്കുന്നുണ്ട്.സിനിമാക്കാർക്ക് അത്യാവശ്യം പ്രൊഫഷണൽ ജാഡ ആവാം എന്ന പക്ഷക്കാരനാണ് ഞാൻ. 

ലുങ്കിയുമുടുത്ത് നാട്ടിലെ ചായക്കടയിൽ സുഹൃത്തുക്കളോട് വെടി പറഞ്ഞിരിക്കുന്ന സിനിമക്കാരെക്കുറിച്ചുള്ള കഥ ക്ലീഷേയായി മാത്രമേ എക്കാലത്തും അനുഭവപ്പെട്ടിട്ടുള്ളൂ. എങ്കിലും മിഥുനെക്കുറിച്ച് പറയേണ്ടതുണ്ട്.

ആട് 2 സൂപ്പർ ഹിറ്റായി തിയറ്ററിലോടുമ്പോൾ ഓം ശാന്തി ഓശാനയ്ക്കും മുമ്പ്, മലയാളി യുവാക്കൾക്കെല്ലാം പൊതുവായുള്ള ഒരു അരാജക ഭൂതകാലത്തിൽ, ഉള്ളിൽ കലിയും കവിതയും ബാധിച്ച് കൊല്ലപ്പരീക്ഷയ്ക്ക് തോറ്റു നടക്കവേ കമ്പളക്കാടെന്ന ഞങ്ങളുടെ കൊച്ച് അങ്ങാടിയിലെ അധോലോക കേന്ദ്രങ്ങളിലൊന്നിൽ എല്ലാ വൈകുന്നേരങ്ങളിലും വെടിവെട്ടവുമായി ഞങ്ങളിരിക്കാറുണ്ടായിരുന്നു. കൈയിലൊരു കെട്ട് പേപ്പറുമായാണ് കക്ഷി വരുക. ഏറ്റവും വില കുറഞ്ഞ് സിഗരറ്റ് പൊകച്ച് തളളി തലേന്ന് രാത്രി അവനെഴുതിക്കൂട്ടിയ സ്ക്രിപ്റ്റ് വായിക്കുക എന്നതാണ് എന്റെ ഡ്യൂട്ടി. 

മിക്കവാറും സൂപ്പർ താരങ്ങളെ ഏതെങ്കിലും മനസിൽ കണ്ട് കൊണ്ടുള്ള സ്ക്രിപ്റ്റുകളാണ്. കുത്തിയിരുന്ന് വായിച്ച് എന്തിനെന്നും ഏതിനെന്നുമറിയാത്ത ചില കമന്റുകൾ പാസാക്കി സ്വതവേയുള്ള പുച്ഛഭാവം ഒന്ന് കൂടി വികസിപ്പിച്ച്, ഇതൊന്നും നടക്കാൻ പോന്നില്ലെഡേയ് എന്ന് ഓരോ വായനക്കവസാനവും വിധി പ്രഖ്യാപനവും നടത്തും. അന്നേ അയാൾ നിരന്തരമാവർത്തിക്കാറുള്ള പ്രസ്താവനയുണ്ടായിരുന്നു. നീ നോക്കിക്കോ നാല് വർഷത്തിനുള്ളിൽ മലയാള സിനിമയിൽ ഞാൻ സ്വന്തമായി ഒരു മേൽവിലാസമുണ്ടാക്കിയിരിക്കും എന്ന്.

എന്താണ് മിഥുൻ എന്നു ചോദിച്ചാൽ എന്റെ എക്കാലത്തെയും ഉത്തരം അത് മാത്രമാണ്. സ്വന്തം ശേഷിയെന്തെന്ന്, അതിന്റെ പരിമിതിയെന്തെന്ന് ആഴത്തിൽ മനസിലാക്കി തന്റെ കളത്തിനനുസരിച്ച് കരു നീക്കാനുള്ള ശേഷിയാണ് മിഥുന്റെ വിജയം.തനിക്ക് ചേരാത്ത മേഖലകളിലേക്ക് അയാൾ സഞ്ചരിക്കാറില്ല, തന്റെ മേഖലയിൽ എത്ര ഉയരത്തിൽ സഞ്ചരിക്കാനും അയാൾക്കൊട്ടും മടിയില്ല താനും. ആത്മവിശ്വാസവും അതിനോടു പുലർത്തുന്ന അപാരമായ സത്യസന്ധതയുമാണ് അയാളുടെ മുതൽക്കൂട്ട്.

സിനിമാലോകത്ത് ഒരു ഗോഡ് ഫാദറുമില്ലാതെ, കൈ പിടിച്ചുയരാൻ പശ്ചാത്തലങ്ങളില്ലാതെ, വയനാട്ടിലെ ഒരു മധ്യവർത്തി കർഷക കുടുംബത്തിൽ നിന്ന്, സിനിമാ മോഹവുമായി നടന്ന വർഷങ്ങളിൽ ചുറ്റുപാടിൽ രൂപപ്പെട്ട പരിഹാസത്തെയും പുച്ഛത്തെയും അവഗണിച്ച് തലയെടുപ്പുള്ള ഫിലിം മേക്കറായി മിഥുൻ ഇന്ന് സ്വയം സ്ഥാനപ്പെടുന്നത് സെൽഫ് കോൺഫിഡൻസെന്ന ഒറ്റ മൂലധനത്തിന്റെ പുറത്താണ്.

അഭിരുചിപരമായി അയാളുടെ സിനിമാ സങ്കൽപ്പങ്ങളോടോ ആവിഷ്കാരങ്ങളോടോ നേരിട്ടു ചേരാത്ത ഒരാളാണ് ഞാൻ. കടുത്ത വിമർശനങ്ങളല്ലാതെ പിശുക്കിപ്പോലും അവന്റെ സിനിമകളെ അഭിനന്ദിച്ചിട്ടില്ല. എങ്കിലും ഷാജി പാപ്പൻ എന്ന കാർട്ടൂൺ നായകനെ മലയാളി മനസിൽ ഉറപ്പിച്ചെടുത്ത് അതിന്റെയൊരു സീരിസിലേക്ക് നീങ്ങാൻ അയാൾ കാണിച്ച ധൈര്യം ആശ്ചര്യകരമാണ്. തന്റെ സിനിമ ഫിലോസഫിക്കലല്ലെന്നും ജസ്റ്റ് ആൻ എൻ ടെർടൈൻമെൻറാണെന്നും ഉറപ്പിച്ചു പറഞ്ഞ്,മലയാളത്തിലൊരു പക്ഷേ ഇതുവരെല്ലാത്ത ഒരു സിനിമാ ജനുസാണ് മിഥുൻ തുറന്നെടുക്കുന്നത്. 

ജയസൂര്യയെപ്പോലൊരു നടനെ ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാമെന്നും വിനായകന്റെ ഗ്രൗണ്ട് സപ്പോർട്ടിനെ എങ്ങനെ തന്റെ സിനിമക്ക് അനുകൂലമാക്കാമെന്നും അയാൾ നന്നായി ഹോം വർക് ചെയ്തിരിക്കുന്നു. അധ്വാനത്തിന്റെ ആ പരിസമാപ്തിയാണ് പാതിരാത്രിക്കും സ്പെഷൽ ഷോകളായി ആട് ഓടിക്കൊണ്ടിരിക്കുന്നത്.

നന്ദി ചങ്ങാതി, കടുത്ത ആത്മവിശ്വാസമുണ്ടെങ്കിൽ അതിനു പുറത്ത് രാപ്പകലില്ലാതെ അധ്വാനിച്ചുവെങ്കിൽ ഒരൊറ്റ ലക്ഷ്യത്തിലേക്ക് മുനകൂർത്ത് അർപ്പിതമായെങ്കിൽ കീഴടക്കാൻ പറ്റാത്ത ഉയരമില്ലെന്ന് രാവിലെ വീണ്ടും ഓർമ്മിപ്പിച്ചതിന്.അഥവാ എന്ത് കോപ്പിനാണ് ജീവിച്ചു കൊണ്ടിരിക്കുന്നതെന്ന് സ്വയം പുച്ഛം തോന്നുന്ന ഞാനടങ്ങുന്നവർക്ക് വഴി കാട്ടുന്നതിന്.

അപകടരമായ ജാഡയില്ലായ്മയെക്കുറിച്ച് പ്രഫഷണലിസത്തിൽ പുലർത്തുന്ന ജനാധിപത്യത്തെക്കുറിച്ച് ഞാനൊന്നും എഴുതുന്നില്ല. അത്തരമൊരു സമ്മതപത്രം മിഥുൻ മാനുവൽ തോമസിന് ആവശ്യമില്ല എന്നതു കൊണ്ട് തന്നെ.