ഡിസ്‌ലൈക്കുകളെ ഓർത്തല്ല ദുഃഖം; മൈ സ്റ്റോറി സംവിധായിക പറയുന്നു

പൃഥ്വിരാജും പാർവതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കസബ വിവാദവുമായി ബന്ധപ്പെട്ട് പാർവതിക്കെതിരെ സൈബർ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പാട്ടിന് നേരെയും കടുത്ത ആക്രമണമാണ് ആരാധകർ അഴിച്ച് വിട്ടിരിക്കുന്നത്.

ഗാനത്തിന് ഇതുവരെ 91000 ഡിസ്‌ലൈക്സ് ആണ് ലഭിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മൈ സ്റ്റോറി സിനിമയുടെ സംവിധായിക റോഷ്നി ദിനകർ.

‘എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ആഗ്രഹിച്ചത്. അതിനായി ഒരുപാട് ബുദ്ധിമുട്ടി. എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പാട്ടിന് ലഭിച്ച ഡിസ്‌ലൈക്കുകളെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. അതേക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, ഇതാണോ മലയാളികളുടെ സംസ്‌കാരം എന്നോര്‍ത്ത് ദു:ഖം തോന്നുന്നുണ്ട്’ – മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോഷ്നി പറഞ്ഞു

‘മൈ സ്റ്റോറി’യ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ്. അത് പെയ്ഡ് അറ്റാക്ക് ആണ്. ഒരേതരത്തിലുള്ള കമന്റുകള്‍ ധാരാളമായി കോപ്പി പേസ്റ്റ് ചെയ്യുന്നതായി കാണാം. എന്നാല്‍, ആരാണ് ഇതിനു പിന്നിലെന്ന് എനിക്കറിയില്ല. അറിയണമെന്നുമില്ല. പാട്ടിന് ലഭിച്ച ഡിസ്‌ലൈക്കുകളെ കുറിച്ചല്ല, നമ്മുടെ സംസ്‌കാരത്തെ കുറിച്ചാണ് എനിക്ക് ദുഃഖം തോന്നുന്നത്. ഒരു സ്ത്രീയ്‌ക്കെതിരെ ഇത്രയും മോശമായ കമന്റുകളിടാന്‍ എങ്ങനെയാണ് സാധിക്കുന്നത്. ഞാനൊരു സ്ത്രീയാണ്. എന്റെ പേജില്‍ പോലും വന്ന് മറ്റൊരു സ്ത്രീയെ കുറിച്ച് പറയാന്‍ പോലുമറയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണിടുന്നത്. പാര്‍വതിയ്‌ക്കെതിരെ എന്നല്ല ഒരു സ്ത്രീയ്‌ക്കെതിരെയും, അവള്‍ എത്ര മോശപ്പെട്ടവരായാലും, ഇത്തരം കമന്റുകൾ എഴുതരുത്’– റോഷ്നി വ്യക്തമാക്കി.

മൈ സ്റ്റോറിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ സൂപ്പർതാരത്തിന്റെ ആരാധകരാണെന്ന് കരുതുന്നില്ലെന്നും റോഷ്നി പറഞ്ഞു. തനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ് അദ്ദേഹമെന്നും ജീവിതത്തില്‍ അദ്ദേഹത്തെ പോലെ മാന്യനായ ഒരാളെ കണ്ടിട്ടില്ലെന്നും റോഷ്നി പറഞ്ഞു.