പ്രണവിന്റെ അടുത്ത സിനിമ; ജീത്തു ജോസഫ് പറയുന്നു

ആദി സിനിമ സൂപ്പർഹിറ്റിലേക്ക് കുതിക്കുമ്പോൾ പ്രണവ് തന്റെ നാലാമത്തെ ഹിമാലയൻ യാത്രയിലാണ്. എല്ലാരീതിയിലും വ്യത്യസ്ഥനായ ഒരാള്‍. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി. സംവിധായകൻ ജീത്തു ജോസഫുമായുളള പ്രത്യേക അടുപ്പമാണ് ആദിയുടെ പിറവിക്ക് കാരണമായത്. ജീത്തുവിന്റെ രണ്ട് സിനിമകളുടെ അസോഷ്യേറ്റ് ആയിരുന്നു പ്രണവ്. പ്രണവിന്റെ അടുത്ത ചിത്രമേതെന്ന ആകാംക്ഷയിലാണ് സിനിമാലോകം മുഴുവൻ. അതിനെക്കുറിച്ച് ജീത്തുവിന് പറയാനുളളത് ഇങ്ങനെ–

‘ഞാൻ വിളിച്ചിരുന്നു, ഭാഗ്യത്തിന് കിട്ടി. ഏതോ ഒരു മലയുടെ മുകളിൽ ആയിരുന്നു. സിനിമ നല്ല അഭിപ്രായം നേടുന്നുവെന്ന് പറഞ്ഞപ്പോൾ, സന്തോഷമുണ്ടെന്ന് പറഞ്ഞു. എന്നുവരുമെന്ന് ചോദിച്ചപ്പോൾ ചിലപ്പോൾ രണ്ട് ആഴ്ച അല്ലെങ്കിൽ ഒരു മാസം. 

സത്യം പറഞ്ഞാൽ അതിന്റെ വ്യക്തത എനിക്കിപ്പോഴും കിട്ടിയിട്ടില്ല. പ്രണവിന് ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. നല്ല പ്രോജക്ടുമുണ്ട്. എന്നാൽ ഇടവേള നൽകി മാത്രമാകും അപ്പു സിനിമ ചെയ്യുകയുള്ളൂ എന്നാണ് തോന്നുന്നത്. അവന് അവന്റേതായ സ്വകാര്യജീവിതമുണ്ട്. അത് പോകരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. 

സീരിയസായ സിനിമകളാണ് അപ്പുവിന് കൂടുതല്‍ ഇഷ്ടം. ജീവിതയാഥാർത്ഥ്യങ്ങളോട ചേർന്ന് നിൽക്കുന്ന സിനിമകൾ. അതാണ് അവന്റെ ഫേവറൈറ്റ്. എന്നാൽ കൊമേര്‍സ്യൽ സിനിമകളും ചെയ്യും.’–ജീത്തു ജോസഫ് പറഞ്ഞു.