സ്റ്റെയ്ൻ ദ സിഗ്മയെ പ്രശംസിച്ച് അരുൺ ഗോപി

സെന്റ് തെരാസാസ് കോളജ് സംഘടിപ്പിക്കുന്ന സ്റ്റെയ്ൻ ദ സിഗ്മ എന്ന പരിപാടി ശ്രദ്ധനേടുന്നു. നൂറു കണക്കിന് പെണ്‍കുട്ടികളുടെ ഇടയില്‍ ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്ന വിഡിയോ വൈറലായി മാറിയിരുന്നു. ആര്‍ത്തവം എന്ന വാക്കു പറയാന്‍ പെണ്‍കുട്ടികള്‍ പോലും മടിക്കുമ്പോള്‍ ഒരു കൂട്ടം പെണ്‍കുട്ടികളുടെ നടുവില്‍ ഒരു ആണെന്ന നിലയില്‍ തനിക്ക് എന്താണ് ആര്‍ത്തവ ശുചിത്വത്തെപ്പറ്റി പറയാനുള്ളതെന്നു വിശദീകരിക്കുന്ന ജോസഫ് അന്നക്കുട്ടി ജോസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.‌‌

സെന്റ് തെരാസാസ് കോളജിലെ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ആണ് സ്റ്റെയ്ൻ ദ സിഗ്മ എന്ന പരിപാടിയുടെ പിന്നിൽ. സ്റ്റെയ്ൻ ദ സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് റേഡിയോ ജോക്കിയും മോട്ടിവേഷണൽ സ്പീക്കറുമായ ജോസഫ് നടത്തിയ പ്രസംഗമാണ് വലിയ രീതിയിൽ ചർച്ചയ്ക്ക് വഴിവെച്ചത്. ഇപ്പോഴിതാ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ച് സംവിധായകൻ അരുൺ ഗോപി.

‘സ്റ്റെയ്ൻ ദ് സ്റ്റിഗ്മ, ചോരയുടെ ചുവപ്പിന് ആർത്തവ രക്തം എന്നൊരു അർത്ഥവും ഉണ്ട്!!! തീണ്ടാപ്പാട് അകലെ മാറ്റിനിർത്താൻ കൽപ്പിച്ചു അരുളിയകാലത്തെ, തുറന്നമനസ്സിന്റെ നേർ സഞ്ചാരം കൊണ്ട് മാറ്റി എഴുതിച്ച പെൺകുട്ടികൾ, ഇതാ... വീണ്ടും ഉണർന്നു പ്രവർത്തിക്കുന്നു, ആ ദിവസങ്ങളുടെ വ്യാകുലതകളെ അകറ്റി വൃത്തിയുടെ തെളിർമ്മയുടെ നല്ല ദിവസങ്ങളിലേക്ക് കൂട്ടാനായി...!!! ഒരു ആർത്തവകാലവും പെണ്ണിനെ മാറ്റി നിർത്താനായി ഉള്ളതല്ല, കാരണം ഈ ലോകത്തുള്ള ആണും പെണ്ണും, ഓരോ ആർത്തവകാലത്തിന്റെ തുടർച്ചയിൽ നിന്ന് മാത്രമാണ് ജനിക്കുന്നത്.’–അരുൺ ഗോപി കുറിച്ചു.