Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീരിയലും പ്രണയവും കണ്ട് പൂമരത്തിന് പോകരുത്: മാലാ പാർവതി

maala-poomaram

കാളിദാസ് നായകനായി എത്തിയ എബ്രിഡ് ഷൈൻ ചിത്രം പൂമരത്തെ പ്രശംസിച്ച് മാലാ പാർവതി. പൂമരം ക്ലാസിക്ക് ആണെന്നും സംവിധായകൻ എബ്രിഡ് ഷൈൻ അസാമാന്യ പ്രതിഭയാണെന്നും മാലാ പാര്‍വതി പറയുന്നു.

മാലാ പാര്‍വതിയുടെ കുറിപ്പ് വായിക്കാം–

ഇന്നലെയാണ് പൂമരം കണ്ടത്. കണ്ട് കൊണ്ടിരിക്ക തന്നെ പോസ്റ്റിട്ട് തുടങ്ങിയതാ. 3 കുഞ്ഞ് കുഞ്ഞ് വരികൾ കുറിച്ചിട്ടും എന്റെ മനസ്സ് വാക പൂത്ത പോലെ പ്രകാശിക്കുന്നു .ഈ സിനിമ കലോത്സവത്തെ കുറിച്ചാണ്, അതു കൊണ്ട് തന്നെ സ്വാഭാവികമായും എനിക്ക് ഇഷ്ടപ്പെടണം. 1989 തിരുവനന്തപുരം ഗവ: വിമൻസ് കോളജിന്റെ ചെയർമാൻ ആയിരുന്ന കാലത്ത് അമ്പിളി അരവിന്ദ് ട്രോഫി കോളജിൽ നിന്ന് എടുത്ത് സ്വാഗത സംഘം ഓഫീസിൽ കൊണ്ട് കൊടുക്കുകയും.5 ദിവസം കഴിഞ്ഞ് ആ കപ്പ് തിരിച്ച് കോളേജിലേക്ക് കൊണ്ട് വരാനും സാധിച്ചിട്ടുണ്ട്. 

സിനിമയിൽ കണ്ട പല കാര്യങ്ങളും എന്റെ ജീവിതവുമായി വളരെ ബന്ധമുള്ളതാണ്. രാഖി.വി.ആർ (ഞങ്ങളുടെ ജാനു ) ആയിരുന്നു അന്നത്തെ ഞങ്ങളുടെ ട്രംപ് കാർഡ്: സിനിമയിലെ മാളവികയെ പോലെ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, ഫോക്ക് ഡാൻസ്, ഓട്ടൻ തുള്ളൽ, പ്രച്ഛന്ന വേഷം. ഇത്രയും ഇനങ്ങളിലാണ് ജാനു മൽസരിക്കുമായിരുന്നത്. 

ഭരതനാട്ടത്തിനും കുച്ചിപ്പുഡിക്കും രാജശ്രീ വാരിയറും വിമൻസ് കോളേജിന് വേണ്ടി മൽസരിച്ചിരുന്നു. എന്നാൽ അന്ന് പ്രധാന എതിരാളി ആയിരുന്ന യൂണിവേഴ്സിറ്റി കോളജിന് വേണ്ടി നൃത്ത ഇനങ്ങളിൽ മൽസരിക്കുന്ന് നീനാ പ്രസാദാണ്.മാർ ഇവാനിയോസിന് വേണ്ടി ജാനകി മേനോനും. നൃത്ത ഇനങ്ങൾ നടക്കുമ്പോൾ ചങ്കിൽ തീ കോരിയിട്ട പോലെ ശ്വാസമടക്കി നിന്ന് പ്രാർത്ഥിച്ചിരുന്നതും, ഗ്രൂപ്പ് ഇനങ്ങൾക്ക് വേണ്ടി മത്സരിക്കുന്ന കൂട്ടുകാരികളായ വൃന്ദ,വീണ,റിബേക്ക, രാധിക, അനിത പി വി തുടങ്ങി വിമൻസ് കോളജിൽ അന്ന് പഠിച്ചിരുന്ന മുഴുവൻ പേരും സിനിമ കാണവേ, കൺ മുന്നിൽ തെളിയുകയായിരുന്നു. മ്യൂസിക്ക് ഡിപ്പാർട്ട്മെന്റായിരുന്നു മറ്റൊരു ശക്തി. 

ഗായത്രി. ബിന്നി, ഓമനക്കുട്ടി ടീച്ചറിന്റെ മകൾ കമലാ ലക്ഷ്മി ചേച്ചി.സിന്ധു തുടങ്ങി നിരവധി പേരെ കുറിച്ച് സമ്മാനം കിട്ടുമെന്ന് അത്ര ഉറപ്പുണ്ടായിരുന്നു. ഇംഗ്ലീഷ് പ്രസംഗ മൽസരത്തിൽ രമയും, ഹിന്ദി പ്രസംഗത്തിൽ ആർക്കും തോൽപ്പിക്കാനാവാത്ത ഉമയും.. അങ്ങനെ വിമൻസ് കോളജിന്റെ മാനം കാത്ത എല്ലാ കലാ കാരികളെയും ഇന്നലെ സ്നേഹപൂർവം ഓർത്തു. ഞങ്ങളുടെ വർഷമാണ് കേരള സർവ്വകലാശാല ആദ്യമായി മൈം കോംപ്പറ്റീഷൻ ഇനമാക്കിയത്.അന്ന് കലകളി ആചാര്യൻ നെല്ലിയോടാശാന്റെ മകൾ മായാ നെല്ലിയോട് അവിടെ വിദ്യാർത്ഥിയായിരുന്നു മായയാണ് മൈം ലീഡ് ചെയ്തിരുന്നത്

അങ്ങനെ എന്റെ ജീവിതം മുന്നിൽ കണ്ടത് പോലെയാണ് എനിക്ക് ഈ സിനിമ അനുഭവപ്പെട്ടത്. ഇതാ എന്റേ മാത്രം അഭിപ്രായം ആവില്ല. സർവ്വകലാശാല യുവജനോത്സവത്തിന്റെ വേദി കണ്ടിട്ടുള്ള എല്ലാവരുടെയും അനുഭവവും ഇത് തന്നെ ആവും. . 100 വർഷം കഴിഞ്ഞാലും കലോത്സവത്തിന്റെ ഒരു നേർക്കാഴ്ച്ചയായി, കാലഘട്ടത്തിന്റെ രേപ്പെടുത്തലായി ഈ ചിത്രം നിൽക്കും.

പക്ഷേ ഈ കാരണങ്ങൾ കൊണ്ടല്ല ഈ ചിത്രം എനിക്ക് ഇത്ര തീവ്രമായ അനുഭവമായത്. യുവജനോത്സവത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് കൊണ്ട് എബ്രിഡ് ഷൈൻ പറഞ്ഞിരിക്കുന്നത് ഒരു Zen കഥയാണ്. മഹാരാജാസിലെ കുട്ടികൾ ഒരുക്കുന്ന മൈം ആണ് ചിത്രത്തിന്റയും കഥ. യുദ്ധവും, കലാപവും നേടി തരുന്ന വിജയങ്ങൾ ഒന്നും വിജയമല്ല. അത് ഒരിക്കലും തീരാത്ത ദുഃഖമാണ് എന്ന ശ്രീ ബുദ്ധന്റെ സന്ദേശമാണ്. ഒരു ശാന്തി മന്ത്രം പോലെ പൂമരം എന്നിൽ പ്രതീക്ഷ ഉണർത്തുന്നു. 

കാളിദാസൻ അവതരിപ്പിക്കുന്ന കഥാപാത്രം ഗൗതമൻ ആണ്. ഗൗതമന്റെ അച്ഛൻ ആനന്ദൻ എന്ന ശില്പി. അദ്ദേഹമാണ് ഈ ചിത്രം ഇന്റർപ്രെറ്റ് ചെയ്യുന്നത്. ഒരാളുടെ കാഴ്ച കളഞ്ഞിട്ട്. കലയിലൂടെ എന്ത് ഉൾകാഴ്ച.യാണ് ഉണ്ടാക്കുന്നത് എന്ന് ചോദിക്കുമ്പോൾ യുവജനോത്സവ വേദിയിൽ ,പലപ്പോഴും മൽസര ഇനങ്ങളായി മാത്രം അധ:പതിച്ച് പോകുന്ന പാട്ടും നൃത്തവും.. അത് മൽസരത്തിനുള്ളതല്ല എന്നും വിജയിക്കാനും ട്രോഫി നേടാനുള്ളത് മാത്രമല്ല എന്ന് മനുഷ്യത്വം സ്വന്തമാക്കാനുള്ള ഉപാധിയാണെന്നും ചിത്രം ഓർമ്മപ്പെടുത്തുന്നു. കല മനുഷ്യ മനസ്സിനെ സ്വാർത്ഥതയിൽ നിന്നും ഉണർത്തി വിശ്വ സ്നേഹം എന്നെന്നേയ്ക്കുമായി മനസ്സിലേക്ക് ഒഴുക്കി തരുന്ന അമൃതാണെന്ന് ചിത്രം പറയാതെ പറയുന്നു. 

ശ്രീ ബുദ്ധന്റെ ശിഷ്യൻ ആനന്ദൻ, ആ പേരാണ് ഗൗതമന്റെ അച്ഛനായ ശില്പിക്കും നൽകിയിരിക്കുന്നത്, ഗൗതമനെ കലയുടെ ഔന്നിത്യത്തെ കുറച്ചും ഉദാത്തതയെ കുറിച്ചും ആന്ദൻ വിശദീകരിച്ച് കൊടുക്കുമ്പോൾ, തുറന്ന് കിട്ടുന്നത് സൂര്യോദയം കാണുമ്പോൾ ഉണ്ടാകുന്ന നിറവാണ്. യേശു ക്രിസ്തു വെള്ളം വീഞ്ഞാക്കിയതിനെ കുറിച്ച് Byron മൽസരത്തിൽ കുറിച്ചത് ഒരൊറ്റ വരിയാണെന് അനന്ദൻ മക്കൾക്ക് പറഞ്ഞ് കൊടുക്കുന്നു. 'Water met its master and it blushed', എന്ന വരി അനന്ദൻ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുമ്പോൾ ഭാവനയ്ക്ക് പരിമിതി ഇല്ല എന്ന് പ്രേക്ഷകരോട് ചലച്ചിത്രകാരൻ പറയുകയാണ്. 

ചിത്രം കാണുന്നവർ സിനിമയുടെ ക്ലൈമാക്സിൽ കാണാൻ പോകുന്ന ആ ബുദ്ധ ശില്പവും, നമ്മെ അത് തന്നെ ഓർമ്മപ്പെടുത്തുന്നു.ഭാവനയ്ക്ക് പരിധിയില്ല. Abrid Shine.. താങ്കളിലെ പ്രതിഭയ്ക്ക് മുന്നിൽ തല കുനിക്കുന്നു. പുതുമുഖങ്ങൾ മുഴുവൻ ഒറ്റ ചിത്രം കൊണ്ട് ചിരപരിചിതരായി. കാളിദാസനും നീതാ പിള്ളയും ഹൃദയം കവർന്നു. സാങ്കേതികമായും സിനിമ ഞെട്ടിച്ചു. പ്രത്യേകിച്ച് ക്ലൈമാക്സ്.ക്യാമറ വർക്കിന് പ്രത്യേകം അഭിനന്ദനം.

പൂമരം പൂത്ത് പൂത്ത് .ഒരു ഗാനമായി മനസ്സിൽ നിറയുന്നു. കാലാതിവർത്തിയായി.കാലത്തിന്റെ രേഖയായി എന്നും നിലനിൽക്കും ഈ പൂമരം. പൂക്കളൊഴിയാതെ.

N.B: സീരിയൽ കണ്ട് കഥ കാണാൻ പോകുന്നവരും, നായികയുടെയും നായകന്റെയും പ്രേമം കാണാൻ പോകുന്നവരും സിനിമയ്ക്ക് പോകരുത് എന്നപേക്ഷ..

മാലാപാർവതി