അന്ന് കലോത്സവത്തിൽ താരം, ഇന്ന് പൂമരത്തിലും

archita
SHARE

മലയാള സിനിമക്കു ഒട്ടേറെ പ്രതിഭാധനരായ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും സമ്മാനിച്ച വേദിയാണ് കലോത്സവങ്ങൾ. സ്കൂൾ-യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ പ്രതിഭ തെളിയിച്ച ഒരുപറ്റം യുവാക്കളുടെ സമാഗമ വേദിയായി മാറുകയാണ് എബ്രിഡ് ഷൈൻ ചിത്രം പൂമരം.  എം.ജി. സർവ്വകലാശാല കലോത്സവും കലാകിരീടം സ്വന്തമാക്കാനുള്ള മഹാരാജാസിന്റെയും സെന്റ് തെരേസാസിന്റെയും വാശിയേറിയ മത്സരവുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മാളവിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അർച്ചിത അനീഷ് പൂമരത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു. നാലുതവണ തുടർച്ചയായി എം.ജി. സർവ്വകലാശാല കലാതിലകമായ ഈ സെന്റ്. തെരേസാസ് പൂർവ്വവിദ്യാർഥിനിയിൽ നിന്നാണ് പൂമരം പൂത്തു തുടങ്ങുന്നത്…. 

.പൂമരം പൂത്തുലഞ്ഞത് ഇങ്ങനെ...

തൊടുപുഴയിൽ നടന്ന എം.ജി. സർവ്വകലാശാല കലോത്സവത്തിനിടെയാണ് സംവിധായകൻ എബ്രിഡ് ഷൈനെ ആദ്യമായി കാണുന്നത്. കലോത്സവം പ്രധാന വിഷയമാക്കി ഒരു സിനിമ ചെയ്യാനുള്ള ആലോചനകളിലായിരുന്ന അദ്ദേഹം അന്ന് കലോത്സവം നേരിട്ടെത്തി വീക്ഷിക്കുകയായിരുന്നു. കോളജ് യൂണിയൻ ചെയർപേഴ്സൺ തൂലികയാണ് എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തുന്നത്. കലോത്സവത്തിന്റെ സമാപന ദിവസം മുഖ്യാതിഥിയായി എത്തിയതും എബ്രിഡ് ഷൈനും നിവിൻ പോളിയുമായിരുന്നു. 

അതിനു ശേഷം സിനിമയുടെ പ്രാരംഭ ചർച്ചകളൊക്കെ തുടങ്ങിയ സമയത്ത് അദ്ദേഹം വീട്ടിലെത്തി നേരിട്ട് സംസാരിച്ചിരുന്നു. കലോത്സവുമായി ബന്ധപ്പെട്ട എന്റെ ഓർമകളും  അനുഭവങ്ങളുമൊക്കെ അദ്ദേഹവുമായി പങ്കുവെച്ചു. കോട്ടയത്തുവെച്ചു നടന്ന എം.ജി. സർവ്വകലാശാല കലോത്സവത്തിൽ ഞാൻ കലാതിലകമായിരുന്നു. അന്ന് കലാപ്രതിഭയായത് മഹാരാജാസിലെ മുൻ കലാലയ യൂണിയൻ ചെയർമാനായിരുന്ന നാസിലായിരുന്നു. നാസിലിനെ ഷൈൻ സാറിനു പരിചയപ്പെടുത്തി. നാസിൽ വഴി മഹാരാജാസിലെ പല കലാകാരൻമാരും സിനിമയുടെ ഭാഗമായി. പിന്നീട് മറ്റു യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒട്ടെറെ പ്രതിഭകൾ സിനിമയുടെ ഭാഗമായി കൊണ്ടിരുന്നു. സിനിമയുടെ പ്രാരംഭ ചർച്ചകൾ മുതലുള്ള ഒരാളെന്ന നിലയിൽ ഒരാളിൽ തുടങ്ങി പൂമരം ടീം അനവധി ചില്ലകളായി വളർന്ന് വികസിക്കുന്നത് നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ട്. കലോത്സവുമായി ബന്ധപ്പെട്ട പേപ്പർ കട്ടിങ്സ് വരെ വളരെ സൂഷ്മമായി വിശകലനം ചെയ്താണ് ഷൈൻ സാർ തിരക്കഥ ഒരുക്കിയിട്ടുള്ളത്. അതുവരെ സ്ക്രിപിറ്റിൽ ഇല്ലാത്ത രംഗങ്ങളും സംഭാഷണങ്ങളും ഷൂട്ടിങിനിടെ കൂട്ടിചേർത്ത് പലതവണ അദ്ദേഹം ഞെട്ടിച്ചിട്ടുണ്ട്.

archita-poomaram

.വേദിക്കു പുറത്തെ സൗഹൃദത്തിന്റെ വൻമരങ്ങൾ...

ഞാനൊക്കെ ആദ്യമായി കലോത്സവത്തിനു മത്സരിക്കാൻ എത്തുന്ന സമയത്ത് മഹാരാജാസിനെക്കുറിച്ചൊക്കെ കുറെ കേട്ടറിവുകളുണ്ട്. തെരേസാസ്-മഹാരാജാസ് മത്സരത്തിനു പിന്നിൽ രസകരമായൊരു ചരിത്രവും ഒട്ടേറെ കഥകളുമുണ്ട്. കലോത്സവ വേദിയിൽ തീർച്ചയായിട്ടും മത്സരവും വീറും വാശിയുമൊക്കെ ഉണ്ടാകാറുണ്ട്. അതിനപ്പുറത്തേക്ക് നീളുന്ന വ്യക്തിവൈരാഗ്യങ്ങളോ വഴക്കുകളോ ഒന്നും തന്നെയില്ല. കലയ്ക്കു മതമില്ലാല്ലോ. നല്ല കലാരൂപത്തെയും കലാകാരൻമാരെയും കലാപ്രേമികൾ എന്നും പ്രോത്സാഹിപ്പിക്കും എന്നു  തന്നെയാണ് എന്റെ വിശ്വാസവും അനുഭവും. ഞാൻ മത്സരിക്കുന്ന സമയത്ത് മിക്കപ്പോഴും സ്റ്റേജിലൊക്കെ മഹാരാജാസിലെ ചേട്ടൻമാരൊക്കെയാണ് വോളണ്ടിയർമാരായി എത്താറുള്ളത്. പ്രകടനം നന്നാകുമ്പോൾ അവരൊക്കെ നേരിട്ട് അഭിനന്ദനം അറിയാക്കാറുണ്ട്.

ഒരിക്കൽ സെന്റ് തെരേസാസിന്റെ സംഘനൃത്തം കഴിഞ്ഞപ്പോൾ മഹാരാജാസിലെയും ലോ കോളജിലെയുമൊക്കെ വിദ്യാർഥികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് മറക്കാനാകാത്ത അനുഭവമാണ്. മത്സര സമയത്ത് അതിന്റെ എല്ലാ പിരിമിറുക്കങ്ങളും മാനസിക സമർദ്ദങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. കോട്ടയത്തുവെച്ചു നടന്ന കലോത്സവത്തിൽ മഹാരാജസും സെന്റ്. തെരേസാസും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു. അവസാന മത്സരം ഒപ്പനയായിരുന്നു. ഒപ്പനയുടെ ഫലമാണ് കിരീട അവകാശികളെ തീരുമാനിക്കുക. മഹാരാജാസിലെ കുട്ടികളും സെന്റ് തെരേസാസിലെ കുട്ടികളും രണ്ടു ഗ്രൂപ്പായി തിരിഞ്ഞിരുന്ന് റിസൾട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന രംഗം ഇപ്പോഴുമുണ്ട് മനസ്സിൽ. 

.രാവും പകലും തണൽ വിരിച്ച നന്മമരങ്ങൾ...

സർവ്വകലാശാല കലോത്സവം ഒരു പ്രൊഫഷണൽ വേദിയാണ്. നൃത്തം അവതരിപ്പിക്കുന്ന സമയത്ത് ടെൻഷടിക്കാറില്ല. അതേ സമയം കലോത്സവം തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതു വരെ നല്ല ടെൻഷൻ ഉണ്ടാകാറുണ്ട്. എനിക്ക് സമ്മാനം കിട്ടുന്നതിനേക്കാൾ ഞാൻ കാരണം കോളജിനു പോയിന്റ് ലഭിക്കുന്നതിൽ സന്തോഷിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ പ്രകടനം മോശമായാതുകൊണ്ടു കോളജ് പിന്നിലേക്ക് പോകരുതെന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നു. എന്റെ കോളജിനെ മുന്നിലെത്തിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്വമാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ നല്ല സമർദ്ദവും ഉണ്ടായിരുന്നു. പിന്നെ മത്സരങ്ങൾ പലതും വളരെ വൈകിയാണ് അവസാനിക്കുന്നത്. ചില മത്സരങ്ങൾ അവസാനിക്കുമ്പോൾ നേരം പുലരും. തുടർച്ചയായ മത്സരങ്ങളും ഉറക്കമില്ലായ്മയുമൊക്കെ തളർത്താറുണ്ട് ചിലപ്പോൾ. കോളജിലെ അധ്യാപകരുടെയും യൂണിയൻ മെമ്പേഴ്സിന്റെയുമൊക്കെ പ്രോത്സാഹനവും പിന്തുണയുമൊക്കെ അത്തരം പരീക്ഷണങ്ങളെ അതിജീവിക്കാൻ സഹായിച്ചിട്ടുണ്ട്. 

. പാട്ടിന്റെയും കൂട്ടിന്റെയും ചെറുമരചില്ലകൾ...

കലോത്സവത്തിൽ മത്സരിക്കുമ്പോൾ തിരക്കും പിരിമുറുക്കവും തുടർച്ചയായ മത്സരങ്ങളുടെ ക്ഷീണവുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ പൂരമം സെറ്റ് തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. അക്ഷരാർത്ഥത്തിൽ ഒരു പ്രതിഭാ സമാഗമമായിരുന്നു പൂമരം. ഒരുപാട് കലാകാരൻമാരെ പരിചയപ്പെടാൻ കഴിഞ്ഞു. പല കോളജുകളിൽ നിന്നുള്ള കലാകാരൻമാർ. ഒട്ടെറെ മികച്ച ഗായകർ. ഷൂട്ടിങ് സമയത്ത് ടെൻഷനുണ്ടായിരുന്നെങ്കിലും ഷൂട്ടിങ് ഇടവേളകൾ ആനന്ദകരമായിരുന്നു. ഇടവേളകളിൽ പാട്ടും ഒത്തുചേരലുകളും കൊണ്ട് ധന്യമായിരുന്നു. മഹാരാജാസ് കോളജിലൊക്കെ അവർ സ്ഥിരം പാടുന്ന പാട്ടുകളൊക്കെ പാടുമായിരുന്നു സെറ്റിൽ. വളരെ ആസ്വാദിച്ചാണ് സിനിമ ചെയ്തത്. 

archita-poomaram-1

. മഹാരാജാസിന്റെയും തെരേസാസിന്റെയും വേരുകൾ വ്യത്യസ്തമെങ്കിലും...

മത്സരങ്ങളിൽ വിജയിക്കുമ്പോഴും പണകൊഴുപ്പുകൊണ്ടും സ്വാധീനം കൊണ്ടുമാണ് വിജയിച്ചതെന്ന വിമർശനങ്ങൾ കേൾക്കാറുണ്ട്. ഞങ്ങളുടെ കോളജിനു പോയിന്റ് കിട്ടിയിലെങ്കിലും കുഴപ്പമില്ല സെന്റ്. തെരേസാസ് പിന്നിലാണല്ലോ എന്നൊക്കെയുള്ള ഡയലോഗുകളും കേൾക്കാറുണ്ട്. മത്സരത്തിനിടെ ലോട്ട് മാറ്റിയെടുക്കാനൊക്കെ ചെല്ലുമ്പോൾ ആദ്യം വളരെ സ്നേഹത്തോടെ പെരുമാറുന്നവർ ഒടുവിൽ കോളജിന്റെ പേരു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നത് പതിവാണ്. എന്തുകൊണ്ടാണ് അങ്ങനെയൊരു മനോഭാവം എന്നറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം മഹാരാജാസാകാട്ടെ, സെന്റ് തെരേസാസാകട്ടെ, കലോത്സവത്തിൽ മത്സരിക്കുന്ന ഏതൊരു കോളജും വിദ്യാർഥികളും മാസങ്ങൾ നീണ്ട പരിശീലനത്തിനും കഠിനാദ്ധ്വാനത്തിനും ശേഷമാണ് മത്സരിക്കാൻ എത്തുന്നത്. അതിനെ നമ്മൾ ബഹുമാനിക്കുക തന്നെ വേണം. 

മഹാരാജാസിന്റെയും സെന്റ്. തെരേസാസിന്റെയും പാരമ്പര്യവും ചരിത്രവും വ്യത്യസ്തമാണ്. രണ്ടു കോളജുകളും കലോത്സവത്തിനുള്ള ഫണ്ടുകൾ കണ്ടെത്തുന്ന രീതികളും വ്യത്യസ്തമാണ്. അതൊഴിച്ചു നിർത്തിയാൽ ഇരു കോളജുകളിലെയും വിദ്യാർഥികളുടെ സമർപ്പണവും അദ്ധ്വാനവുമൊക്കെ ഏറെകുറെ തുല്യമാണ്. സെന്റ് തെരേസാസിലൊക്കെ ഒരു വർഷത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് കലോത്സവ വേദിയിലേക്ക് ഓരോ വിദ്യാർഥിനികളും എത്തുന്നത്. മഹാരാജാസിലെയും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

. മുന്നിൽ നിന്ന് നയിച്ച പെൺമരങ്ങൾ...

സെന്റ്. തെരേസാസ് പോലെയൊരു വനിതാ കോളജിനെ സംബന്ധിച്ചിടത്തോളം യൂണിയൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കു വലിയ ഉത്തരവാദിത്വങ്ങളാണുള്ളത്. ഞാൻ അവിടെ പഠിച്ച അഞ്ചു വർഷങ്ങളും മികച്ച നേതൃപാടവമുള്ള വിദ്യാർത്ഥിനികൾ തന്നെയാണ് ആ സ്ഥാനത്ത് എത്തിയിരുന്നത്. കലാലയത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയരുകയും വിദ്യാർത്ഥിനികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നവരായിരുന്നു അവർ എല്ലാവരും. ഐറിനെ പോലെ മനകരുത്തും നേതൃത്വഗുണവും ഉള്ളവർ. ഷൂട്ടിങ് തുടങ്ങും മുമ്പ് ഐറിനായി വേഷമിട്ട നിത പിള്ള പഴയ ചെയർപേഴ്സൺസുമായി  സംസാരിക്കുകയും അവരുടെ അനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായി ഡോണ, തൂലിക എന്നിവരാണ് എന്റെ മനസ്സിനോട് ചേർന്നു നിൽക്കുന്ന ചെയർപേഴ്സൺമാർ. 

. കല നന്മയുടെ വിളക്കുമരം...

കലയിൽ എപ്പോഴുമൊരു നന്മ ഒളിഞ്ഞു കിടപ്പുണ്ട്. യുവജനോത്സവങ്ങൾ ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം മികച്ച വേദികൾ തന്നെയാണ് എന്നതിൽ തർക്കമില്ല. എന്നാൽ പതിനഞ്ചോ ഇരുപതോ മിനിട്ട് മാത്രം ദൈർഘ്യമുള്ള നൃത്ത അവതരണങ്ങൾ കലയെ പൂർണമായി നിർവചിക്കുന്നുണ്ടെന്നു ഞാൻ കരുതുന്നില്ല. കലയിലൂടെ എന്തെങ്കിലും നന്മ സമൂഹത്തിനു പകർന്നു നൽകുമ്പോഴാണ് ഒരു കലാകാരി പൂർണത കണ്ടെത്തുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. കലോത്സവ വേദിയിലെ മത്സരങ്ങൾക്കും വാശിക്കും അപ്പുറത്ത് സമൂഹത്തിനു പ്രകാശം പകർന്നു നൽകുമ്പോഴാണ് കല അർത്ഥ പൂർണമാകുന്നത്. പൂമരം സിനിമ മുന്നോട്ടുവെക്കുന്നതും ഈ ആശയമാണ്. 

കോളജിൽ നിന്ന് പഠിച്ചറങ്ങിയ പോയവർ കലോത്സവും കോളജുമൊക്കെ മിസ് ചെയ്യുന്നു, സ്ക്രീനിൽ തങ്ങളെ തന്നെ കാണുന്നതുപോലെ അനുഭവപ്പെട്ടെന്നുമൊക്കെ മെസേജുകൾ അയക്കുമ്പോൾ അർച്ചിതക്കു സന്തോഷവും അഭിമാനവും. കുട്ടികാലം മുതൽ ഭരതനാട്യവും കുച്ചിപുഡിയും മോഹിനിയാട്ടവും പരിശീലിക്കുന്ന ഈ കണ്ണൂരുകാരി കലോത്സവത്തിനുവേണ്ടിയാണ് കേരളനടനവും നാടോടിനൃത്തവും പരിശീലിച്ചത്. മത്സരിച്ച അഞ്ച് ഇനങ്ങളിലും ഒന്നാംസ്ഥാനം നേടിയെന്ന പ്രത്യേകതയും ഉണ്ട്. സെന്റ്. തെരേസാസ് കോളജിന്റെ തുടർച്ചയായ അഞ്ചു വർഷത്തെ കിരീടം നേട്ടത്തിലും അർച്ചിത നിർണായക സാന്നിധ്യമായിരുന്നു. ഇത്തവണ സെന്റ് തെരേസാസ് കിരീടം കൈവിട്ടപ്പോൾ അർച്ചിത വിതുമ്പി, കാരണം കേവലം ട്രോഫിക്ക് അപ്പുറത്ത് കലോത്സവം ഈ പെൺകുട്ടിക്കു വൈകാരികമായ ഒരു ഓർമകൂടിയാണ്. നല്ല കഥാപാത്രങ്ങൾ തേടിയെത്തിയാൽ സിനിമയിൽ സജീവമാകാനാണ് ഈ നർത്തകിയുടെ തീരുമാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA