Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്ലിക സുകുമാരനെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി അഞ്ജലി

anjali-ameer-mallika

പൃഥ്വിരാജിന്‍റെ ലംബോര്‍ഗിനി കാറുമായി ബന്ധപ്പെട്ട് അമ്മയുമായ മല്ലിക സുകുമാരന്‍ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ മല്ലിക സുകുമാരനെ വിമർശിച്ച് പലരീതിയിലുള്ള ട്രോളുകളും വന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് ട്രാൻസ്ജെൻഡറും നടിയുമായ അഞ്ജലി. ശരത് രമേശ് എന്ന വ്യക്തി എഴുതിയ കുറിപ്പ് കടമെടുത്തായിരുന്നു അഞ്ജലിയുടെ പ്രതികരണം.

അഞ്ജലി പങ്കുവച്ച കുറിപ്പിലെ പ്രസക്തഭാഗങ്ങൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില വ്യക്തികൾ അവരുടെ മഹത്തരവും സാമൂഹിക പ്രതിബദ്ധത നിറഞ്ഞതുമായ പേജുകളിലൂടെ ശ്രീമതി 'മല്ലികാ സുകുമാരനെ'തിരെ നടത്തുന്ന 'സൈബർ ആക്രമണം' ആണ് ഇത്തരം ഒരു പോസ്റ്റിടാൻ എന്നെ പ്രേരിപ്പിച്ചത്.

താരങ്ങളുടെ വീടുകളിലെ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ചാനലിലെ പരിപാടി. അതിൽ ഒരു എപ്പിസോഡിൽ മല്ലികാ സുകുമാരൻ അതിഥിയായി എത്തുന്നു. താനും മക്കളും ഉപയോഗിക്കുന്ന വാഹനങ്ങളെ പറ്റി പറയുന്ന കൂട്ടത്തിൽ തന്റെ മകൻ 'പൃഥ്വിരാജ്' വാങ്ങിയ ലംബോർഗിനിയെ പറ്റിയും സ്വാഭാവികമായും ആ അമ്മ പറയുന്നു. തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് ഇതുവരെ കൊച്ചിയിൽ നിന്നും മകൻ കാർ കൊണ്ടുവരാത്തത് വീട്ടിലേയ്ക്കുള്ള വഴി മോശമായത് കൊണ്ടാണെന്നും , വർഷങ്ങളായി പരാതി പറഞ്ഞ് മടുത്തെന്നും അവര്‍ അഭിമുഖത്തിൽ പറയുന്നു.

ഇത്രയേ ഉള്ളു സംഭവം. ട്രോളന്മാരും , പേജ് മൊയലാളിമാരും അടങ്ങിയിരിക്കുമോ ? സ്വന്തം മകന് 'ലംബോർഗിനി' ഉണ്ടെന്ന് പറഞ്ഞത് വലിയ അപരാധമാണത്രെ ?? തള്ളാണത്രേ ? അതും വീട്ടിലോട്ടുള്ള വഴി മോശമായി കിടക്കുകയാണെന്ന് പറഞ്ഞാൽ അത് വലിയ പൊങ്ങച്ചമാണത്രേ ..?

'തള്ള് കുറയ്ക്ക് അമ്മായി' . 'അമ്മച്ചീ പൊങ്ങച്ചം കാണിയ്ക്കാതെ' എന്നൊക്കെ പറഞ്ഞ് നമ്മുടെ ട്രോളന്മാർ അങ്ങ് അഴിഞ്ഞാടാൻ തുടങ്ങി.

എനിയ്ക്ക് ചോദിക്കാനുള്ളത് ഇത്രയേ ഉള്ളു. വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പരിപാടിയിൽ അവർ തന്റെ മകന്റെ ലംബോർഗിനിയെ പറ്റിയല്ലാതെ അപ്പുറത്തെ പറമ്പിൽ കുലച്ച് നിൽക്കുന്ന കുലയെ പറ്റിയാണോ പറയേണ്ടത്?

'എടേയ് നമുക്കും നമ്മട വീട്ടിലുള്ളവർക്കും ഒരു സൈക്കിൾ പോലും വാങ്ങാൻ ഗതിയില്ലാത്തതിന്' അവരെന്ത് പിഴച്ചു ?. അവരുടെ മക്കൾ നല്ല രീതിയിൽ സമ്പാദിയ്ക്കുന്നു . ആ പൈസയ്ക്ക് അവർ ആവശ്യമുള്ളത് വാങ്ങുന്നു. അതവരുടെ കഴിവ്. അതും നോക്കി എല്ലും കഷ്ണം നോക്കി ചളുവ ഒലിപ്പിയ്ക്കുന്ന പട്ടിയെ പോലെ ഇരുന്നിട്ട് കാര്യമില്ല.

പിന്നെ അടുത്ത പാതകം അവര്‍ വീട്ടിലോട്ടുള്ള റോഡ് മോശമാണെന്ന് പറഞ്ഞത്രേ ? പോണ്ടിച്ചേരിയിൽ കൊണ്ട് പോയി സർക്കാരിനെ പറ്റിച്ചൊന്നുമല്ലല്ലോ അവര്‍ കാർ വാങ്ങിയത്.റോഡ് ടാക്സ് ആയിട്ട് കേരള സർക്കാരിന് 50 ലക്ഷത്തോളം രൂപ അടച്ചിട്ട് തന്നെയാണ് അവര്‍ വണ്ടി റോഡിലിറക്കിയത്. അപ്പോൾ അവർക്ക് ഈ റോഡ് മോശമാണെന്ന് പറയാനുള്ള എല്ലാ അവകാശമുണ്ട്. ആ റോഡ് നന്നാക്കി കൊടുക്കാനുള്ള ഉത്തരവാദിത്വം നമ്മുടെ ഭരണകൂടത്തിനുമുണ്ട്. വീടിന്റെ മുന്നിൽ ഒരൽപം ചെളി കെട്ടി കിടന്നാൽ പുറത്തിറങ്ങാത്തവന്മാരാണ് ഇതിനെതിരെ ട്രോളിട്ട് നടക്കുന്നതെന്നതാണ് ഏറ്റവും വലിയ തമാശ.

ഇവിടെ കാറും മല്ലിക സുകുമാരനും പൃഥ്വിരാജുമൊന്നുമല്ല വിഷയം.മലയാളിയുടെ സ്ഥായിയായ അസൂയ, കുശുമ്പ്, ചൊറിച്ചിൽ എന്നൊക്കെയുള്ള വികാരങ്ങളുടെ മൂർത്തീഭാവമാണ് മല്ലികാ സുകുമാരനുമേൽ എല്ലാവരും കൂടി തീർക്കുന്നത്. മുമ്പ് 'ഷീലാ കണ്ണന്താനത്തെ' ആക്രമിച്ചതും ഇതേ മനോ വൈകല്യങ്ങൾ നിറഞ്ഞവരാണ്.

ഭർത്താവ് നഷ്ട്ടപ്പെട്ട ഒരു സ്ത്രീ തന്റെ രണ്ട് മക്കളെയും ആരുടെയും കാല് പിടിയ്ക്കാതെ കഷ്ടപ്പെട്ട് വളർത്തുക, ആ രണ്ട് മക്കളും ലോകമറിയുന്ന നിലയിൽ വളരുക, എതിരാളികളെ പോലും ആരാധകരാക്കി മാറ്റുക , ആ അമ്മയ്ക്ക് അഭിമാനമായി മാറുക..

ശോ .. ഇതെങ്ങനെ ഞങ്ങൾ മലയാളികൾ സഹിക്കും...ഞാൻ നന്നായില്ലേലും കുഴപ്പമില്ല.. എന്റെ അയൽവാസി നശിക്കണേ എന്റെ ദൈവമേ ...