വണ്ടി ഏതായാലും മമ്മൂക്കയ്ക്ക് ഓക്കെ; വിഡിയോ

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ....വള്ളവും തുഴഞ്ഞ് പാട്ടുംപാടി മലയാളിമനസ്സിൽ കയറികൂടിയ കഥാപാത്രമാണ് കുട്ടിശങ്കരൻ. ഇപ്പോഴിതാ ആ കുട്ടിശങ്കരനെ വീണ്ടും ഓർമിപ്പിക്കുകയാണ് പുതിയ ചിത്രമായ കുട്ടനാടൻ ബ്ലോഗിലെ ഈ രംഗം.

സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ പകർത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വളരെ അനായാസമായി വള്ളം തുഴഞ്ഞു പോകുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. മമ്മൂട്ടിയുടെ പാടവം കണ്ട കാഴ്ചക്കാരും ഒന്നമ്പരന്നു. ഏത് വണ്ടിയായാലും മമ്മൂക്കയ്ക്ക് ഓക്കെ ആണെന്നായിരുന്നു ഈ രംഗം കണ്ട് നിന്നവരുടെ കമന്റ്.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കുട്ടനാടൻ ബ്ലോഗ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരന്റെ വിവരണത്തിലാണ് കഥ അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രമാണ് ബ്ലോഗ് എഴുത്തുകാരന്‍.

റായി ലക്ഷ്മി, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിർമിക്കുന്ന ചിത്രമാണിത്.