മാനസികമായി ഞാൻ അനുഭവിച്ചത് അത്രയധികമായിരുന്നു: രചന നാരായണന്‍കുട്ടി

മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി പിന്നീട് മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് രചന നാരായണന്‍കുട്ടി. നര്‍ത്തകിയെന്ന നിലയിലും പ്രശസ്തയായ രചന തന്റെ ജീവിതത്തിലെ വലിയ ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. പല കാരണങ്ങള്‍ കൊണ്ട് വിവാഹജീവിതം പരാജയമായെന്നും അത് തന്നെ ഭാഗികമായി തളര്‍ത്തിയെന്നും നടി പറയുന്നു. ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

‘എന്റെ ജീവിതത്തില്‍ മാത്രമല്ല മറ്റു പലരുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യമാണ് ഇത്. അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ച വിവാഹമായിരുന്നു ഇത്. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് വര്‍ക്കൗട്ട് ആയില്ല. എന്ന് വിചാരിച്ച് ഞാന്‍ തളര്‍ന്നില്ല. ഇല്ലെന്ന് മുഴുവനായും പറയാനാകില്ല. ഒരു മൂന്നു മാസമൊക്കെ വലിയ കഷ്ടപ്പാടായിരുന്നു. മാനസികമായി അനുഭവിച്ചത് ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല. അത്രയധികമായിരുന്നു.

ഒന്നിച്ചുപോകാൻ ശ്രമിച്ചു, പിന്നെയാണ് ആ തീരുമാനമെടുത്തത്.’ മനോജ് കെ. ജയൻ

പക്ഷെ എനിക്ക് താങ്ങും തണലുമായി എന്റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഒപ്പം തന്നെ ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഫാദര്‍ ഷാജു ഇടമനയും. ഞാന്‍ കല്യാണ സമയത്തു ജോലി രാജിവച്ചിരുന്നു. അപ്പോള്‍ ഫാദര്‍ പറഞ്ഞു നീയിങ്ങനെ ഇരിക്കേണ്ട ആളല്ല നീ തിരിച്ചു വരണം. നിനക്കിവിടെ ജോലി ഉണ്ടല്ലോ എന്ന്. അങ്ങനെ അവിടെ വീണ്ടും ജോലിക്ക് കയറി. അങ്ങനെയാണ് ഞാന്‍ പതിയെ തിരിച്ചുവന്നത്.

പേടിയുണ്ടായിരുന്നു. എല്ലാവര്‍ക്കുമുണ്ടാകുന്ന പോലെ, ആള്‍ക്കാര്‍ എന്ത് പറയുമെന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്റെ മനസ്സും ഭയങ്കര ചിന്താക്കുഴപ്പത്തിലായിരുന്നു. പക്ഷേ, നമ്മളെ പിന്തുണയ്ക്കാന്‍ ഒരാള്‍ മതി. ആ ആളുണ്ടെങ്കില്‍ നമുക്ക് തിരിച്ചുവരാനാകും. അപ്പോള്‍ ഇത് എനിക്ക് മാത്രം സംഭവിച്ചതല്ല എനിക്ക് മുന്‍പും അതിനു ശേഷവും പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഞാന്‍ മാറി ചിന്തിക്കണം എന്ന് പറഞ്ഞ് വീണ്ടും സ്‌കൂളില്‍ ജോയിന്‍ ചെയ്യുകയാണ് ഉണ്ടായത്. അവിടെ ഞാന്‍ മടിച്ചില്ല. അതായിരിക്കും ഒരുപക്ഷെ ലൈഫിലെ ടേണിങ് പോയിന്റ്. 

ദിവ്യാ ഉണ്ണിയെ അപഹസിക്കുന്നവര്‍ വായിച്ചറിയാന്‍; അധ്യാപികയുടെ കുറിപ്പ്

മൂന്നു മാസം എന്നത് ഒരു ചെറിയ കാലയളവാണെന്ന് തോന്നും മറ്റുള്ളവര്‍ക്ക്. പക്ഷെ, ഒരു മനുഷ്യന്‍ ഒരു ദിവസമാണെങ്കിലും ഒരു മിനിറ്റ് ആണെങ്കിലും അനുഭവിച്ച വിഷമം ആ ആള്‍ക്ക് മനസിലാകുന്ന അത്രയും വേറെ ആള്‍ക്ക് മനസിലായി കൊള്ളണമെന്നില്ല. അച്ഛനും അമ്മയ്ക്കും ആയാല്‍ പോലും. പക്ഷെ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എനിക്ക്. ഇപ്പോഴും ഉണ്ട് അതാണ് എന്റെ ബലം.  ഇങ്ങനെയൊരു  തീരുമാനം ഞാന്‍ അറിയിച്ചപ്പോള്‍ അച്ഛനും അമ്മയും എന്റെ കൂടെ ഉണ്ടായിരുന്നു. അവര്‍ക്കും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. അവര്‍ കുറെ വിഷമിച്ചു. ഞാനും വിഷമിച്ചു. അകെ ഒരു വല്ലാത്ത അവസ്ഥയായിരുന്നു വീട്ടില്‍. 

പുനര്‍വിവാഹിതരായ താരങ്ങൾ

പക്ഷേ, ഇപ്പോള്‍ അതില്‍ നിന്നെല്ലാം കരകയറി. ഈ സംഭവം ഞങ്ങളുടെ കുടുംബത്തിന് കുറച്ച് കൂടി  കരുത്ത് നേടിത്തന്നു. അനുഭവത്തില്‍ നിന്നാണല്ലോ നമ്മള്‍ ഓരോന്നും പഠിക്കുക.  ഞാനിപ്പോള്‍ വിവാഹം കഴിച്ചതുപോലെ തന്നെയാണ്. വിവാഹം കഴിച്ചത് നൃത്തത്തെയാണെന്ന് മാത്രം. എനിക്കിപ്പോള്‍ അതാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം. എന്റെ ഒരു ദിവസം തുടങ്ങുന്നത് നൃത്തത്തോടൊപ്പമാണ്. അത് എന്റെ കൂടെ ഒരു പങ്കാളിയായി ഉണ്ട്.-രചന പറഞ്ഞു.