‘ഫഹദിനെ വില്ലനാക്കിയതല്ല, അദ്ദേഹം ആയതാണ്’

ക്ലാസും മാസും ഒരു മിക്‌സിയിൽ ഇട്ട് അടിച്ചെടുത്താൽ ദിലീഷ് പോത്തൻ-ശ്യാം പുഷ്‌കരൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെ സിനിമയായി. അങ്ങനെയൊരു ചിത്രം വീണ്ടും വരികയാണ് – ‘കുമ്പളങ്ങി നൈറ്റ്‌സ്’. ഫഹദിനൊപ്പം ശ്യാമും ദിലീഷും ഈ ചിത്രത്തിലൂടെ നിർമാതാക്കളാകുന്നു എന്ന പ്രത്യേകതയുണ്ട്. നവാഗതനായ മധു സി.നാരായണനാണു സംവിധായകൻ. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ശ്യാം പുഷ്‌കരൻ സംസാരിക്കുന്നു. 

പ്രശസ്തമായ ‘കുമ്പളങ്ങി  കഥകളു’മായി ചിത്രത്തിനെന്തെങ്കിലും ബന്ധം... 

ഒരു ബന്ധവുമില്ല. എന്റെ നാട് കുമ്പളങ്ങിക്കടുത്താണ്. സ്വന്തം നാടിനെക്കുറിച്ച് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ഒരുപാട് നാളായി മനസ്സിലുണ്ട്. അതിപ്പോൾ യാഥാർഥ്യമാകുന്നെന്നു മാത്രം. ഉൾനാടൻ മത്സ്യബന്ധനമാണു ചിത്രത്തിന്റെ പ്രമേയം. അങ്ങനെയൊന്നു മലയാളത്തിൽ വന്നിട്ടില്ല. ആദ്യമായാണ് ഹാസ്യരസ പ്രധാനമായ തികഞ്ഞ ഫാമിലി ഡ്രാമ ചെയ്യുന്നത്. 

ഫഹദിനെ എന്തിനാണു വില്ലനാക്കിയത്...

ആക്കിയതല്ല. അദ്ദേഹം ആയതാണ്. കഥ കേട്ടുകഴിഞ്ഞപ്പോൾ ആ റോൾ വേണമെന്ന് ഫഹദ് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം, പുതുമുഖം മാത്യു തോമസ് എന്നിവരാണ് നായകരായ നാലു സഹോദരന്മാരുടെ വേഷം ചെയ്യുന്നത്. നായികയെ ഓഡിഷനിലൂടെ കണ്ടെത്തും. 

ഇത്രയുംനാൾ മറ്റു നിർമാതാക്കൾക്കു വേണ്ടി ജോലി ചെയ്തതിനാലാണോ, സ്വന്തം നിർമാണക്കമ്പനിക്ക് വർക്കിങ് ക്ലാസ് ഹീറോ എന്നു പേരിട്ടത്...

ഹേയ്, അതിൽ തൊഴിലാളി-മുതലാളി ബന്ധമൊന്നുമില്ല. ജോൺ ലെനന്റെ വിഖ്യാതമായ ഗാനത്തിലെ വരികളിൽ നിന്നാണു പേര് കണ്ടെത്തിയത്. എനിക്കും ദിലീഷിനും ഫഹദിനും ഏറെ ഇഷ്ടപ്പെട്ട ഗാനമാണത്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന ബാനറും ഒപ്പം ചേർന്നാണു നിർമാണം. ഓഗസ്റ്റിൽ ഷൂട്ടിങ് തുടങ്ങും. 

എന്തുകൊണ്ട് പുതിയ സംവിധായകൻ...

മധു സി.നാരായണൻ സ്വതന്ത്രമായി ചെയ്യുന്ന ആദ്യചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’ എങ്കിലും അദ്ദേഹം വർഷങ്ങളായി അസോഷ്യേറ്റ് ഡയറക്ടറായി ചലച്ചിത്ര മേഖലയിലുണ്ട്. ആഷിക് അബു, ദിലീഷ് പോത്തൻ, ഷൈജു ഖാലിദ് എന്നിവരോടൊപ്പം വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു.