‘ശരീരഭാഗം കാണിക്കാമോ..?’; ആ ദുരനുഭവം എന്റെ ജീവിതത്തിൽ സംഭവിച്ചത്: അൻസിബ

സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയാണ് ചലച്ചിത്ര താരം അൻസിബ ഹസന്റെ എ ലൈവ് സ്റ്റോറി എന്ന ഹ്രസ്വ ചിത്രം. പലപ്പോഴും സ്ത്രീകൾ ഫെയ്സ് ബുക്ക് ലൈവ് നൽകിയാലോ അല്ലെങ്കിൽ ഒരു പോസ്റ്റിട്ടാലോ അറിയാത്ത പല പ്രൊഫൈലുകളിൽ നിന്നും ഇത്തരം കമന്റുകൾ വരുന്നത് സാധാരണമാണ്. അത്തരക്കാർക്കുള്ള ചുട്ട മറുപടിയാണ് അൻസിബയുടെ ചിത്രം. കഴിഞ്ഞ ദിവസം യുടൂബിൽ റിലീസ് ആയ ചിത്രം നിരവധി പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. ഫെയ്സ് ബുക്ക് വിഡിയോയുമായി എത്തുന്ന ലയ എന്ന കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന അനുഭവങ്ങളിലൂടെ വികസിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും അൻസിബ തന്നെയാണ്.

‘എ ലൈവ് സ്റ്റോറി’ യഥാര്‍ഥ കഥ

ഈ ഹ്രസ്വചിത്രം പറയുന്നത് എന്റെ തന്നെ ജീവിതത്തിൽ നടന്ന സംഭവമാണ്. ഫെയ്സ് ബുക്ക് ലൈവ് നൽകുമ്പോൾ ഏറ്റവും കൂടുതൽ അശ്ലീല കമന്റുകൾ ഉണ്ടാകുന്നത് പെൺകുട്ടികൾക്കാണ്. പ്രത്യേകിച്ച് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പെണ്‍കുട്ടികൾക്ക്. ഞാനൊരു ലൈവ് ചെയ്തപ്പോൾ ഇതുപോലെ ഒരു ചേട്ടൻ വന്ന് എന്നോട് ശരീരഭാഗം കാണിക്കാമോ എന്ന് വളരെ മോശമായി തന്നെ ചോദിച്ചു. ആ ചിത്രത്തിൽ സഭ്യമായ ഭാഷയിലാണ് അത് പറയുന്നത്. പക്ഷേ, എന്നോട് വളരെ മോശമായ രീതിയിലായിരുന്നു ചോദിച്ചത്. ഇത് കണ്ടതോടെ ഞാനാകെ അപ്സെറ്റായി. പിന്നെ, എങ്ങനെയൊക്കെയോ ആണ് ആ ലൈവ് അവസാനിപ്പിച്ചത്. മാനസീകമായി തളർന്ന് പോവുകയും ചെയ്തു. എന്നെ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ആ കമന്റ് ഇട്ടിരിക്കുന്നത്. ഇത്തരം കമന്റുകൾ ഒരു വ്യക്തിയെ എത്രമാത്രം തകർക്കുമെന്ന് ഈ കമന്റിടുന്നവർക്ക് മനസ്സിലാകില്ല.

എന്റെ അപ്പോഴത്തെ മാനസികാവസ്ഥ കണ്ട് എന്റെ സുഹൃത്തുക്കൾ ആ പ്രൊഫൈൽ കണ്ടെടുത്തു. നോക്കുമ്പോൾ അതൊരു വ്യാജ പ്രൊഫൈൽ ഒന്നും ആയിരുന്നില്ല. യഥാർഥ ഫെയ്സ് ബുക്ക് പ്രൊഫൈലിൽ നിന്ന് തന്നെയാണ് അയാൾ ഈ കമന്റിട്ടിരിക്കുന്നത്. അങ്ങനെ അയാളുടെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചു.അങ്ങനെ ഈ പ്രൊഫൈലിനെ പറ്റിയും എല്ലാം അയാളോട് ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചു. എന്നാൽ ഈ കമന്റിട്ടത് നിങ്ങളല്ലേ എന്ന് ചോദിച്ചപ്പോൾ അതുമാത്രം അയാൾ സമ്മതിച്ചില്ല. കുറെ ചോദ്യം ചെയ്തപ്പോൾ അയൾ ഭയന്നു പോയി. ഫോൺ ഭാര്യയുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു. ഭയന്ന് നിന്നതിനാൽ പെട്ടന്ന് അയാൾ ഫോൺ അവർക്ക് നൽകി.  അവരോട് എന്നെ അറിയാമോ എന്ന് ചോദിച്ചു. അറിയാമെന്നും ഇഷ്ടമാണെന്നും പറഞ്ഞു. അപ്പോൾ അവരോട് കാര്യങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ലൈവ് നിന്നപ്പോൾ ചേച്ചിയുടെ ഭർത്താവ് ഇങ്ങനെ കമന്റിട്ടെന്നും പറഞ്ഞു. അവർ പാവം എന്തുപറയാനാണ്. അവരെ മാത്രം ഓർത്താണ് പിന്നെ മുന്നോട്ടു പോകാതിരുന്നത്– അൻസിബ പറഞ്ഞു.

സംവിധായികയുടെ റോൾ...

വിഷ്വൽ കമ്യൂണിക്കേഷൻ ഫൈനൽ ഇയർ സ്റ്റുഡന്റാണ് ഞാൻ. കോഴ്സിന്റെ ഭാഗമായി ഒരു ഷോട്ട് ഫിലിം സബ്മിറ്റ് ചെയ്യണമായിരുന്നു. എന്ത് ചെയ്യുമെന്ന് ഓർത്തിരുന്നപ്പോഴാണ് ഈ സംഭവം ഓർമ്മ വന്നത്. അപ്പോൾ വിചാരിച്ചു ഏതായാലും ഒരു ചിത്രം ചെയ്യണം. എന്നാൽ, അത് അൽപം നല്ലരീതിയിൽ ചെയ്യാം. അങ്ങനെയാണ് ഈ ചിത്രത്തിന്റെ കഥയെഴുതുന്നത്. 

പ്രേക്ഷക പ്രതികരണം...

സമൂഹമാധ്യമങ്ങളിൽ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുറെ പേർ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരും വിളിച്ചിരുന്നു. ഏറ്റവും സന്തോഷം തോന്നിയത് ലാലേട്ടന്റെ മെസേജ് കണ്ടപ്പോഴാണ്. ചിത്രം നന്നായിട്ടുണ്ടെന്നും നല്ല വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. അതിൽ വലിയ സന്തോഷം തോന്നിയെന്നും അൻസിബ പറഞ്ഞു.