‘നീ ചെയ്തത് നല്ലൊരു കാര്യമാണ്’, ദുൽഖറിനോട് മമ്മൂക്ക പറഞ്ഞു !

കഴിഞ്ഞ മുപ്പതുവർഷത്തോളമായി സിദ്ദിഖും മുകേഷും അടുത്തസുഹൃത്തുക്കളാണ്. വര്‍ഷങ്ങൾ പിന്നിടുമ്പോഴും ഇവർ പഴയ സൗഹൃദം അതുപോലെ തന്നെ ഇന്നും തുടരുന്നു. ഇപ്പോൾ ചെയ്യുന്ന സിനിമകളുടെ സെറ്റിലാണെങ്കിലും ഒരുമിച്ചായിരിക്കും കാരവനിലും മറ്റും ഇരിക്കുക. മാത്രമല്ല ഒഴിവുസമയങ്ങളെല്ലാം തമാശപറഞ്ഞും മറ്റും അന്തരീക്ഷം മനോഹരമാക്കും. എന്നാൽ പുതുതലമുറയിൽ എത്രപേർ ഇങ്ങനെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് അറിയില്ലെന്ന് ഇരുവരും പറയുന്നു. മഴവിൽ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് ഇരുവരും മനസ്സുതുറന്നത്.

‘രാമലീല സിനിമയുടെ സെറ്റിലാണെങ്കിലും ഞാനും സിദ്ദിഖും വിജയരാഘവനുമൊക്ക മുഴുവൻ സമയവും ഒന്നിച്ചായിരുന്നു. ഞങ്ങൾ ഇപ്പോഴും അതേസൗഹൃദം തന്നെയാണ് പിന്തുടരുന്നത്. അതുകൊണ്ട് അതൊരിക്കലും മിസ്സ് ചെയ്യുന്നുണ്ടെന്ന് അനുഭവപ്പെടില്ല. ഞങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരു ആൾ വരുമ്പോൾ പഴയതമാശകളും സംഭവങ്ങളുമൊക്കെ വീണ്ടും പറഞ്ഞ് ആസ്വദിക്കും.’–മുകേഷ് പറഞ്ഞു.

‘പുതുതലമുറ ചിലപ്പോൾ അവരുടെ തലമുറയിൽപെട്ട ആളുകൾക്കൊപ്പം ഇതെല്ലാം ആസ്വദിക്കുന്നുണ്ടാകാം. എന്നാൽ ഞങ്ങളോട് ബഹുമാനത്തോട് കൂടിയേ അവർ നിൽക്കൂ.’–സിദ്ദിഖ് പറഞ്ഞു. 

‘നേരത്തെ സിദ്ദിഖ് പറഞ്ഞൊരു കാര്യമുണ്ട്. നമ്മുടെ ഇടയിലുള്ള മുതിർന്നവരെ കാണാനും അവരോടൊക്കെ സംസാരിക്കാനുമാണ് സിദ്ദിഖ് സിനിമയിൽ എത്തിയത്. ഞാനും ആ കൂട്ടത്തിൽപെട്ട ആളാണ്. ഞാനൊക്കെ മുതിർന്നവരെ തിരക്കിചെല്ലും. അവരുടെ ചർച്ചകൾ കേൾക്കും, തീരുമാനങ്ങളും അവരുടെ സംസാരരീതിയും മനസ്സിലാക്കും. എന്നിട്ട് കൊല്ലത്ത് ചെന്ന് എന്റേതെന്ന രീതിയിൽ കാച്ചും. പക്ഷേ ആ ഒരു അനുഭവം വലുതാണ്. എന്നാൽ ഇന്ന് അങ്ങനെ ഉണ്ടോ എന്ന് സംശയമാണ്. അതിൽ എന്നെ സന്തോഷപ്പെടുത്തിയൊരു കാര്യമുണ്ട്.’മുകേഷ് പറഞ്ഞു.

‘ഞാനും ദുൽഖറും ജോമോന്റെ സുവിശേഷങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. സെറ്റിലൊരു ദിവസം ഇന്നസെന്റ് ചേട്ടനും ദുൽഖറും ഒരുമിച്ചിരുന്ന് കുറേനേരം സംസാരിച്ചു. ദുൽഖർ ഇപ്പൊ എഴുന്നേറ്റ് പോകും എന്നാണ് വിചാരിച്ചത്. പക്ഷെ അദ്ദേഹം രണ്ടുമണിക്കൂർ നേരം ഞങ്ങൾക്കൊപ്പം ഇരുന്ന്, കാര്യങ്ങൾ കേട്ട് ചിരിച്ചു, കുറച്ച് കാര്യങ്ങൾ പറഞ്ഞു.’ മുകേഷ് പറഞ്ഞു.

ഇതൊക്കെ കഴിഞ്ഞ് വൈകുന്നേരം മമ്മൂക്ക എന്നെ വിളിച്ചു. ‘ദുൽഖർ നിങ്ങളുടെ കൂടെയിരുന്ന് കുറേനേരം സംസാരിച്ച് തമാശയൊക്കെ പറഞ്ഞെന്ന് അറിഞ്ഞു.’ ഞാൻ പറഞ്ഞു, ‘അതെ അതെ’.

അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ‘ഞാൻ അവന്റെ അടുത്ത് പറഞ്ഞു, നീ ചെയ്തത് വളരെ നല്ലകാര്യമാണ്. അവരുടെയൊക്കെ അടുത്തിരുന്ന് സംസാരിക്കണം. സിനിമയുടെ ചരിത്രം അവർക്ക് അറിയാവുന്നതുപോലെ മറ്റാർക്ക് അറിയാം. അതൊക്കെ ഇങ്ങനെയേ പഠിക്കാൻ കഴിയൂ.’

‘ഇങ്ങനെയൊക്കെ ഇരുന്ന് സംസാരിക്കുമ്പോഴാണ് നമ്മുെട ജീവിതാനുഭവങ്ങളും പിന്നിട്ട വഴിയിലെ ദുർഘടങ്ങളുമൊക്കെ മറ്റുള്ളവർക്കും അറിയാൻ കഴിയൂ. അവർക്കും ഒരുപാട് ഗുണങ്ങളുണ്ടാകും.’–മുകേഷ് പറഞ്ഞു.