Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൽ ജോസിന് മുന്നില്‍ പകച്ചു നിന്ന സംവൃത

lal-jose-samvrutha

വിവാഹശേഷം സിനിമയിൽ നിന്നും വിടപറഞ്ഞ നിരവധി നടിമാർ മലയാളത്തിലുണ്ട്. അക്കൂട്ടത്തിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായിരുന്നു സംവൃത. ഇപ്പോഴിതാ അഞ്ചുവർഷത്തിന് ശേഷം നടി ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരികെ വരുന്നു.

മലയാളസിനിമയിലെ പുതിയ മുഖങ്ങളെ തേടി മഴവിൽ മനോരമ ഒരുക്കുന്ന പുതിയ റിയാലിറ്റി ഷോ 'നായികാ നായകനിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ലാൽ ജോസ് ആണ് പരിപാടിയുടെ വിധികർത്താവ്.

നായികാ നായകൻ l എപ്പി - 01 ഫ്ലോർ റെഡി. സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ...! l മഴവിൽ മനോരമ

വേദിയിലെത്തിയപ്പോൾ ആദ്യ സിനിമയിൽ ലാൽ സാറിനൊപ്പം പ്രവർത്തിച്ചതിനേക്കാള്‍ ടെൻഷൻ തനിക്കുണ്ടെന്ന് സംവൃത പറയുന്നു. ‘ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ സിനിമയെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ഒരു ഐഡിയയും ഇല്ലായിരുന്നു. ലാൽ ജോസ് സാർ എന്നോട് അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ വളരെ കോൺഫിഡന്റായി ഒരു കൈ നോക്കാം എന്ന് പറയുകയായിരുന്നു. എന്നാൽ അഭിനയിത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ മേഖലയിലാണ് ഇപ്പോൾ നിൽക്കുന്നത്. അതുകൊണ്ടാണ് ടെൻഷൻ ഉണ്ടെന്ന് പറഞ്ഞത്.’

‘2012ൽ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലാണ് ഞാൻ അവസാനമായി അഭിനയിച്ചത്. വിവാഹശേഷം ഭർത്താവുമൊത്ത് കാലിഫോർണിയയിലേക്ക് താമസമായി. നീണ്ട അഞ്ചുവർഷം സ്വകാര്യ ജീവിതം ഞാൻ ആസ്വദിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്ന് മാറിനിൽക്കണം എന്നത് എന്റെ തന്നെ തീരുമാനമായിരുന്നു. ആ ഒരു സമയം ശരിക്കും ആസ്വദിച്ചു. വീട്ടിലെ ചെറിയചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ’

‘എന്റെ മോന് ഇപ്പോൾ മൂന്നുവയസ്സായി. കാര്യങ്ങൾ ഒക്കെ അറിഞ്ഞ് തുടങ്ങാനുള്ള പ്രായമായി. അതുകൊണ്ടാണ് മഴവിൽ മനോരമയിൽ നിന്ന് ഇങ്ങനെയൊരു ഓഫർ വന്നപ്പോൾ െചയ്യാം എന്ന് തീരുമാനിച്ചത്’.–സംവൃത പറഞ്ഞു.

ലാൽ ജോസിനെ കണ്ട് പകച്ച് നിന്ന് സംവൃത

‘രസികൻ സിനിമയിലേക്ക് പുതിയ കുട്ടിയെ നോക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് നിർമാതാവ് സന്ദീപ് സേനൻ കണ്ണൂരുള്ള കുട്ടിയെക്കുറിച്ച് പറയുന്നത്. സംവിധായകൻ രഞ്ജിയേട്ടന്റെ കുടുംബസുഹൃത്താണ് അവരെന്നും എറണാകുളത്ത് അവർ വന്നപ്പോൾ കുട്ടിയെ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.’

‘അങ്ങനെ രാജീവ് രവിയുമായി ഞാൻ സംവൃതയെ കാണാൻ പോയി. ഇപ്പോഴും ഓർക്കുന്നു, അന്ന് ഞങ്ങളെ കണ്ട് കർട്ടൻ മാറ്റി പകച്ച് നിന്നത്. സത്യത്തിൽ അപ്പോഴേക്കും സിനിമ ഞങ്ങൾ തുടങ്ങിവച്ചിരുന്നു.’–ലാൽ ജോസ് പറഞ്ഞു.

‘ഇവർ കാണാൻ വന്നു. അങ്ങനെ ലൊക്കേഷനിലെത്തി. ഫോട്ടോഷൂട്ട് എടുത്തു, നേരെ സാര്‍ കൈ നൽകി പറഞ്ഞു, ‘നാളെ ഷൂട്ട് തുടങ്ങാം എന്ന്’.–സംവൃത പറഞ്ഞു.

പതിനായിരത്തിൽ പരം അപേക്ഷകളിൽ നിന്നും മൂന്നു ഘട്ട ഓഡിഷനിൽ ഏറ്റവും മികച്ച അഭിനയശേഷിയുള്ള 16 യുവതി യുവാക്കളാണ് 'നായികാ നായകൻ' വേദിയിൽ മാറ്റുരയ്ക്കാൻ പോകുന്നത്. ഇതിലെ വിജിയെ കാത്തിരിക്കുന്നത് ലാൽ ജോസ് ചിത്രത്തിലെ നായികാ നായകൻ വേഷമാണ്. 

മെയ് 28 തിങ്കളാഴ്ച സംപ്രേക്ഷണം ആരംഭിക്കുന്ന 'നായികാ നായകനി'ലൂടെ മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനും പ്രിയ നായികാ സംവൃത സുനിലും ആദ്യമായ് മിനിസ്ക്രീനിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ലാൽ ജോസ് വിധികർത്താവായ് എത്തുന്ന വേദിയിൽ കുഞ്ചാക്കോ ബോബനും സംവൃത സുനിലും മത്സരാർത്ഥികളുടെ മെന്റർസായാണ് എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.