ഇങ്ങനെയാകണം നടൻ; വിജയ്‍യെ പ്രശംസിച്ച് തമിഴ്താരങ്ങൾ

പൊലീസ് സന്നാഹങ്ങളോ പരിവാരങ്ങളോ ആഡംബരകാറുകളോ ഇല്ലാതെയാണ് ഇളയദളപതി വിജയ് തമിഴ്നാട്ടിലെ പ്രശ്നബാധിതപ്രദേശമായ തൂത്തുക്കുടി സന്ദർശിച്ചത്. ചൊവ്വാഴ്ച രാത്രി സഹായിക്കൊപ്പം ഒരു ബൈക്കിലാണ് താരം തൂത്തുക്കുടിയിൽ എത്തിയത്.

രാത്രിയിൽ വന്നതിന് ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം ആദ്യം തന്നെ അവിടെയുള്ളവരോട് പറഞ്ഞത്. പൊലീസ് നരയാട്ടിൽ മരിച്ച ഓരോ കുടുംബാംഗങ്ങളുടെയും വസതിയിൽ താരം എത്തി. അവിടുള്ളവരോടൊപ്പം അൽപസമയം ചെലവഴിക്കുകയും ചെയ്തു. ദയവ് ചെയ്ത് ചിത്രങ്ങളോ വിഡിയിയോ അനാവശ്യമായി പകർത്തരുതെന്നും താഴ്മയായി അഭ്യർത്ഥിച്ചു.

അവിടെയുള്ള ആളുകൾ മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് വിജയ് തൂത്തുക്കുടിയിൽ എത്തിയ വിവരം മാധ്യമങ്ങളും അറിയുന്നത്. വിജയ് അവാർഡിൽ പങ്കെടുക്കാതെയാണ് അദ്ദേഹം ഇവിടെ എത്തിയത് എന്നതാണ് മറ്റൊരു പ്രധാനകാര്യം. അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് സിബി സത്യരാജ്, വിഘ്നേശ് ശിവൻ അടക്കമുള്ള താരങ്ങൾ രംഗത്തെത്തി.

വിജയ്‌യുടെ സന്ദര്‍ശനം അപ്രതീക്ഷിതമായി പോയെന്ന് നാട്ടുകാരും അഭിപ്രായപ്പെട്ടു. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് തങ്ങളോട് ചോദിച്ചെന്നും ഓരോരുത്തരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും ഇവർ പറഞ്ഞു.

മരിച്ച കുടുംബാഗംങ്ങളുടെ ബന്ധുക്കൾക്ക് ഒരുലക്ഷം രൂപവീതം സഹായവും വിജയ് നൽകിയെന്ന് റിപ്പോർട്ട് ഉണ്ട്. നേരത്തെ സൂപ്പർതാരങ്ങളായ കമൽഹാസനും രജനീകാന്തും തൂത്തുക്കുടി സന്ദർശിച്ചിരുന്നു.

ഗുരുതര ആരോഗ്യ പാരിസ്ഥിതിക പ്രശ‌്നങ്ങൾ സൃഷ്ടിക്കുന്ന സ‌്റ്റെർലൈറ്റ‌് കോപ്പർ കമ്പനിക്കെതിരെ തൂത്തുക്കുടിയിൽ നടത്തിയ സമരത്തെ തുടർന്ന് പതിമൂന്നോളം ആളുകളാണ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.