ഞാനും എനിക്കുള്ളതും നിന്റേത്, ലവ് യു നസ്രിയ: ഫഹദ്

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്, പാര്‍വതി, നസ്രിയ നസീം ചിത്രത്തിന് പേരിട്ടു. ‘കൂടെ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെയ്ക്കുമ്പോള്‍ ജീവിതത്തിൽ ഇതിനു മുമ്പ് തോന്നിയിട്ടില്ലാത്ത സന്തോഷമുണ്ടെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.

വിവാഹശേഷം അഭിനയത്തില്‍നിന്ന് മാറി നില്‍ക്കുകയായിരുന്ന നസ്രിയയുടെ മടങ്ങിവരവ് ചിത്രം കൂടിയാണിത്. പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്.

‘നാല് വര്‍ഷത്തിനു ശേഷം നസ്രിയ സ്‌ക്രീനിലേക്ക് മടങ്ങി വരുന്നു എന്നതാണ് എന്റെ സന്തോഷത്തിന് കാരണം. കാരണം ആ നാല് വര്‍ഷം അവള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത് ഞങ്ങളുടെ നല്ല കുടുംബ ജീവിതത്തിന് വേണ്ടിയായിരുന്നു. ഐ ലവ് യു നസ്രിയ, ഞാനും എനിക്കുള്ളതെല്ലാം നിന്റേതാണ്.’–ഫഹദ് പറയുന്നു.

‘ഐ ലവ് യു നസ്രിയ’; പുരസ്കാരം ഏറ്റുവാങ്ങി ഫഹദ് പറഞ്ഞു

‘ഇതൊരു മികച്ച സിനിമ മാത്രമല്ല ഇതിലെ താരങ്ങളും സാങ്കേതികപ്രവർത്തകരും മികച്ചതാണ്. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ സ്വന്തം നസ്രിയയ്ക്കും എല്ലാം ആശംസകളും.’–ഫഹദ് കുറിച്ചു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് കൂടെ എന്ന് നസ്രിയ പറയുന്നു.

പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് കൂടെ എന്ന ചിത്രം പറയുന്നതെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഞ്ജലി പറയുന്നു. ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണിയും നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെ പിതാവായി അഭിനയിക്കുന്നു.