ആ കലണ്ടർ ഇതുവരെ അച്ചടിച്ചിട്ടില്ല; ഡെറിക്കിനെ പ്രശംസിച്ച് പ്രജേഷ് സെൻ

മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികൾ കേരളത്തിലെ തിയറ്ററുകളിൽ വലിയ പ്രതികരണം സൃഷ്ടിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് ക്യാപ്റ്റൻ സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ.

പ്രജേഷിന്റെ കുറിപ്പ് വായിക്കാം–

ഡെറിക്കിന്റെ മേല് മണ്ണുപറ്റുന്ന ആ ദിവസത്തിനുള്ള കലണ്ടര്‍ പ്രിന്‍റ് ചെയ്തിട്ടില്ല...അത്രയും മതി മിസ്റ്റര്‍ ഹനീഫ് അദേനി നിങ്ങളുടെ മനോഹരമായ സ്ക്രിപ്റ്റിന്റെ ഇന്‍ട്രോ.

കയ്യടക്കത്തോടെ ചെയ്തൊരു ത്രില്ലര്‍ കണ്ട ഫീലായിരുന്നു. വീഴ്ചയിലും ഉയര്‍ച്ചയിലും നമ്മളെ കൂടെ കൊണ്ടുപോകുന്ന ഡെറിക്കെന്ന പോലീസ് ഉദ്യോഗസ്ഥനില്‍ മമ്മൂക്ക എന്ന നടന്‍ തീരെയില്ല, ഡെറിക്ക് എബ്രഹാമെന്ന മനുഷ്യന്‍ മാത്രം. 

എല്ലാ നഷ്ടങ്ങളുടെയും കണക്കുകളിലൂടെ സഞ്ചരിക്കുന്ന നിസ്സഹായനായ പൊലീസ് ഓഫീസറില്‍ നിന്നും അദ്ദേഹത്തിന്‍െറ ചെയ്ഞ്ചാണ് സിനിമ നല്‍കുന്ന ഏറ്റവും വലിയ ആവേശം. 

രണ്ടാം പകുതിയിലെ ആവേശങ്ങള്‍ക്ക് വേണ്ടി ഒന്നാം പകുതിയില്‍ ഒളിപ്പിച്ച ‘വീഴ്ചകളാണ്’ ഹനീഫ് അദേനി എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്‍ ഷാജി പാടൂരിന്റെയും വിജയം. ശരിക്കുമൊരു വിദേശ സിനിമയുടെ നിലവാരത്തിലായിരുന്നൂ ആല്‍ബിയുടെ കാമറ തന്ന വിഷ്വല്‍സ്. 

പ്രിയസുഹൃത്തുക്കള്‍ എഡിറ്റര്‍ മഹേഷ് നാരായണന്‍, ഗോപി സുന്ദര്‍,സന്തോഷ് രാമന്‍, ജോബി ജോര്‍ജ്ജ്... അഭിനന്ദനങ്ങള്‍.