നാല് നായികമാരെ അമ്പരപ്പിച്ച് മമ്മൂട്ടിയുടെ വരവ്; വിഡിയോ

അഭിനയത്തിന്റെ മഹാസമുദ്രക്കരയിൽ വന്ന നാല് ഇതളുകളായി മാറി അവർ. കഥാപാത്രങ്ങളുടെ വൻതിരകൾ ഹൃദയത്തിലൊളിപ്പിച്ച ആ കടൽ നോക്കിയിരിക്കുമ്പോൾ അവര്‍ നായികമാരായിരുന്നില്ല, തനി കുട്ടികള്‍. മമ്മൂക്കയോട് എന്താണു ചോദിക്കേണ്ടതെന്ന കൗതുകമാണ് നാലുപേരുടെ മുഖത്തും. അവരെ നോക്കി വൈക്കം കായലിൽ നിലാവു വീഴുന്ന ഭംഗിയോടെ മമ്മൂട്ടി തെളിഞ്ഞു ചിരിച്ചു. 

പിന്നെ, ആകാശത്തിനു കീഴെയുള്ള ഏതു കാര്യവും അറിയാനുള്ള കൗതുകത്തോടെ ചോദ്യങ്ങൾ അങ്ങോട്ടു ചോദിച്ചു തുടങ്ങി. ചിലപ്പോൾ കുട്ടിയെ പോലെ ചുമ്മാ തർക്കിച്ചു. അപ്പോഴും ആരും ഒന്നും ചോദിച്ചില്ല. ‘‘ചോദിക്കാനൊന്നുമില്ലേ?  ‘എന്താണ് ഗ്ലാമറിന്‍റെ രഹസ്യം, ക്യാമറ യാണോ, കാറാണോ േക്രസ്’ തുടങ്ങി തേഞ്ഞു പഴകിയ ചോദ്യങ്ങളൊന്നും വേണ്ട...’’ കാറ്റുപിടിച്ച കായല്‍ കലഹിക്കുന്നതു പോലെ മമ്മൂട്ടി ഒന്നിളകിയോ? ഇന്നലെ ‘മാമാങ്കം’ സിനിമയുെട െസറ്റിൽ ചാവേറിന്‍റെ വേഷത്തില്‍ കാണുമ്പോള്‍ ചുരികത്തുമ്പിന്‍റെ മൂര്‍ച്ചയുണ്ടായിരുന്നു, ഒാരോ േനാട്ടത്തിലും ചലനത്തിലും. ഇപ്പോൾ ഹിറ്റ്ലർ മാധവൻകുട്ടിയെപ്പോലുണ്ട്. കുറച്ചു മുന്നേ ‘ഗ്രേറ്റ്ഫാദറി’ലേയും ‘അബ്രഹാമിന്റെ സന്തതികളി’ലേയും കഥാപാത്രങ്ങളെ പോലെ നല്ല സ്റ്റൈലായി ക്യാമറയ്ക്കു മുന്നിലേക്ക് നടന്നു പോയി. 

പക്ഷേ, ഇവർക്കറിയാം ഇതൊന്നുമല്ല ശരിക്കുള്ള മമ്മൂട്ടിയെന്ന്. സിനിമയെന്ന സ്വപ്നത്തെ ചുളിവു വീഴാതെ ഇപ്പോഴും മോഹിക്കുന്ന, വജ്രശോഭയോടെ നിൽക്കുമ്പോഴും ഉള്ളിലൊരു കുട്ടിത്തം സ്കൂൾ യൂണിഫോമിട്ട് നിർത്തിയിരിക്കുന്ന ആ മമ്മൂട്ടിയെ നമ്മൾ തിരശ്ശീലയിൽ കാണുന്നേയില്ലല്ലോ.