നസ്രിയ അവതരിപ്പിക്കുന്നു ഫഹദിന്റെ ‘വരത്തൻ’

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വരത്തൻ എന്നാണ് സിനിമയുടെ പേര്.

അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. വാഗമൺ, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷൻ.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ഈ അമൽനീരദ് ചിത്രത്തില്‍ നായിക. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്.

സിനിമ സംബന്ധിച്ച എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്. സംഗീതം സുഷിൻ ശ്യാം.

ഈ സിനിമയുടെ പൂർത്തീകരണത്തിന് ശേഷമാകും മമ്മൂട്ടി നായകനാകുന്ന ബിലാൽ 2 തുടങ്ങുക. അതിനിടെ ഫഹദ് നായകനാകുന്ന അൻവർ റഷീദ് ചിത്രം ട്രാൻസും പൂർത്തീകരിക്കാനുണ്ട്.

ട്രാന്‍സിന്റെ അവസാന ഷെഡ്യൂള്‍ ആണ് ഇനി ആരംഭിക്കാനുള്ളത്. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്.