Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകനിലൂടെ ആ ആഗ്രഹം സഫലീകരിച്ച സുധീഷ്

sudheesh-son ടി. സുധാകരൻ, സുധീഷും കുടുംബവും

കോഴിക്കോട്ടു നിന്നു സിനിമാക്കുട്ടിയായി സ്ക്രീനിൽ വന്നിറങ്ങിയ സുധീഷിനെ ആദ്യം വരവേറ്റത് അടൂരിന്റെ ‘അനന്തരം’ ആയിരുന്നെങ്കിലും, സിനിമയുടെ പുഴയിൽ മുങ്ങാൻ പ്രാപ്തനാക്കിയതിൽ ആലപ്പുഴയ്ക്കു വലിയ പങ്കുണ്ട്. ആ ചരിത്രത്തിലേക്കു തുഴയണമെങ്കിൽ മൂന്നു തലമുറകളുടെ കഥ പറയണം. സുധീഷിന്റെ അച്ഛൻ ടി.സുധാകരൻ നാടകനടനായും സിനിമാവേഷത്തിലുമൊക്കെ അറിയപ്പെടും മുൻപ് ആലപ്പുഴയിലൊരു സ്കൂൾ വിദ്യാർഥിയായിരുന്നു. 

സുധാകരന്റെ അച്ഛൻ മാധവൻ മേനോക്കിക്ക് ആലപ്പുഴയിലെ ഇംഗ്ലിഷ് കമ്പനിയിൽ ജോലിയുണ്ടായിരുന്ന കാലത്താണത്. കലാപരമായ ആദ്യ വളർച്ചയുടെ ഇടവും സുധാകരന് ആലപ്പുഴതന്നെ. കോഴിക്കോട്ടുകാരനായ മേനോക്കി നാട്ടിലേക്കു തിരിച്ചുപോയതോടെ ആറേഴു വർഷത്തെ ആലപ്പുഴ ബന്ധം അവിടെ മുറിഞ്ഞെന്നു കരുതി. പക്ഷേ, അടുത്ത ഘട്ടം സുധാകരന്റെ മകൻ സുധീഷിലൂടെയായിരുന്നു. സുധീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്കായ ‘മണിച്ചിത്രത്താഴി’ന്റെ സംവിധായകൻ ആലപ്പുഴക്കാരൻ ഫാസിലായതു യാദൃശ്ചികമാകാം. 

അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, കയ്യെത്തും ദൂരത്ത്, മോസ് ആൻഡ് ക്യാറ്റ് തുടങ്ങിയ സിനിമകളിലും സുധീഷിനു നല്ല വേഷങ്ങൾ നൽകി ഫാസിൽ അനുഗ്രഹിച്ചു. ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രമായ ‘കയ്യെത്തും ദൂരത്തി’ന്റെ പൂജ മുതൽ ഷൂട്ടിങ്ങിന്റെ കുറേ ഭാഗങ്ങളടക്കം ഫാസിലിന്റെ വീട്ടിൽത്തന്നെയായിരുന്നു. ‘അനിയത്തിപ്രാവി’ന്റെയും വലിയൊരു പങ്ക് ആലപ്പുഴയിൽ ചിത്രീകരിച്ചു. ഒരു മാസത്തോളം ആലപ്പുഴ ബീച്ചിൽ സെറ്റിട്ടു ഷൂട്ട് ചെയ്ത ‘ചന്ദമാമ’യിൽ കുഞ്ചാക്കോ ബോബനൊപ്പം പ്രധാന വേഷത്തിലും സുധീഷ് ഈ സിനിമാപ്പുഴയിൽ നീന്തിത്തുടിച്ചു. 

ചെറുപ്പത്തിൽ അച്ഛൻ കാണിച്ചുകൊടുത്ത ഉദയാ സ്റ്റുഡിയോയുടെ സിനിമകൾ കണ്ടതു മനസ്സിൽ മായാതെയുണ്ട്. നടനായപ്പോൾ, ഈ വലിയ ബാനറിന്റെ ഭാഗമാകാൻ കഴിഞ്ഞില്ലല്ലോ എന്നു സുധീഷ് നൊമ്പരപ്പെട്ടിട്ടുണ്ട്. മകൻ രുദ്രാക്ഷിലൂടെ ആ ആഗ്രഹം സുധീഷിനെ തേടിയെത്തിയപ്പോൾ അതു കാലത്തിന്റെ വിസ്മയമായി. ഉദയാ എന്ന ബാനർ കുഞ്ചാക്കോ ബോബൻ പുനരാരംഭിച്ച ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന സിനിമയിലെ പ്രധാന കഥാപാത്രം രുദ്രാക്ഷായിരുന്നു. ഈ വേഷം രുദ്രാക്ഷിനെ തേടിയെത്തിയതിനു സുധാകരൻ സാക്ഷിയായെങ്കിലും, സിനിമ തുടങ്ങുംമുൻപ് അദ്ദേഹം ഓർമയുടെ സ്ക്രീനിലേക്കു മടങ്ങിയിരുന്നു.