Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെല്ലുവിളികൾ അതിജീവിച്ച് മേരിക്കുട്ടി കടൽ കടന്നെത്തുന്നു, നാളെ മുതൽ

njan-marykutty-gulf

ജയസൂര്യയെ പ്രധാനകഥാപാത്രമാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രം കേരളത്തിലുണ്ടാക്കിയ അലയൊലികൾ ചെറുതല്ല. മികച്ച ചിത്രമെന്ന് ഏവരും വാഴ്ത്തിയ ചിത്രം അത് ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ കൊണ്ടും ശ്രദ്ധ നേടിക്കഴിഞ്ഞു. കേരളത്തിൽ റിലീസ് ചെയ്ത് ഒരു മാസമടുക്കാറാകുന്ന വേളയിൽ ചിത്രം ഗൾഫ് നാടുകളിലും പ്രദർശനത്തിനെത്തുകയാണ്. പക്ഷെ ഒരുപാട് പ്രതിബന്ധങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ചിത്രം അണിയറക്കാർ കടൽ കടത്തി കൊണ്ടു വരുന്നത്.

യുഎഇ, ഒമാൻ എന്നിവടങ്ങളിൽ മാത്രമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കുവൈറ്റ്, ബഹറൈൻ, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിച്ചിട്ടില്ല. പ്രദർശനം അനുവദിച്ച രാജ്യങ്ങളിൽ പോലും ഒരു തരത്തിലുള്ള പ്രമോഷനും പാടില്ല എന്നാണ് നിഷ്ക്കർഷിച്ചിട്ടുള്ളത്. പത്രം, ടിവി, റേഡിയോ തുടങ്ങിയ ഒരു മാധ്യമങ്ങളിലും പരസ്യം നൽകാനും പാടില്ല. ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ കഥാപാത്രത്തിന്റെ മുഖമുള്ള പോസ്റ്റർ പോലും അനുവദനീയമല്ല. ഇവിടെ കൊടുക്കുന്നതിനായി മുഖമില്ലാത്ത പ്രത്യേക പോസ്റ്റർ പോലും അണിയറക്കാർ ഡിസൈൻ ചെയ്തിരിക്കുകയാണ്. 

ട്രാൻസ്ജെൻഡറുകളുടെ കഥയാണ് ഞാൻ മേരിക്കുട്ടി പറയുന്നത്. പെണ്ണായി മാറിയ മേരിക്കുട്ടിയുടെ കഥകേരളത്തിലെ പൊതുസമൂഹം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിലനിൽക്കുന്ന വിലക്കാണ് ചിത്രത്തിന് വിനയായത്. ഇത്തരം ശസ്ത്രക്രിയകൾ അനുവദനീയമല്ലാത്തതിനാലാണ് സമാനപ്രമേയം കൈകാര്യം ചെയ്യുന്ന ഇൗ സിനിമയോടും അധികൃതർ കർശന നിലപാടെടുക്കാൻ കാരണം. എന്നാൽ യുഎഇയിൽ അനുമതി ലഭിച്ചത് വലിയൊരു ആശ്വാസമായാണ് ചിത്രത്തിന്റെ അണിയറക്കാർ കരുതുന്നത്.