എന്നെ കണ്ടതും അഞ്ജലി വിളിച്ചു, ‘ഗുണ്ടുമണി’: നസ്രിയ

അഞ്ജലി മേനോൻ ചിത്രം കൂടെയിലെ ആദ്യ ഗാനത്തിന്റെ ടീസർ ഇറങ്ങിയ ദിവസം ഒരു ആരാധകൻ ഫെയ്സ്ബുക്കിൽ കുറിച്ചു, 'നസ്രിയയുടെ മൊഞ്ചൊന്നും അങ്ങനെ പോവൂല്ലാ' എന്ന്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് മാറി നിന്ന് സമയത്തും നവമാധ്യമങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നത് നസ്രിയയെ ആയിരുന്നു. താരത്തിന്റെ ഓരോ ഫോട്ടോയും വീഡിയോയും ഒരായിരം തവണയെങ്കിലും കാണും. തടി വച്ചെന്ന് പരതിപിക്കും. ഇതിനെല്ലാം മറുപടിയായി നസ്രിയ പറയുന്നത് ഇതാണ്, 'അവർക്കെന്നോട് ഇഷ്ടം ഉള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ!'

രണ്ട് വർഷം മുൻപ് അഞ്ജലി മേനോൻ നസ്രിയയെ കണ്ടപ്പോഴും വിളിച്ചത് ഗുണ്ടുമണി എന്നായിരുന്നു, നസ്രിയ ഓർക്കുന്നു. 'ഗുണ്ടുമണി, നമുക്കൊരു സിനിമ ചെയ്യണ്ടേ, എന്നായിരുന്നു അഞ്ജു ചേച്ചി (അഞ്ജലി മേനോൻ) ചോദിച്ചത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം എന്നെ വിളിച്ച് ഈ പ്രൊജക്ടിന്റെ കാര്യം പറഞ്ഞു. ആറു മാസങ്ങൾക്ക് ശേഷം നേരിൽ കണ്ട് വിശദമായി സംസാരിച്ചു. ഇത്രയും ആഴത്തിൽ ഞാൻ വായിച്ച മറ്റൊരു തിരക്കഥ ഇല്ല,' നസ്രിയ പറഞ്ഞു. 

സാമൂഹ്യമാധ്യമങ്ങളിലെ മോശം കമന്റുകൾ തന്നെ ബാധിക്കാറേ ഇല്ലെന്ന നിലപാടല്ല നസ്രിയക്ക് ഉള്ളത്. ചിലതൊക്കെ സങ്കടപ്പെടുത്തിയിട്ടുണ്ടെന്ന് താരം സമ്മതിക്കുന്നു. തടി കൂടിയപ്പോൾ അവർക്ക് അത് നിരാശയായി. തടി കുറഞ്ഞപ്പോഴും സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള കമന്റുകൾ വരാറുണ്ട്. എല്ലാം നല്ല രീതിയിൽ അല്ലേ പോകുന്നത് എന്നായിരുന്നു അപ്പോഴത്തെ ചോദ്യങ്ങൾ. 

തടിയുള്ളപ്പോഴത്തെ ഫോട്ടോ കണ്ട് ഞാൻ ഗർഭിണി ആണെന്ന് വരെ അഭിപ്രായപ്പെട്ടവരുണ്ട്. അങ്ങനെയാണെങ്കിൽ എനിക്ക് ഇപ്പോൾ എത്ര കുട്ടികൾ ഉണ്ടാവേണ്ടതാ, നസ്രിയ ചിരിയോടെ ചോദിക്കുന്നു. 'കുഞ്ഞിനെ ഗർഭം ധരിക്കുന്നത് ജീവിത്തിലെ മനോഹരമായ ഒരു ഘട്ടമാണ്. അതൊരിക്കലും ഞാൻ മറച്ചു വയ്ക്കില്ല,' നസ്രിയ നയം വ്യക്തമാക്കി. 

വിവാഹശേഷം‍

‘വിവാഹത്തിന് ശേഷം മനോഹരമായ യാത്രയായിരുന്നു ജീവിതത്തിൽ സംഭവിച്ചത്. ഇത്രയും നാൾ ജോലിചെയ്ത ശേഷം വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ ബോറടിക്കില്ലേ എന്ന് നിരവധിആളുകൾ ചോദിച്ചിട്ടുണ്ട്. അപ്പോൾ ഞാൻ പറയും, എനിക്ക് വെറുതെ ഇരിക്കാനാണ് ഇഷ്ടമെന്ന്.

ഫഹദും ഞാനും ഒരുപാട് യാത്രകൾ ചെയ്തു. ലണ്ടൻ, ആംസ്റ്റർഡാം, അമേരിക്ക അങ്ങനെ പല സ്ഥലങ്ങളിൽ. ഇതൊന്നും പ്ലാൻ ചെയ്തുള്ളൊരു യാത്ര ആയിരുന്നില്ല. വിവാഹത്തിന് ശേഷം ഒരു വർഷം ഫഹദും ബ്രേക്ക് എടുത്തു. ഞാനൊരു നീണ്ട ഇടവേള എടുത്തു എന്നുമാത്രം.

ഈ നാല് വർഷം ‘കൂടെ’ അല്ലാതെ മറ്റ് തിരക്കഥകളൊന്നും കേട്ടില്ല. മാത്രമല്ല രണ്ടുവർഷം മാത്രമാണ് ഞാൻ നായികയായി നിന്നത്. അഭിനേതാവ് ആകുക എന്നത് അബദ്ധവശാൽ സംഭവിച്ചതാണ്. ഒരു മ്യൂസിക് വിഡിയോയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ഇപ്പോൾ താമസിക്കുന്ന വീട് തിരഞ്ഞെടുത്തത് അമൽ (ദുൽഖറിന്റെ ഭാര്യ) ആണ്. ഇത്ര വർഷം കടന്നുപോയെന്ന് അറിയുന്നതുതന്നെ മറ്റുള്ളവർ ’

ഫഹദ്

‘വിവാഹത്തിന് ശേഷം ഒരുമാറ്റവും സംഭവിച്ചതായി എനിക്ക് തോന്നുന്നില്ല. തിരക്കഥ വായിക്കുന്നില്ലേ എന്നും എത്ര നാൾ ഇങ്ങനെ വെറുതെ ഇരിക്കുമെന്നും ഫഹദ് എന്നോട് ചോദിക്കുമായിരുന്നു. വിവാഹം കഴിഞ്ഞാൽ അഭിനയിക്കില്ലെന്നും അഥവാ ചെയ്താൽ തന്നെ റൊമാന്റിക് റോളുകൾ വേണ്ടെന്നുവെയ്ക്കുമെന്നുമാണ് ഇവിടുത്തെ ആളുകളുടെ ചിന്താഗതി. ഞങ്ങളുടെ കാര്യത്തിൽ ഇങ്ങനെയൊന്നുമല്ല.

ഒരുവർഷം 12 സിനിമകൾ വരെ ഹഹദ് ചെയ്തിരുന്ന സമയമുണ്ടായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം എങ്ങനെയും വീട്ടിൽ എത്തണമെന്ന് പറയുമായിരുന്നു. നമുക്ക് വേണ്ടി ആരെങ്കിലും കാത്തിരിക്കാനുണ്ടെങ്കിൽ ആളുകൾ അത് തിരിച്ചറിഞ്ഞ് തുടങ്ങും. ചില സമയത്ത് ഫഹദിന് ഭയങ്കര മടിയാണ്. ഞാൻ തന്നെയാണ് എഴുന്നേൽപിച്ച് ഷൂട്ടിങിന് വിടുന്നത്. 

ഫഹദ് ശാന്തനാണ് ഞാൻ തിരിച്ചും. സിനിമാ ഇൻഡസ്ട്രിയിൽ നിന്നൊരാളെ വിവാഹം ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല. വീട്ടുകാർ വിവാഹത്തിന്റെ കാര്യം പറയുമ്പോൾ വിദേശത്ത് പോയി ജീവിക്കാനായിരുന്നു എന്റെ മനസ്സിലെ ആഗ്രഹം. എന്നാൽ ഇപ്പോൾ അങ്ങനെ ചിന്തിക്കാൻ പോലും കഴിയില്ല. എന്റെ ഹൃദയം ആഗ്രഹിച്ചിരുന്നത് ഈ ജീവിതം തന്നെയായിരുന്നു.’

വനിത സംഘടന

‘സിനിമയിലെ വനിതകളെ പിന്തുണച്ചുള്ള സംഘടന നല്ലൊരു തീരുമാനമാണെന്നാണ് എനിക്ക് തോന്നുന്നത്. ഡബ്ലുസിസിയുടെ ആരംഭഘട്ടത്തിൽ ആരും എന്റെ അഭിപ്രായം ചോദിച്ചിട്ടില്ല. ചിലപ്പോൾ ഫെമിനിസത്തെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് പക്വത എത്തിയിട്ടില്ലെന്ന് തോന്നിയതുകൊണ്ടാകാം. ഫെമിനിസത്തിൽ വിശ്വസിക്കുന്നു. എല്ലാവരെയും ഒരുപോലെ പരിഗണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

യഥാർത്ഥത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയാകുന്നത്. ചില സിനിമകൾ സ്ത്രീകളെ മോശമായി ചിത്രീകരിക്കാറുമുണ്ട്. ഇത്തരം സിനിമകൾക്കെതിരെ അതിലെ നായകനോ നായികയ്ക്കോ കൃത്യമായ നിലപാട് എടുക്കാം. ഞാൻ അത്തരം സംഭാഷണങ്ങള്‍ പറയില്ലെന്ന് നായകനോ നായികയ്ക്കോ പറയാം. അങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടത്. ‌‌

മാത്രമല്ല ഇന്ന് സ്ത്രീകേന്ദ്രീകൃതമായ ചിത്രങ്ങൾ ഇറങ്ങുന്നില്ലെന്ന് പറഞ്ഞാൽ അത് തെറ്റാണെന്ന് ഞാൻ പറയും. ടേക്ക് ഓഫ്, മിലി എന്നീ സിനിമകൾ ഉദാഹരണം. അതിൽ നായകന്മാരും ഭാഗമായിരുന്നു. ഫഹദ്, ചാക്കോച്ചൻ, ആസിഫ്... ഞാൻ തന്നെ ഓം ശാന്തി ഓശാന എന്ന സിിനമയിൽ അഭിനയിച്ചു. ആളുകൾക്ക് ഈ സിനിമകളൊക്കെ ഇഷ്ടമാകുകയും ചെയ്തു. സ്ത്രീകേന്ദ്രീകൃത സിനിമകളെ അവർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്.’

കൂട്ടുകൂടി പൃഥ്വിരാജ്

‘കൂടെ സിനിമയിൽ പൃഥ്വിരാജ് എന്റെ സഹോദരനായാണ് അഭിനയിക്കുന്നത്. ഷൂട്ടിന് വരുന്നതിന് മുമ്പേ അഞ്ജലി ചേച്ചിയോട് എപ്പോഴും പറയുമായിരുന്നു, ‘എങ്ങനെയാകുമോ എന്തോ?’. കാരണം എനിക്ക് ഒരുപരിചയവുമില്ലാത്ത നടനാണ് പൃഥ്വിരാജ്. അങ്ങനെയാകുമ്പോള്‍ സിനിമയിൽ എങ്ങനെയായിരിക്കും എന്ന ടെൻഷൻ. കാരണം സിനിമയിൽ ഞങ്ങൾ അത്ര ഇടപഴകിയാണ് അഭിനയിക്കുന്നത്.

ബാംഗ്ലൂർ ഡെയ്സ് ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. കാരണം അതിൽ അഭിനയിക്കുന്നവരെല്ലാം എനിക്ക് അറിയാവുന്നരായിരുന്നു. ഇത് ശരിക്കും പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന അതേ അവസ്ഥ. ഇക്കാര്യം ഞാൻ അഞ്ജലി ചേച്ചിയോട് പറഞ്ഞുകൊണ്ടേ ഇരുന്നു.

അങ്ങനെ അഞ്ജലി ചേച്ചി എന്നെയും പൃഥ്വിയെയും മറ്റുള്ളവരെയും ചേർത്ത് വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. എല്ലാവരുടെയും ഉള്ളിലുള്ള ഭയം മാറാനും പരസ്പരം പരിചയപ്പെടാനുമുള്ള ഗ്രൂപ്പ് ആണ് ഇതെന്ന് അഞ്ജലി ചേച്ചി മെസേജ് അയച്ചു. അങ്ങനെ ഞങ്ങൾ പരിചയമായി. എനിക്ക് ശരിക്കും ചേട്ടനെപ്പോലെയാണ് ഇപ്പോൾ പൃഥ്വിരാജ്.

അടുത്ത് പരിചയപ്പെട്ടപ്പോൾ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ വ്യക്തി ആയിരുന്നു പൃഥ്വി. മുൻപ് ഞാൻ കരുതിയിരുന്നത് അദ്ദേഹം എല്ലാത്തിനെയും പറ്റി ഉറച്ച നിലപാടുകളുള്ള കണിശക്കാരനായ ഒരു അഭിനേതാവ് ആണ് എന്നാണ്. പക്ഷെ യഥാർഥ ജീവിതത്തിൽ പൃഥ്വി വളരെ നിഷ്കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണ്. അദ്ദേഹത്തിന്റെ ഈ സ്വഭാവസവിശേഷത അടുത്തറിയാൻ സാധിച്ചത് വളരെ സന്തോഷകരം. പൃഥ്വിയുടെ ഈ ആർദ്രമായ സ്വഭാവം ആണ് കൂടെ സിനിമയിലെ ജോഷ്വയ്ക്കും. ’