Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഹൃത്തുക്കൾപോലും എന്നെ മനസ്സിലാക്കിയില്ല; വീണ്ടും മംമ്ത

mamta

സ്‌ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവർ തന്നെയാണെന്നുള്ള നടി മംമ്‌താ മോഹൻദാസിന്റെ പ്രസ്‌താവന വലിയ രീതിയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മംമ്തയ്ക്കെതിരെ റിമ കല്ലിങ്കൽ, ആഷിക്ക് അബു അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ വിശദീകരണവുമായി മംമ്ത വീണ്ടും.

പ്രസ്താവന വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് മാത്രമാണെന്നും അതിന് മറ്റൊരു സാഹചര്യവുമായി കൂട്ടികുഴയ്‌ക്കേണ്ടതില്ലെന്നും മംമ്ത പറയുന്നു. മംമ്തയുടെ കുറിപ്പ് വായിക്കാം.

‘ഈ കുറിപ്പ് എന്റെ ഒരു അഭിമുഖവുമായി ബന്ധപ്പെട്ടതാണ്. ആ അഭിമുഖത്തിൽ  നിന്നും എനിക്കെതിരെ പ്രതികരണങ്ങളും ചോദ്യങ്ങളും പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. ഇതിൽ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോടും അത് പ്രചരിപ്പിക്കുന്നവരോടും അതില്‍ ചിലര്‍ എന്റെ സുഹൃത്തുക്കളാണ്, അവരോട് പറയാനുള്ളത്, ഞാന്‍ അതൊരു സംവാദത്തിന് തുടക്കമിട്ടതല്ല. കാരണം ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ വ്യക്തിയും എന്റെ സഹപ്രവര്‍ത്തകര്‍ എന്നതിനേക്കാളുപരി അടുത്ത സുഹൃത്തുക്കളാണ്.  

ബോധമുള്ള ഒരു സ്ത്രീയോ പുരുഷനോ ഒരിക്കലും ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുകയില്ല. അതുകൊണ്ട് നിങ്ങള്‍ എന്നെക്കുറിച്ച് പുലര്‍ത്തുന്ന ധാരണ തെറ്റാണ്. ഒരു സ്ത്രീയെന്ന നിലയില്‍ വൈകാരികമായ ഒരുപാട് ആക്രമണങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് ഞാന്‍. 

പക്ഷേ അതിന്റെ ഇരയാകാന്‍ ഞാൻ തയാറല്ല. ചുരുക്കത്തില്‍, ഈ അസന്തുലിതമായ സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതയില്‍ പൊട്ടിത്തെറിക്കുന്നതിന്റെ അതിർവരമ്പിലാണ് ഞാൻ. എനിക്ക് എന്റേതായ ശക്തമായ അഭിപ്രായങ്ങളും ഉത്തരവാദിത്തവും ഉണ്ട്. 

ഈ സാഹചര്യങ്ങളിലേയ്ക്ക് വലിച്ചിഴച്ചാൽ മാത്രമെ ഞാൻ പ്രതികരിക്കൂ. അതിനര്‍ത്ഥം എനിക്ക് മനുഷ്യത്വമില്ലെന്നും സഹാനുഭൂതി ഇല്ലെന്നുമല്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഞാന്‍ അഭിപ്രായം പറഞ്ഞ സാഹചര്യം മനസ്സിലാക്കാതെ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിടാം. അതെന്നെ പൂർണമായി മനസ്സിലാക്കത്തതുകൊണ്ടാണ്. ഇത്രയും വർഷങ്ങളായിട്ടും അതിന് മാറ്റമില്ല. എന്റെ ചില വനിതാ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആരും അത് മനസ്സിലാക്കിയിട്ടില്ല.

അതുകൊണ്ട് ഞാന്‍ ഇവിടെ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നു, സമൂഹത്തില്‍ ആക്രമണം നടത്തുന്നവരോട് എനിക്ക് ക്ഷമിക്കാന്‍ സാധിക്കുകയില്ല. എന്റെ കണ്ണില്‍ അവര്‍ക്ക് മാപ്പില്ല ജീവിതത്തിൽ രണ്ടാമതൊരു അവസരവുമില്ല. 

അത് സാധാരണക്കാരനോ രാഷ്ട്രീയക്കാരോ നടന്‍മാരോ ആരും ആകട്ടെ. ഞാനും വ്യക്തിപരമായി ഒരുപാട് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്‌. അതുകൊണ്ട് തന്നെ ധീരയായ എന്റെ സുഹൃത്തിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. അവരുടെ ധീരമായ നീക്കം അപരാധിയെ വെറുതെ വിടാതിരിക്കട്ടെ ( കുറ്റാരോപിതന്‍ തെറ്റുകാരന്‍ ആണെങ്കില്‍). ‌സത്യമെന്തെന്ന് കാലം തെളിയിക്കും.

പാപികളോട് പൊറുക്കുന്ന ഒരു നിയമവ്യവസ്ഥയുടെ ഭാഗമാണ് നാം എന്നോര്‍ക്കുമ്പോള്‍ ദുഃഖമുണ്ട്. ഫെയ്‌സ്ബുക്കിലൂടെ പ്രചരണം നല്‍കേണ്ടത് ശക്തമായ നിയമവ്യവസ്ഥയുള്ള ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള സന്ദേശമാണ്. പെൺകുട്ടികളെയോ സ്ത്രീകളെയോ അപമാനിക്കണം എന്ന ചിന്ത ഉടലെടുക്കുമ്പോൾ തന്നെ അവനെ ഭയപ്പെടുത്തുന്ന നിയമസംവിധാനം ഇവിടെ ഉണ്ടാകണം .

ഗള്‍ഫില്‍ വളര്‍ന്ന ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാം. നമ്മുടെ രാജ്യവും അതുപോലെ ആകേണ്ടേ? 

സ്ത്രീകളുടെ നന്‍മയ്ക്കും പുരോഗമനത്തിനും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഡബ്ല്യുസിസിയ്ക്ക്  സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സംഘടനയിൽ ഭാഗമായ എല്ലാവർക്കും ആശംസകൾ. 

ഞാന്‍ ഡബ്ല്യുസിസിയുടെ ഭാഗമല്ല. അതിനു കാരണം ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സമയത്തും സംഘടന രൂപം കൊള്ളുന്ന സമയത്തും ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നു എന്നതാണ്‌. അതുകൊണ്ടു തന്നെ വ്യക്തിപരമായി ഞാൻ ഭാഗമല്ലാത്ത കാര്യങ്ങളില്‍ ആധികാരികമായി സംസാരിക്കാന്‍ സാധിക്കുകയില്ല.  

‘ഒരു സ്ത്രീ ആക്രമിക്കപ്പെട്ടാൽ അതിൽ അവളും ഭാഗികമായി ഉത്തരവാദിയാണ്’ എന്ന എന്റെ പ്രസ്താവന ഉരുത്തിരഞ്ഞത് എന്റെ വ്യക്തി ജീവിതത്തില്‍ നിന്നാണ്.–മംമ്ത പറഞ്ഞു.