‘ജയസൂര്യാ...നിങ്ങളിത് കാണുക’; ഫുൾ ഫോമിൽ ഷൈജു ദാമോദരന്‍

ഐഎസ്എല്‍ ഫുട്ബോള്‍ ആവേശത്തിന് ശബ്ദം നല്‍കി ശ്രദ്ധേയനായ ഷൈദു ദാമോദരന്റെ കമന്‍ട്രി മലയാളികൾക്കൊരു വികാരം തന്നെയാണ്. ലോകകപ്പ് ഫുട്‌ബോളിലൂടെ ഭാഷാഭേദമന്യേ ഷൈജുവിന് ആരാധകരേറി. 

ക്യാപ്റ്റൻ സിനിമയുടെ നൂറാംദിവസം ആഘോഷത്തിനിടെ ഷൈജു ദാമോദരൻ പറഞ്ഞ കമന്‍ട്രിയാണ് ഇപ്പോൾ വൈറലാകുന്നത്. ഫുട്ബോളിലെ സൂപ്പർതാരങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയർത്തിയ അദ്ദേഹം ആദ്യമായി സിനിമാ താരത്തിന് വേണ്ടി കമൻട്രി പറഞ്ഞു. അതും മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയ്ക്കായി.

‘ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാൻ, ജയസൂര്യ, ജയസൂര്യ ഓ...നിങ്ങളിത് കാണുകാ, വൈ ദിസ് മാൻ ഈസ് കോൾഡ് എ ജീനിയസ് ഇൻ മലയാള സിനിമ....’–ഷൈജുവിന്റെ കമൻട്രി ആവേശത്തോട് കൂടി തന്നെയാണ് ആ സദസ്സും സ്വീകരിച്ചത്. കയ്യടികളോടെയായിരുന്നു ഷൈജുവിനുള്ള നന്ദി ജയസൂര്യ പ്രകടിപ്പിച്ചത്.

ഫുട്ബോൾ ഇതിഹാസം വി.പി സത്യന്റെ ജീവിതകഥ പറഞ്ഞ ‘ക്യാപ്റ്റൻ’ സംവിധാനം ചെയ്തത് പ്രജേഷ് സെന്‍ ആയിരുന്നു. സത്യന്റെ സംഭവബഹുലമായ ജീവിതത്തെ അറിയാനും അടയാളപ്പെടുത്താനും ക്യാപ്റ്റന്‍ എന്ന ചിത്രം കാരണമായി. ജയസൂര്യയുടെയും അനു സിത്താരയുടെയും ഗംഭീരപ്രകടനമായിരുന്നു മറ്റൊരു ആകർഷണം.