‘പച്ചമീൻ വിറ്റവളെ കല്ലെറിഞ്ഞത് പൊരിച്ച മീൻ കിട്ടാത്തവർ അറിഞ്ഞില്ലേ?’

ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതിയടത്ത് നിന്നാണ് അവൾ വീണ്ടും ചിരിച്ചുതുടങ്ങിയത്. ഇന്ന് കൈനിറയെ ചിത്രങ്ങൾ, അവസരങ്ങൾ, സഹായങ്ങൾ. എല്ലാം ഹനാൻ എന്ന പെൺകുട്ടിയെ തേടിയെത്തുന്നു. ഇൗ അവസരത്തിൽ പുതിയ ചർച്ചകൾക്ക് സോഷ്യൽ ലോകത്ത് തുടക്കമിട്ടിരിക്കുകയാണ് നടൻ ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്. നാലുവരിയിൽ ഒതുക്കിയ ആ വാചകങ്ങൾപ്പുറം ഒരു ട്രോൾ ഇല്ല എന്നാണ് പോസ്റ്റിന് ചുവട്ടിലെ കമന്റ്.

‘പച്ച മീൻ വിൽക്കുന്നവളെ കല്ലെറിയുന്നത്.. പൊരിച്ച മീൻ കിട്ടാത്തവരാരും അറിഞ്ഞില്ലേ?’ എന്നാണ് ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. സ്ത്രീ സുരക്ഷയ്ക്കും തുല്യതയ്ക്കും വേണ്ടി പോരാടുന്ന ചലച്ചിത്ര രംഗത്തെ ചില അഭിനേത്രികളെ ലക്ഷ്യം വച്ചാണ് ഇൗ പോസ്റ്റെന്നാണ് വിലയിരുത്തൽ. ഹനാൻ പ്രശ്നത്തിൽ സർക്കാരും വനിതാ കമ്മിഷനും പൊലീസും ഉൾപ്പെടെ ഇടപ്പെട്ടിട്ടും ചലച്ചിത്ര മേഖലയിലെ വനിതാ സംഘടനകളിൽ നിന്ന് ഒരു പ്രതിഷേധവും ഇതുവരെ ഉയർന്നിട്ടില്ല എന്നതും ശ്രദ്ധേയം. 

കോതമംഗലത്ത് ചികിൽസയിൽ കഴിയുന്ന ഹനാനെ തേടി ഒട്ടേറെ അവസരങ്ങളാണ് സിനിമയിൽ നിന്നും എത്തുന്നത്. മൂന്ന് ചിത്രങ്ങളിേലക്ക് ക്ഷണിച്ച് കൊണ്ട് നിർമാതാവ് അഡ്വാൻസ് നൽകിയതും വലിയ വാർത്തയായിരുന്നു. സിനിമയുടെ പ്രചാരണത്തിനായി ഹനാൻ നാടകം കളിച്ചുവെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഒട്ടേറെ പേർ പൊലീസിന്റെ നിരീക്ഷണത്തിലും.