‘ഒരുമിച്ച് പട്ടിണി പങ്കുവച്ചരാണ് നമ്മള്‍’‍; ടിറ്റോയെ പ്രശംസിച്ച് അപ്പാനി ശരത്

ടൊവിനോ തോമസ് നായകനായി എത്തിയ മറഡോണ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അങ്കമാലി ‍ഡയറീസിലെ യു ക്ലാംപ് രാജനായി പ്രേക്ഷകമനസ്സിൽ ഇടം നേടിയ ടിറ്റോ വിൽസൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ടിറ്റോയുടെ അടുത്ത സുഹൃത്ത് കൂടിയായ അപ്പാനി ശരത് കുമാര്‍ മറഡോണക്കും ടിറ്റോയ്ക്കും വിജയാശംസകള്‍ നേര്‍ന്ന് രംഗത്തുവന്നിരിക്കുകയാണ്.

ടിറ്റോയും താനും ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാല്‍ കൂടുതല്‍ അഭിമാനം തോന്നുന്നു എന്ന് പറഞ്ഞ ശരത് കുമാര്‍ ടിറ്റോ മലയാള സിനിമയുടെ പ്രതീക്ഷയും ഒപ്പം തന്റെ സ്വകാര്യ അഹങ്കാരവുമാണെന്നും പറഞ്ഞു.

അപ്പാനി ശരത്തിന്റെ കുറിപ്പ്–

‘മറഡോണയെക്കുറിച്ചാണ് ഈ കുറിപ്പ്..ജീവനും, ജീവിതവും നല്‍കിയത് അരങ്ങ്. അവിടെ ഒപ്പം കൂടിയവരുടെയും, ഒപ്പം കൂട്ടിയവരുടെയും പട്ടിക അവസാനിക്കുന്നതേയില്ല. അതില്‍ ഏറെ സന്തോഷകരം തോളോട് തോളുരുമ്മിയവരുടെ വിജയം നേരിട്ടു കാണുന്നതാണ്.

ലിജോ ചേട്ടനും, ചെമ്പന്‍ ചേട്ടനും മുതല്‍ എന്നെ നെഞ്ചോടു ചേര്‍ത്തവര്‍ നിരവധി അതില്‍ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനും. നന്ദി ഈ അരങ്ങിനോട്. ഇനി മറഡോണയിലേക്കു വരാം എന്റെ ടിറ്റോ വില്‍സണ്‍ നമ്മുടെ മലയാളികള്‍ നെഞ്ചിലേറ്റിയ യു ക്ലാംപ് രാജന്‍ ഇന്ന് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഒരു പേരാണ്. ഏറെ അഭിമാനത്തോടെ പറയട്ടെ അവന്‍ എന്റെ സുഹൃത്തായതില്‍ ഞാന്‍ അഭിമാനിക്കുന്നു.

കാരണം യു ക്ലാംപ് രാജനുശേഷം അവന്‍ വീണ്ടും മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മറ്റൊരു കഥാപാത്രമാണ് മറഡോണയില്‍ അവതരിപ്പിച്ചത് . നമ്മുടെ സ്വന്തം ബൂസ്റ്റ് മാത്തനോടൊപ്പം നിനക്ക് അരങ്ങ് തകര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..

കാരണം നമ്മള്‍ ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാല്‍ അഭിമാനം മുത്തേ .. നീ മലയാള സിനിമയുടെ പ്രതീക്ഷയാണ് ഒപ്പം എന്റെ സ്വകാര്യ അഹങ്കാരവും… അഭിനന്ദനങ്ങള്‍ ചങ്കെ…നിന്റെ സ്വന്തം അപ്പാനി രവി… മറഡോണയ്ക്കു എല്ലാവിധ വിജയാശംസകളും..’–ശരത് കുറിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ക്കൊപ്പം സഹകരിച്ചിട്ടുള്ള കൃഷ്ണമൂര്‍ത്തിയാണ് മറഡോണയുടെ തിരക്കഥ. വിഷ്ണു നാരായണ്‍ സംവിധാനം ചെയുന്ന സിനിമയുടെ സംഗീത സംവിധാനം സുഷിന്‍ ശ്യാമാണ്.