സ്വകാര്യ സന്തോഷമാണ് എന്റെ പുതിയ വീട്: മിയ

ആദ്യം ക്യാമറയെ അഭിമുഖീകരിച്ചപ്പോൾ ഒരു മെഴുകുതിരിയായിരുന്നു മുന്നിലുണ്ടായിരുന്നത്. വിശുദ്ധ അൽഫോൻസാമ്മ സീരിയലിൽ കന്യാമറിയത്തിന്റെ വേഷമിട്ട് വെള്ളിത്തിരയിലേക്കു വന്ന മിയയുടെ പുതിയ ചിത്രം – എന്റെ മെഴുകുതിരി അത്താഴങ്ങൾ– ഹിറ്റായതിന്റെ സന്തോഷവെളിച്ചമാണെങ്ങും ഇപ്പോൾ. സിനിമ തിയറ്ററിൽ മികച്ച അഭിപ്രായം നേടുമ്പോഴും കഥാപാത്രമായ അഞ്ജലി തന്നെ വിട്ടുപോയിട്ടില്ലെന്നു മിയ പറയുന്നു.

‘‘ഒരുപാടു നാളായി ആഗ്രഹിച്ച ഒരു കഥാപാത്രമാണ് ഈ സിനിമയിലെ അഞ്ജലിയെ പോലൊന്ന്. ഒട്ടേറെ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു മുഴുനീള പ്രണയചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സിനിമ തുടങ്ങുമ്പോൾ മുതൽ അവസാനിക്കുന്നതു വരെ സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് അഞ്ജലി. നായകനോളംതന്നെ പ്രാധാന്യമുള്ള വേഷം. അതുകൊണ്ടുതന്നെ ഉത്തരവാദിത്തങ്ങളും ഏറെയായിരുന്നു’’.

 കഥാകൃത്തായ നായകനൊപ്പം

‘മെഴുകുതിരി അത്താഴങ്ങളി’ൽ എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം സിനിമയുടെ തിരക്കഥയെഴുതിയ നായകനൊപ്പംതന്നെ അഭിനയിച്ചു എന്നത്. അഭിനയിക്കുമ്പോൾതന്നെ കഥാകൃത്തിന്റെ പ്രതികരണം ലഭിച്ചതും ഏറെ ഗുണകരമായി.

വീടും നാടും ഇഷ്ടം

എന്റെ സ്വകാര്യ സന്തോഷങ്ങളിൽ ഒന്നാണിപ്പോൾ പുതിയ വീട്ടിലെ താമസം. പാലാ പ്രവിത്താനത്തു നിർമിച്ച പുതിയ വീട്ടിലേക്കു മാറിയിട്ടു മൂന്നു മാസമായതേയൂള്ളൂ. സിനിമയ്ക്കായി പലയിടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴും സ്വന്തം നാടും വീടുമൊക്കെയായിരുന്നു മനസ്സിൽ. പുതുതായി വീടു വയ്ക്കാൻ തീരുമാനിച്ചപ്പോൾ, താരപ്പകിട്ടു നിറഞ്ഞ നഗരങ്ങളൊന്നുമായിരുന്നില്ല എന്നെ ആകർഷിച്ചത്. 

സ്വന്തം നാട്ടിൽതന്നെ വീടു വയ്ക്കാൻ ആഗ്രഹിച്ചു. അതു യാഥാർഥ്യമായതിൽ സന്തോഷം. ഞാനിപ്പോഴും പഴയ പാലാക്കാരി തന്നെയാണ്. ഷൂട്ടിങ് ഇല്ലാത്തപ്പോഴൊക്കെ വീട്ടിൽ തന്നെ കഴിയാനാണ് ഇഷ്ടം. നാട്ടിൽ എനിക്കു താരപ്പകിട്ടൊന്നുമില്ല. കുട്ടിക്കാലം മുതൽ പാലായിൽ വളർന്നതു കൊണ്ടാവണം, നാട്ടുകാർക്കും എന്നെ പഴയ കുട്ടിയായി കാണാനാണ് ഇഷ്ടം.

ബയോപിക് കിട്ടിയാൽ കൊള്ളാം

മുഴുനീള പ്രണയകഥയിലെ നായികയാകണമെന്ന് ആഗ്രഹിച്ചു. അതു ഭംഗിയായി തന്നെ ചെയ്തു. ഇനിയൊരു ബയോപിക്കിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്. യോജിച്ച ഒരു കഥാപാത്രം തേടിവരുമെന്നാണു പ്രതീക്ഷ.