Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ‘കിടിലം’ മറുപടി എന്റേതല്ല: അനൂപ് മേനോൻ

Anoop Menon I Me Myself

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ഓഡിയോ ക്ലിപ് ആണെന്ന് നടൻ അനൂപ് മേനോന്‍. “അനൂപ് മേനോന്റെ കിടിലം മറുപടി” എന്ന പേരിലാണ് ഓഡിയോ ക്ലിപ് വൈറലാകുന്നത്. ആ തലക്കെട്ടിലെ കിടിലം എന്ന വാക്ക് ഇഷ്ടമായെങ്കിലും, ആ ശബ്ദത്തിന്റെ ഉടമ താനല്ലെന്ന് അനൂപ് മേനോൻ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

അനൂപ് മേനോന്റെ കുറിപ്പ് വായിക്കാം–

പ്രിയപ്പെട്ടവരേ, “അനൂപ് മേനോന്റെ കിടിലം മറുപടി” എന്ന പേരിലൊരു ഓഡിയോ ക്ലിപ്പ് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്. ജാതി-മതസംബന്ധിയായും, വിശിഷ്യാ ശബരിമല വിവാദത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് പ്രസ്തുത വോയ്സ്നോട്ടിന്റെ ഉള്ളടക്കം. ആ തലക്കെട്ടിലെ കിടിലം എന്ന വാക്ക് എനിക്കിഷ്ടമായെങ്കിലും, ആ ശബ്ദത്തിന്റെ ഉടമ ഞാനല്ല എന്ന് വ്യക്തമാക്കട്ടെ. ആ ശബ്ദത്തിന്റെ ഭാഷാരീതിയനുസരിച്ച് അത് കണ്ണൂർ/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാദ്ധ്യത. നല്ല ഭാഷാപ്രാവീണ്യവും, ആധികാരികതയുമുള്ള ആരോ ഒരാൾ. ഇവിടെ ഈ സൈബറിടത്തിലും, പുറത്തും പലർക്കുമറിയാവുന്നത് പോലെ മതത്തിലോ, രാഷ്ട്രീയത്തിലോ ഒട്ടും താൽപര്യമില്ലാത്ത ഒരാളാണ് ഞാനെന്ന് ഒന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.അതു കൊണ്ട് തന്നെ ആ പ്രാസംഗികൻ വെളിച്ചത്ത് വന്ന് സ്വന്തം ശബ്ദം ഏറ്റെടുക്കണം എന്ന് വിനയപൂർവ്വം ഞാനപേക്ഷിക്കുന്നു.

ഇനി പറയാനുള്ളത് മെസേജ് ഫോർവേഡ് ചെയ്യുന്നവരോടാണ്: നിങ്ങൾ വിശ്വസിക്കുന്നഒരു ആശയം പ്രചരിപ്പിക്കാൻ എന്റെ പേരുപയോഗിക്കുന്നതിൽ എന്ത് മാത്രം ധാർമ്മികതയുണ്ടെന്ന് ഒന്നാലോചിക്കുക. ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ “അത് അനൂപ് മേനോനാണെന്ന്” പറഞ്ഞും, പ്രചരിപ്പിച്ചും അയാളുടെ വ്യക്തിത്വം ഇല്ലാതാക്കാതെ, അയാളുടെ ശബ്ദം അയാൾക്ക് തിരിച്ചുകൊടുക്കുക. സ്നേഹപൂർവ്വം,അനൂപ് മേനോൻ...

സോഷ്യല്‍ മീഡിയയിലൂടെയാണ് ഓഡിയോ ക്ലിപ് പ്രചരിച്ചത്. 13.31 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോയാണ് വൈറലായത്. ഓ‍ഡിയോ ക്ലിപ്പിൽ സംസാരിക്കുന്ന ആൾ സംവരണത്തെ കുറിച്ചും ജാതി മത വ്യത്യാസത്തെക്കുറിച്ചും പറയുന്നുണ്ട്. ഒരു സംവാദ ചടങ്ങില്‍ സംസാരിക്കുന്ന രീതിയിലാണ് ഓഡിയോ. ആചാരങ്ങള്‍ നമുക്ക് ആചരിക്കുവാനുള്ളതാണെന്നും അത് ലംഘിക്കുന്നത് വ്യക്തികളെ സംബന്ധിച്ചിരിക്കുമെന്നും ഓഡിയോയില്‍ പറയുന്നു.

related stories