ടീച്ചറേ... ഇങ്ങള് സിനിമേലുണ്ടോ?

np-nissa
SHARE

മേലാറ്റൂർ ആർഎം ഹയർ സെക്കണ്ടറി സ്കൂളിൽ ഒരു തിങ്കളാഴ്ച ഒരു കുട്ടി എത്തിയത് മനോരമ സൺഡേ സപ്ലിമെന്റും കൊണ്ടായിരുന്നു. പത്രത്തിൽ എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയെക്കുറിച്ച് വന്ന വാർത്തയും ചിത്രവും കണ്ട് സംശയം തീർക്കാനാണ് പത്രവുമായി സ്കൂളിലെത്തിയത്. സിനിമാ വാർത്തയിലെ ചിത്രത്തിലുള്ളത് തന്റെ സ്കൂളിലെ ടീച്ചർ തന്നെയാണോ എന്നുള്ള സംശയം തീർക്കണം. അതിനാണ് വരവ്. നേരെ ടീച്ചറെ കണ്ട് സംശയം പറഞ്ഞു. സിനിമയിലുള്ളത് സ്കൂളിൽ മലയാളം പഠിപ്പിക്കുന്ന നിസ ടീച്ചർ തന്നെയാണെന്ന് ഉറപ്പിച്ചപ്പോൾ ആ കണ്ണിൽ കൗതുകം. പിന്നീട് ആ കൗതുകം സ്കൂളിലെ മറ്റ് കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് പകർന്നു. സിനിമ പ്രദർശനത്തിനെത്തിയപ്പോൾ കൗതുകം അഭിമാനമായി. മെഴുതിരി അത്താഴങ്ങളിലെ തുളസി എന്ന കഥാപാത്രം തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെപ്പറ്റി നിസ മനോരമ ഓൺലൈനിനോട് മനസ് തുറന്നു.   

അവർക്ക് അദ്ഭുതം, കൗതുകം

സിനിമയിൽ അഭിനയിക്കുന്ന ഒരാൾ ക്ലാസെടുക്കാൻ വരുന്നു എന്നു പറയുന്നത് കുട്ടികൾക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യമായിരുന്നു. ആദ്യം അവർക്ക് ഇക്കാര്യം അറിയുന്നുണ്ടായിരുന്നില്ല. പിന്നെ പത്രത്തിലും പോസ്റ്ററിലും ഫോട്ടോ കാണാൻ തുടങ്ങിയപ്പോൾ അവർക്ക് കൗതുകമായി. ഓരോ കുട്ടികളായി വന്നു ചോദിക്കാൻ തുടങ്ങി. ഞാൻ ക്ലാസെടുക്കാത്ത കുട്ടികൾ വരെ വന്ന് സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ എന്നൊക്കെ വന്നു ചോദിക്കും. 

മുൻവിധികളെ തിരുത്തിയ കഥാപാത്രം

ഒരു കാൻഡിൽ ഡിസൈനറും ഷെഫും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രം. അതിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ഒരുപാട് വർഷങ്ങൾക്കു ശേഷം കടന്നു വരുന്ന സഹപാഠിയാണ് തുളസി. എല്ലാവരുടെയും ഉള്ളിൽ ചെറിയൊരു നൊമ്പരം ബാക്കി നിറുത്താൻ തുളസി എന്ന കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പറയുന്നത് കേള്‍ക്കുമ്പോൾ തീർച്ചയായും സന്തോഷം. സിനിമ കണ്ടിറങ്ങിയിട്ടും തുളസി പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.  

np-nissa-1

പോസ്റ്ററിലെ തുളസിയല്ല സിനിമയിൽ

പോസ്റ്ററിൽ കാണുന്ന ലുക്കിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് സിനിമയിലെ തുളസി. അത് കാണുമ്പോൾ പ്രതീക്ഷിക്കുന്ന ആളുമല്ല സിനിമയിൽ കാണുന്നത്. പോസ്റ്ററിനായി പ്രത്യേകം ഫോട്ടോഷൂട്ട് ചെയ്തതാണ്. മലയാള സിനിമയിൽ നായകന്റെ പഴയകാല കാമുകിമാരെ കാണിക്കുന്ന ക്ലീഷെ സമീപനമല്ല തുളസി എന്ന കഥാപാത്രത്തോടുള്ളത്. ആ വ്യത്യസ്തത പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. 

വി.കെ പ്രകാശും അലൻസിയറും വിളിച്ചു

സിനിമ കണ്ട് സംവിധായകൻ വി.കെ പ്രകാശും നടൻ അലൻസിയറും വിളിച്ചിരുന്നു. മെലോഡ്രാമ കേറി വരാവുന്ന രംഗം നല്ല കയ്യടക്കത്തോടെ കൈകാര്യം ചെയ്തെന്ന് അവർ പറഞ്ഞു. ഒട്ടും അധികമാകാതെ ചെയ്തു. സിനിമയ്ക്കകത്തു നിന്നും പുറത്തു നിന്നും കുറേപ്പേർ വിളിച്ചിരുന്നു. ഇത്രയും ക്ലിക്ക് ആകുമെന്ന് ഞാനും കരുതിയിരുന്നില്ല. 

ചാനൽ ഷോയിൽ നിന്ന് അവതാരകയിലേക്ക്

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുത്തു കൊണ്ടാണ് ടെലിവിഷൻ മേഖലയിലേക്ക് വരുന്നത്. പിന്നീട് ജേർണലിസം പഠിച്ച് വാർത്താ അവതാരകയായി. സിനിമാധിഷ്ഠിത പരിപാടികൾ ഒരു സ്വകാര്യ ചാനലിൽ അവതരിപ്പിച്ചിരുന്നു. പിന്നീട് സജീവ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് അധ്യാപനത്തിലേക്ക് തിരിഞ്ഞു. സിനിമയിലേക്ക് വഴി തെളിയുന്നത് മാധ്യമപ്രവർത്തനകാലത്തെ ബന്ധങ്ങളാണ്.  

ente-mezhuthiri-athazhangal-review

മോഡലിങ്, അവതാരക, അഭിനേത്രി

പാട്ട്, സാഹിത്യം, കല, സംസ്കാരം എന്നിവയോടെല്ലാം എനിക്ക് ‌ഇഷ്ടങ്ങളുണ്ടായിരുന്നു. വായനയും എഴുത്തും സിനിമയും താൽപര്യമുണ്ടായിരുന്നെങ്കിലും സ്റ്റേജുമായി ബന്ധങ്ങളുണ്ടായിരുന്നില്ല. മോഡലിങ്ങും ചാനൽ പരിപാടികളെ അവതാരകയുടെ റോളും സ്വാഭാവികമായി സംഭവിച്ചതാണ്. അതിന്റെ തുടർച്ചയായി അധ്യാപനവും സിനിമയും എത്തി. പല വട്ടം ആലോചിച്ചെടുത്ത തീരുമാനങ്ങളാണെങ്കിലും എന്റെ ഇഷ്ടങ്ങളിലേക്ക് ഞാൻ സ്വാഭാവികമായി നടന്നു കയറുകയായിരുന്നു. 

സിനിമയുടെ വഴിയിൽ

സിനിമയെ ഗൗരവമായിട്ടു തന്നെയാണ് കാണുന്നത്. ചെയ്യുന്ന കാര്യങ്ങൾ മുഴുവൻ പൂർണ മനസോടെ ചെയ്യുന്നു. സിനിമയുടെ കാര്യങ്ങൾ ഒരു ഉറപ്പും പറയാൻ പറ്റാത്തതാണ്. അതിനെ അതിന്റെ വഴിയ്ക്ക് വിടുന്നു. നല്ല കഥാപാത്രങ്ങൾ ലഭിക്കുക, അത് നല്ല രീതിയിൽ ചെയ്യുക ഇവയൊക്കെ സംഭവിക്കുന്നതാണ്. ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥയോടെ ചെയ്യുന്നു. 

അഭിനയം അധ്യാപനത്തെ ബാധിക്കില്ല

അധ്യാപനത്തെ ബാധിക്കാത്ത തരത്തിൽ സിനിമയും എഴുത്തും മോഡലിങ്ങും ഒരേ സമയം കൊണ്ടു പോകാൻ കഴിയുന്നുണ്ട്. മാധ്യമപ്രവർത്തകയായിരുന്നപ്പോൾ തിരക്കുകൾക്കൊപ്പമായിരുന്നു ജീവിതം. ഇപ്പോൾ അങ്ങനെയല്ല. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള സമയം ലഭിക്കുന്നുണ്ട്. അതിനുള്ള സാധ്യതകളുമുണ്ട്.

നമ്മുടെ സ്കൂളുകൾ മാറി

നമ്മുടെ സ്കൂളുകളും അധ്യാപകരും അവരുടെ ജീവിതവും എല്ലാം മാറിയിട്ടുണ്ട്. മുൻപത്തെ കാലഘട്ടം വച്ച് നമുക്ക് അധ്യാപകരെ താരതമ്യം ചെയ്യാൻ കഴിയില്ല. ഒരു മോഡലിന്റെയോ സിനിമാതാരത്തിന്റെയോ സ്റ്റാറ്റസ് അല്ല അധ്യാപികയ്ക്കുള്ളത്. എന്നാൽ പല തരത്തിലുള്ള ഇത്തരം അനുഭവങ്ങൾ ഒരേ സമയം എന്റെ ജീവിതത്തിൽ സംഭവിക്കുകയാണ്. ഓരോ സ്ഥലത്തും പല തരത്തിലുള്ള മനുഷ്യരെ കാണുന്നു. പത്രപ്രവർത്തനത്തിലൂടെ വളരെ വ്യത്യസ്ത രീതിയിലുള്ള, പല തലത്തിലുള്ള മനുഷ്യരെ പരിചയപ്പെടാൻ സാധിച്ചു. അത് ഇപ്പോഴും തുടരുന്നു. 

വ്യത്യസ്തയായ അധ്യാപിക

മോഡലിങ്ങിൽ എന്റെ ടൂൾ ശരീരമാണ്. അഭിനയത്തിലും അങ്ങനെ തന്നെ. കൂട്ടത്തിൽ ഞാനൊരു അധ്യാപിക ആയതിനാൽ തീർച്ചയായും എനിക്ക് പരിമിതികളുണ്ട്. കേരളത്തിലെ മോഡലിങ് രംഗത്ത് അത്രമാത്രം എക്സ്പോസ് ചെയ്യേണ്ട ഫോട്ടോഷൂട്ട് വരുന്നില്ല. കൗമാരപ്രായത്തിലുള്ള കുട്ടികളെയാണ് ഞാൻ പഠിപ്പിക്കുന്നത്. അവരുടെ ധാരണകൾ പാകപ്പെടുത്തുന്നതിൽ അധ്യാപിക എന്ന നിലയിൽ എനിക്കും പങ്കുണ്ട്. 

ആരോഗ്യപരമായ ആൺ–പെൺ സൗഹൃദം പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഞാൻ ശ്രമിക്കാറുണ്ട്. ബി.എഡ് ചെയ്ത് സാധാരണ ഒരു അധ്യാപിക വരുന്ന സാഹചര്യത്തിലൂടെയല്ല ഞാൻ കടന്നു വന്നിട്ടുള്ളത്. പല ഇടങ്ങളിൽ ജോലി ചെയ്ത് അവിടത്തെ അനുഭവങ്ങളിലൂടെ പാകപ്പെട്ട പരിചയസമ്പത്തുമായാണ് ഞാൻ വിദ്യാർത്ഥികൾക്കു മുന്നിലെത്തുന്നത്. പാഠപുസ്തകങ്ങളിലെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിനപ്പുറത്ത് ഈ പരിചയമാണ് എന്റെ കൈമുതൽ. 

പുതിയ ചിത്രം

ഹോംലി മീൽസ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. അതിന്റെ ഷൂട്ടിങ് ഡിസംബറോടെയാകും തുടങ്ങുക. കുറച്ച് ഫ്രീക്കത്തി ആയ കഥാപാത്രമാണ് സിനിമയിൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA