പരിഹസിക്കാനെത്തിയ ആൾക്ക് ടൊവിനോയുടെ മറുപടി

തിയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായി എത്തിയ മറഡോണ. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരം ഇടയ്ക്ക് ഫെയസ്ബുക്ക് ലൈവിലൂടെ ആരാധകരമായി സംവദിക്കാറുണ്ട്. അത്തരത്തിൽ ടൊവിനോ എത്തിയ ഫെയ്സ്ബുക്കിൽ ലൈവിൽ ഒരു ആരാധകന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

മറഡോണ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായിട്ടാണ് താരം എത്തിയത്. മഴ നനഞ്ഞ് ആകെ ബുദ്ധിമുട്ടിലാണ് താനെന്നും ഫ്ലൈറ്റ് മിസ്സായെന്നും താരം തുടക്കം തന്നെ പറഞ്ഞിരുന്നു. ഇതിന് ശേഷം കാറിൽ കയറി യാത്ര ചെയ്യുമ്പോഴും താരം ഫെയ്സ്ബുക്ക് ലൈവ് തുടർന്നു. ചിത്രത്തെ കുറിച്ചും വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചും പരാജയപ്പെട്ട ചിത്രത്തെക്കുറിച്ചും താരം സംവദിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആ ചോദ്യം എത്തുന്നത്. 

‘ബ്രോ രണ്ടെണ്ണം അടിച്ചിട്ടുണ്ടോ, നിങ്ങൾ നല്ല സ്റ്റെലായി സംസാരിക്കുന്നുണ്ടല്ലോ..’ അതിരുവിട്ട ഇൗ ചോദ്യത്തിന് ടൊവിനോ അപ്പോൾ തന്നെ മറുപടി നൽകി. ‘അല്ല സുഹൃത്തേ നിങ്ങളും നിങ്ങളുടെ വീട്ടിലുള്ളവരും രണ്ടെണ്ണം അടിച്ചാൽ മാത്രമേ സ്റ്റെലായി സംസാരിക്കാരുള്ളോ. ഞങ്ങൾ കുടുംബപരമായിട്ട് അടിക്കാതെ തന്നെ നന്നായി സംസാരിക്കുന്നവരാണ്.’ ടൊവിനോയുടെ ഇൗ കലക്കൻ മറുപടി ലൈവ് കഴിഞ്ഞതോടെ വൈറലായി. 

ആരാധകന്റെ ചോദ്യത്തിന് ചേർന്ന ഉത്തരമെന്ന് ഒരു കൂട്ടർ പറയുമ്പോൾ ആരാധകന്റെ വീട്ടുകാരെ ചേർത്ത് പറഞ്ഞതിനെ വിമർശിക്കുകയാണ് മറ്റാെരു പക്ഷം. ടൊവിനോ ആയത് കൊണ്ടാണ് ഇൗ ഉത്തരത്തിൽ നിർത്തിയതെന്നും പി.സി ജോർജിനോടായിരുന്നെങ്കിൽ അപ്പോൾ കാണാമായിരുന്നെന്നും കമന്റിടുന്നവരും ഏറെ. ഏതായാലും മറഡോണയും ടൊവിനോയും തകർത്ത് മുന്നേറുമ്പോൾ മഴ നനഞ്ഞ ലൈവും സോഷ്യൽ ലോകത്ത് വൈറലാവുകയാണ്. 

നടുറോഡിൽ നിന്നു കൊണ്ടായിരുന്നു ലൈവ്. തന്റെ ഒപ്പമുണ്ടായിരുന്ന മലയാളി പട്ടാളക്കാരെയും ലൈവിൽ പരിചയപ്പെടുത്തി. മഴയിൽ നനഞ്ഞ കുതിർന്ന ടൊവിനോയെയാണ് ലൈവിൽ കാണാൻ സാധിച്ചിത്. ചിത്രത്തിന്റെ പ്രമോഷനു നാട്ടിൽ എത്താൻ വേറെ മാർഗമില്ലെന്നും അതു കൊണ്ടാണ് ഫെയ്സ്ബുക്ക് ലൈവിൽ എത്തിയതെന്നും താരം പറഞ്ഞു.