പരുക്ക് വകവെയ്ക്കാതെ കമൽഹാസൻ; വിശ്വരൂപം 2 മേക്കിങ്

ഉലകനായകൻ കമൽഹാസന്റെ ബിഗ് ബജറ്റ് ചിത്രം വിശ്വരൂപം രണ്ടാംഭാഗം റിലീസിനൊരുങ്ങുകയാണ്.  റിലീസിനോടനുബന്ധിച്ച് മികച്ച പ്രചാരണമാണ് അദ്ദേഹം നടത്തുന്നത്. രാഷ്ട്രീയപ്രവേശനത്തിന് ശേഷം എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ട് തന്നെ മികച്ച വിജയം ചിത്രം സ്വന്തമാക്കേണ്ടതുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് കമൽ ഹാസൻ.

2013ല്‍ ആദ്യ ഭാഗം പ്രദർനത്തിനെത്തിയപ്പോൾ വലിയ വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. ആക്ഷന്‍ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നത്. സാഹസിക രംഗങ്ങൾ ഡ്യൂപ്പിന്റെ സഹായം കൂടാതെ ചെയ്യുന്ന കമൽ ആരെയും വിസ്മയിപ്പിക്കും.  ഒരു ചലച്ചിത്രപ്രേമി എന്ന നിലയ്ക്ക് തനിക്ക് കാണാന്‍ ആഗ്രഹമുള്ള സിനിമ ഒരുക്കാനാണ് വിശ്വരൂപം 2ലൂടെ ശ്രമിച്ചിട്ടുള്ളതെന്ന് കമല്‍ പറഞ്ഞിരുന്നു.

‘ചിത്രത്തിലെ ആക്‌ഷന്‍ സീക്വന്‍സുകള്‍ ഞാന്‍ ആസ്വദിച്ചാണ് ചെയ്‍തത്. അതിനുള്ള വിലയും എനിക്ക് കൊടുക്കേണ്ടിവന്നു. എല്ലുകളിലടക്കം പരുക്കും വേദനയുമുണ്ടായിരുന്നു. എന്നാല്‍ സെറ്റില്‍ കയ്യടികളായിരുന്നു അത്തരം രംഗങ്ങള്‍ ചെയ്തപ്പോള്‍.’–കമൽ അഭിമുഖത്തിൽ പറഞ്ഞു.

ആഗസ്റ്റ് 10നാണ് സിനിമ തിയറ്ററിലെത്തുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും കമല്‍ഹാസനാണ്. എസ്.ചന്ദ്രഹാസനും കമല്‍ഹാസനും ചേര്‍ന്നാണ് നിര്‍മ്മാണം. ജിബ്രാന്‍ സംഗീതം. പണ്ഡിറ്റ് ബിര്‍ജു മഹാരാജും കമലും ചേര്‍ന്നാണ് നൃത്തസംവിധാനം. ഷാംദത്തും സനു ജോണ്‍ വര്‍ഗീസും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. മഹേഷ് നാരായണനും വിജയ് ശങ്കറും ചേര്‍ന്ന് എഡിറ്റിങ്.