മമ്മൂട്ടിയുടെ മധുരരാജ കൊച്ചിയിൽ തുടങ്ങി

മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിച്ചു. ബ്ലോക്ബസ്റ്റർ ചിത്രം പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രം ഇതേ സിനിമയുടെ തുടർച്ചയാണ്. മമ്മൂട്ടി ആഗസ്റ്റ് 20ന് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു. 

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. 

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി എഫ് എക്സ് ഗ്രാഫിക്സ് വിദഗ്ദ്ധർ ചിത്രത്തിനായി എത്തും. 120 ലേറെ നീണ്ടുനിൽക്കുന്ന ഒറ്റ ഷെഡ്യൂൾ ചിത്രീകരണം. കേരളം, തമിഴ്‌നാട് പ്രധാന ലൊക്കേഷൻ. ആക്‌ഷനും തമാശയും സസ്‌പെൻസും ത്രസിപ്പിക്കുന്ന സംഗീതവും ഒക്കെയായി ഒരു പൊളിപ്പൻ മാസ്സ് എന്റർടൈനറാകും മധുരരാജ. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും.

ഷാജി കുമാർ ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദർ, കലാ സംവിധാനം ജോസഫ് നെല്ലിക്കൽ,സൗണ്ട് ഡിസൈൻ പി എം സതീഷ്,പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹ, എക്സി . പ്രൊഡ്യൂസർ വി എ താജുദീൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം സായ്,ഗാനരചന -മുരുഗൻ കാട്ടാക്കട , ഹരി നാരായണൻ. 

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും. 

2010 ൽ തിയറ്ററുകളെ ഇളക്കി മറിച്ച പോക്കിരി രാജ രണ്ടാം വരവിനൊരുമ്പോൾ ആരാധകർ ആവേശത്തിലാകുമെന്നു തീർച്ച. തന്റെ സിനിമകളിൽ അവസാന നിമിഷം വരെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്ന ഹിറ്റ് മേക്കർ വൈശാഖ് , ഇത്തവണയും പ്രേക്ഷകർക്കായി നിരവധി സർപ്രൈസുകൾ ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കാം. കാത്തിരിക്കാം രാജയുടെ രാജകീയ രണ്ടാം വരവിനായി.