കൈ നിറയെ സാധനങ്ങളുമായി ടൊവീനോ ദുരിതാശ്വാസ ക്യാംപിൽ

പ്രളയബാധിതരെ വീട്ടിലേക്കു ക്ഷണിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ സഹായങ്ങളുമായി  ടൊവിനോ തോമസ് ദുരിതാശ്വാസക്യാംപിലെത്തി. ഇരിങ്ങാലക്കുടയിലെ വീടിനടുത്തുള്ള ദുരിതാശ്വാസ ക്യംപിൽ സഹായം എത്തിക്കുകയായിരുന്നു താരം. 

ക്യാംപിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളും ടൊവീനോ കൂടെ കരുതിയിരുന്നു. ദുരിതബാധിതർക്ക് സ്വന്തം വീട്ടിൽ അഭയം നൽകാമെന്ന് പറഞ്ഞ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു

‘ഞാൻ തൃശൂർ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്നം മാത്രമേയുള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിതകേന്ദ്രമായിക്കണ്ട് ആർക്കും വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേർക്കിവിടെ താമസിക്കാം. സൗകര്യങ്ങൾ ഒരുക്കാം. ദയവുചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ. ടൊവിനോ ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം, മറ്റു ചില താരങ്ങളും വെള്ളപ്പൊക്ക ദുരിതം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വീടുകളിൽ വെള്ളം  കയറിയ വിഡിയോ ജയറാമും ജോജുവും പങ്കുവച്ചു. ചലച്ചിത്ര താരം  മല്ലികാ സുകുമാരനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന ചിത്രങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു