ആവേശം പകർന്ന് ഇന്ദ്രജിത്ത്; കയ്യടിച്ച് വോളണ്ടിയേര്‍സ്

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളം കൈമെയ് മറന്ന് അധ്വാനിക്കുന്ന കാഴ്ചയാണ് എങ്ങും. ദുരിതാശ്വാസ ക്യാംപുകളിലും കലക്ഷൻ സെന്ററുകളിലും രാപ്പകൽ അറിയാതെ ഓടിനടക്കുന്ന ആളുകള്‍. ഇതിൽ അൻപോട് കൊച്ചിയുടെ പ്രവർത്തനം പറയാതിരിക്കാനാകില്ല. 

അൻപോട് കൊച്ചിയുമായി സഹകരിച്ച എല്ലാ വോളണ്ടിയേർസിനും നന്ദി പറഞ്ഞ് ഇന്ദ്രജിത്ത് സംസാരിക്കുകയുണ്ടായി. ഇന്ദ്രജിത്തിന്റെ വാക്കുകൾ കയ്യടികളോടെയാണ് അവിടെയുള്ളവർ വരവേറ്റത്.

നിരവധി സിനിമാതാരങ്ങൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഇതിൽ എടുത്തുപറയേണ്ട രണ്ടുപേരുകളായിരുന്നു ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും. പ്രളയദുരിതത്തിന്റെ തുടക്കം മുതൽ കുടുംബസമേതം ഇവർ അൻപൊടുകൊച്ചിയുടെ കലക്ഷൻ സെന്ററിലുണ്ട്. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യസാധനങ്ങളെത്തിക്കാനുള്ള തിരക്കിലായിരുന്നു അവർ. 

ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്ക്കേണ്ട സാധനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകൾ തയാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്. സഹപ്രവർത്തകർക്കൊപ്പം ഇത്തരം കാര്യങ്ങൾ ഏകോപിപ്പിച്ച് ഓടിനടക്കുന്ന പൂർണിമ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.

രാപ്പകൽ ഭേദമന്യേ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഇന്ദ്രജിത്തും പൂർണിമ‍യും രണ്ടുമക്കളും. വിയർത്തൊലിച്ച് ലോഡിങ്ങുൾപ്പെടെയുള്ള ജോലികളുമായി ഓടിനടക്കുന്ന ഇന്ദ്രജിത്തും എല്ലാത്തിനും ചുക്കാൻ പിടിച്ച പൂർണിമയും സാധനങ്ങൾ വേർതിരിക്കാനും പാക്ക് ചെയ്യാനും സഹായിക്കുന്ന പ്രാർഥനയും നക്ഷത്രയും സെന്ററിലുണ്ടായിരുന്നവർക്ക് നൽകിയ ഊർജം ചെറുതല്ല.

നടി പാർവതി, റിമ കല്ലിങ്കൽ, സഞ്ജു, സിജു, കുഞ്ചാക്കോ ബോബൻ, പ്രിയ തുടങ്ങിയവരും എല്ലാ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്. ജില്ല കലക്ടർ മുഹമ്മദ്‌ വ്വൈ സഫറുള്ള, മുൻ ജില്ല കളക്ടറുമായ രാജമാണിക്യം,  സപ്ലൈകോ സിഎംഡി മുഹമ്മദ് ഹനീഷ് എന്നീ ഉദ്യോഗസ്ഥരും രാവും പകലും ഇവർക്കൊപ്പമുണ്ടായിരുന്നു.

ദുരിതാശ്വാസക്യാംപുകളിലെ സജീവസാന്നിധ്യമായി മാറിയ നടൻ ടൊവിനോ തോമസിനും നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. നടൻ ജയസൂര്യ, നിവിൻ പോളി, ആസിഫ് അലി, വിജയ് ബാബു, രജിഷ വിജയൻ, കായികതാരം സി കെ വിനീത് എന്നിവരും കേരളത്തിന് പകർന്നുനൽകിയത് വലിയ മാതൃകയാണ്.