ചിതറിയ പുള്ളിൽ പതറാതെ മഞ്ജു

തൃശൂർ ∙ എന്നും കാണുന്നവരും സംസാരിക്കുന്നവരും വിശേഷം പങ്കിടുന്നവരും ദുരിതാശ്വാസ ക്യാംപിൽ വന്നു സഹായങ്ങൾ വാങ്ങുന്നതു സഹിക്കാനും വിശ്വസിക്കാനുമായില്ല. സ്വന്തം ഗ്രാമമായ പുള്ളിലെ ക്യാംപിൽ സഹായം എത്തിച്ചു മടങ്ങുമ്പോൾ മഞ്ജു വാരിയർ പറഞ്ഞു. 

പ്രളയത്തിൽപ്പെട്ടവർക്കായി മഞ്ജു വാരിയർ ഫൗണ്ടേഷൻ സമാഹരിച്ച ഒരു ട്രക്ക് വസ്തുക്കളുമായാണ് മഞ്ജു പുള്ളിലെത്തിയത്. കോൾപാടത്തിനു കരയിലുള്ള മഞ്ജുവിന്റെ വീടിന്റെ മുറ്റം വരെ വെള്ളമെത്തി. ആളുകൾ മാറിത്തുടങ്ങിയപ്പോൾ മഞ്ജുവിന്റെ അമ്മ ഒല്ലൂരിലെ ബന്ധുവീട്ടിലേക്കു പോയിരുന്നു. 

മഞ്ജു തിരുവനന്തപുരത്തു കുടുങ്ങിപ്പോകുകയും ചെയ്തു. പ്രളയത്തിനുശേഷം മഞ്ജു ഇന്നലെയാണു വീട്ടിലെത്തിയത്. പുള്ള് ഗ്രാമം ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ്. ട്രക്കുകളിലും തോണികളിലും മാത്രമെ പുറത്തുപോകാനാകൂ.

കുറച്ചു ദിവസം മുൻപ് ആലപ്പുഴയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി പോയിരുന്നു. അന്നു വെള്ളം കയറിയ വീടുകൾ കണ്ടു വല്ലാതെ വേദനിച്ചു. എന്റെ ഗ്രാമത്തിലേക്കും ഇതെത്തുമെന്ന് അന്നു ആലോചിക്കാൻപോലുമാകില്ലായിരുന്നുവെന്നു മഞ്ജു പറഞ്ഞു. തിരുവനന്തപുരത്തു പെട്ടുപോയ ഞാൻ ഓരോ ദിവസവും ഇവിടേക്കു വരാൻ നോക്കുകയായിരുന്നു. 

പുള്ളിലേക്കു കടക്കാനാകില്ലെന്നു പറഞ്ഞപ്പോൾ വിശ്വസിക്കാൻ പ്രയാസമായിരുന്നു. തിരുവനന്തപുരത്തുനിന്ന് ഇവിടെ എത്താനും പറ്റില്ലായിരുന്നു. ഇന്നു വന്നു വീടെല്ലാം തുറന്നു നോക്കി. ഞങ്ങളുടെ വീടുള്ള പ്രദേശത്തെ വീടുകളിലേക്കു വെള്ളമെത്തിയില്ല. വെള്ളം കയറാത്ത താമസക്കാരുണ്ടായിരുന്ന വീടുകളിലെല്ലാം നിറയെ ആളുകളുണ്ടെന്നു മഞ്ജു പറഞ്ഞു. 

വീടുകളിൽ ഇടം കിട്ടാത്തവർ ക്യാംപുകളിൽ താമസിക്കുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമവുമായി ഫോൺബന്ധം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ആരെല്ലാം എവിടെയാണെന്നു മനസിലാക്കാൻപോലുമായില്ല. വെള്ളം കയറിയതിന്റെ പാടുകൾ മരങ്ങളിലും ചുമരുകളിലും കണ്ടാൽ പേടിയാകും – മഞ്ജു പറഞ്ഞു. എറണാകുളത്തെ പല ക്യാംപുകളിലേക്കും മഞ്ജു സഹായമെത്തിച്ചിട്ടുണ്ട്. 

എറണാകുളം കേന്ദ്രീകരിച്ചാണു മഞ്ജു വാരിയർ ഫൗണ്ടേഷൻ വിഭവങ്ങൾ സമാഹരിക്കുന്നത്. പിന്നീട് അതു ക്യാംപുകളിലെത്തിച്ചു കൊടുത്തു. വെള്ളം കയറിയ റോഡിലൂടെ കാറിൽ പോകാനാകാത്തതിനാൽ സഹായവസ്തുക്കൾ നിറച്ച ട്രക്കിലാണു മഞ്ജുവും പുള്ളിലെത്തിയത്.