ജയസൂര്യ ഇരട്ടവേഷത്തിൽ; സർപ്രൈസുമായി ഫ്രൈഡേ ഫിലിം ഹൗസ്

ഫിലിപ്സ് ആന്‍ഡ് ദ് മങ്കിപെന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകർ വീണ്ടും ഒന്നിക്കുന്നു. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത് ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിര്‍മാണം.

ജയസൂര്യ ഡബിള്‍ റോളിൽ എത്തുന്നുവെന്നതാണ് സിനിമയുടെ വലിയൊരു പ്രത്യേകത. ‘ഹോം’ എന്നുപേരിട്ടിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന കുടുംബചിത്രമായിരിക്കും. അച്ഛന്റെയും മകന്റെയും വേഷത്തിൽ മുഴുനീള കഥാപാത്രങ്ങളെ ജയസൂര്യ അവതരിപ്പിക്കും. വിജയ് ബാബു ഇക്കാര്യം സ്ഥിരീകരിച്ചു. ആട് 2വിന്റെ വമ്പൻ വിജയത്തിന് ശേഷം ഫ്രൈഡേ ഫിലിം ഹൗസും ജയസൂര്യയും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. 

മഞ്ജു വാരിയർ പ്രധാനവേഷത്തിലെത്തിയ ജോ ആൻഡ് ദ് ബോയ്‌യ്ക്ക് ശേഷം റോജിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് രാഹുൽ സുബ്രഹ്മണ്യം സംഗീതം നിർവഹിക്കുന്നു. നീല്‍ ഡി കുന്‍ഹയാണ് ക്യാമറ. സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2013ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയചിത്രംകൂടിയായിരുന്നു ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ. മങ്കിപെന്നിൽ പ്രവർത്തിച്ച അതേ ടീം തന്നെയാകും ഈ ചിത്രത്തിലും ഉണ്ടാകുക.  'മങ്കിപെൻ' പോലെ അത്യപൂർവമായ ദൃശ്യാനുഭവം സമ്മാനിച്ച ഫ്രൈഡേ ഫിലിം ഹൗസ് നിർമാതാക്കളാകുന്നുവെന്നതും ചിത്രത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.