പ്രളയം ടൊവീനോയെ പഠിപ്പിച്ചത്

ടൊവീനോ എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവാം. പക്ഷെ ടൊവീനോ എന്ന മനുഷ്യനെ ഇഷ്ടപ്പെടാത്ത മലയാളികൾ ഇപ്പോഴുണ്ടാവാനിടയില്ല. ഇൗ പ്രളയകാലത്ത് ടൊവീനോ എന്ന പച്ചയായ മനുഷ്യന്റെ നന്മ മലയാളി തിരിച്ചറിഞ്ഞു. ടൊവീനോയെ സംബന്ധിച്ചും ഇത് ചില തിരിച്ചറിവുകളുടെ കാലമായിരുന്നു. പ്രളയം നൽകിയ അനുഭവത്തെക്കുറിച്ച് മലയാളത്തിന്റെ പ്രിയ യുവതാരം സംസാരിക്കുന്നു. 

എന്താണ് പ്രളയം ടൊവീനോയെ പഠിപ്പിച്ചത് ?

എല്ലാവർക്കും ഉള്ളിൽ നന്മ ചെയ്യണമെന്ന ആഗ്രഹമുണ്ട്. ഇൗ നന്മ ചെയ്യുന്നവർ ചൂഷണം ചെയ്യപ്പെടുകയും പറ്റിക്കപ്പെടുകയും ചെയ്യുമ്പോൾ ഉണ്ടാവുന്ന ഒരു പേടിയിൽ നിന്നാണ് ആളുകൾ നന്മ ചെയ്യാത്തതെന്ന് എനിക്ക് തോന്നുന്നു. ആരുടെ ഉള്ളിലും ഒരു ദിവസം കൊണ്ട് മുളച്ചു വരുന്നതല്ല നന്മ. അതു നമ്മുടെ ഉള്ളിൽ നേരത്തെ മുതലുള്ളതാണ്. ആ നന്മ ഇല്ലാതാക്കുന്നത് ചില ബാഹ്യശക്തികളാണ്. ആർക്കും പറ്റിക്കപ്പെടാൻ താൽപര്യമില്ലല്ലോ. നൂറു ശതമാനം മലയാളികളും നന്മയുള്ളവരാണ്. അങ്ങോട്ടുമിങ്ങോട്ടും സഹായിക്കാനുള്ള മനസ്സുണ്ട് അവർക്ക്. അതാണ് ഇൗ പ്രളയം എന്നെ പഠിപ്പിച്ചതും.

എങ്ങനെയാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത് ?

ജീവിതത്തിലെ ആദ്യ അനുഭവമാണ്. എനിക്കു മാത്രമല്ല മറ്റു പലർക്കും. മഴ കൂടി വെള്ളം കയറിത്തുടങ്ങിയപ്പോൾ തന്നെ ഞാൻ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. എന്തെങ്കിലും ചെയ്യേണ്ടേ എന്നു ചോദിച്ചു. അപ്പോഴാണ് ഞങ്ങളുടെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ വെള്ളം കയറിയെന്ന് അറിയുന്നത്. ഉടനെ ഞാനും എന്റെ ചേട്ടനും രണ്ടു കൂട്ടുകാരും അവരുടെ അനിയന്മാരും ചേർന്ന് ഇറങ്ങി. പിന്നീടുള്ള നാലു ദിവസങ്ങൾ ഞങ്ങളെ പലതും പഠിപ്പിച്ചു. ഒരു ഇരുപതു കോളജ് കുട്ടികൾ മുഴുവൻ സമയവും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അവരാരും എന്റെയടുത്ത് സെൽഫിയെടുത്തോട്ടെ എന്നു ചോദിച്ചില്ല. ഭക്ഷണം എത്തിക്കുന്ന സമയത്തും മറ്റു സഹായങ്ങളെത്തിക്കുമ്പോഴും അവരൊക്കെ ഒരു സുഹൃത്തിനെ പോലെയാണ് എന്നെ കണ്ടത്. എല്ലാം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് അവർ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നത്. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചു. 

പല താരങ്ങളും പണം കൊടുത്തു സഹായിച്ചു, പക്ഷെ ടൊവീനോ ചെയ്തത് അതിലും വലിയ കാര്യമല്ലേ ?

അയ്യോ ഞാൻ മാത്രമല്ല. എനിക്ക് വ്യക്തിപരമായി അറിയാവുന്ന എത്രയോ പേർ അവരെക്കൊണ്ടാവും വിധം കാര്യങ്ങൾ ചെയ്തു. ഇന്ദ്രേട്ടനൊക്കെ (ഇന്ദ്രജിത്ത് സുകുമാരൻ) ആദ്യ ദിനം മുതലെ ഇതിനൊപ്പം ഉണ്ടായിരുന്നു. ആസിഫ്, ബാലു അങ്ങനെ ഒരുപാട് പേർ എന്നെപ്പോലെ തന്നെ ആളുകൾക്കിടയിൽ പ്രവർത്തിച്ചവരാണ്. അവരുടെയൊക്കെ ചിത്രങ്ങൾ അധികം വന്നില്ല എന്നേയുള്ളു. ഞാൻ മാത്രമാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്നു പറയുന്നത് ശരിയല്ല. 

യുവാക്കൾക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത പുറത്തു കൊണ്ടു വരാൻ പ്രളയം വേണ്ടി വന്നു എന്നു വിശ്വസിക്കുന്നുണ്ടോ ?

യുവാക്കൾക്ക് പ്രതിബദ്ധത ഇല്ലാത്തതല്ല. അവർക്ക് ഉത്തരവാദിത്തങ്ങൾ കൊടുക്കാത്ത പ്രശ്നമേയുള്ളൂ. ഉത്തരവാദിത്തം കൊടുത്തപ്പോ ഇൗ പിള്ളേര് നിന്നത് കണ്ടില്ലേ ? ഒരു കൺ‍ട്രോൾ റൂം പോലെയല്ലായിരുന്നോ ഒാരോ ഫെയ്സ്ബുക്ക് അക്കൗണ്ടും. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നിന്നത് കണ്ടില്ലേ. അവർക്ക് ജാതിയില്ല മതമില്ല രാഷ്ട്രീയവുമില്ല. അങ്ങനെയുള്ള ആളുകളാണ് കൂടുതൽ. 

എല്ലാം തകർത്ത പ്രളയത്തിൽ ടൊവീനോ കണ്ട പ്രതീക്ഷ എന്താണ് ?

ഭയങ്കരമായ പ്രതീക്ഷയാണ് ഇൗ ദുരിതം തന്നത്. നാലു ദിവസം കൊണ്ട് ഇതിനെ നമ്മൾ വരുതിയിലാക്കിയെങ്കിൽ നമ്മൾ ചില്ലറക്കാരല്ല. ഇത്രയും വലിയ ഒരു പ്രളയം വന്നിട്ട് വേഗം തന്നെ അപകടനില തരണം ചെയ്യാൻ നമുക്ക് പറ്റി. അത് നമ്മുടെ കൂട്ടായ്മ ഒന്നു കൊണ്ട് മാത്രമാണ്. ആ കൂട്ടായ്മയാണ് ഏറ്റവും സംതൃപ്തി തന്നതും. അതിലാണ് ഇനിയുള്ള എന്റെ പ്രതീക്ഷയും. ആളപായം വന്നു, കുറേയാളുകളുടെ ജീവിതമാർഗം ഇല്ലാതായി. അതിൽ ദു:ഖമുണ്ട് ഇല്ലെന്നല്ല. പക്ഷെ അതിജീവനത്തിന്റെ വലിയ സന്ദേശമാണ് നമുക്ക് ലഭിച്ചത്. ഇവിടെ ആവശ്യമില്ലാത്ത ചിലതൊക്കെയുണ്ട്. അതൊന്നുമില്ലാതെയാണ് കേരളം ഇൗ കെടുതിയെ അതിജീവിച്ചത്. ഇനിയും നമുക്കതിന് സാധിക്കും. 

സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ടൊവീനോ വെള്ളത്തിലിറങ്ങിയതെന്നു പറയുന്നവരോട് ?

ചിന്തിക്കാൻ കഴിവില്ലാത്തവരാണ് അങ്ങനെ പറയുന്നത്. അവരൊക്കെ എന്നെങ്കിലും ചിന്തിക്കുമെന്നും പ്രവർത്തിക്കുമെന്നും കരുതുന്നു.