വിളിച്ചാൽ ഫോണെടുക്കില്ല; ഡേറ്റ് നൽകില്ല; ആരോപണങ്ങൾക്ക് ഫഹദിന്റെ മറുപടി

താരജാഡയാണെന്ന ആരോപണത്തിനു മറുപടിയുമായി നടൻ ഫഹദ് ഫാസിൽ. ഡേറ്റ് നൽകില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും താരജാഡയില്ലെന്നുമാണ് ഫഹദിന്റെ പ്രതികരണം. ‘ഞാന്‍ മാറിപ്പോയി, ചില ആളുകളുടെ മാത്രം സിനിമകളില്‍ അഭിനയിക്കുന്നു എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്കg വേണ്ടിയാണ്’- ഫഹദ് പറയുന്നു.

ഡേറ്റ് തരില്ലെന്നു ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എനിക്കു കൂടി തൃപ്തികരമാകുന്ന, എന്നെയും എക്‌സൈറ്റ്‌ ചെയ്യിക്കുന്ന സിനിമയായിരിക്കണം. എന്റെ സിനിമകള്‍ ആളുകള്‍ കാണണം അത് അവർ ആസ്വദിക്കണം എന്നാണ് എന്റെ ആഗ്രഹം. അതിനപ്പുറത്ത് വേറൊന്നും ചിന്തിക്കാനില്ല. സിനിമയില്‍നിന്ന് ഏഴെട്ടു വര്‍ഷം മാറി നിന്നെങ്കിലും പ്രതീക്ഷയോടെയാണു തിരിച്ചു വന്നതെന്നും ഫഹദ് പറഞ്ഞു.

മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രം ചെക്ക ചിവന്ത വാനത്തിൽനിന്ന് ഫഹദ് പിന്മാറിയിരുന്നു. പലവട്ടം ശ്രമിച്ചിട്ടും കഥയും കഥാപാത്രവും മനസ്സിൽ കാണാൻ സാധിക്കാതിരുന്നതാണ് സിനിമയിൽനിന്നു പിന്മാറാനുള്ള കാരണമെന്നും ഇതാദ്യമായല്ല മണിരത്നം ചിത്രത്തിൽനിന്നു പിന്മാറുന്നതെന്നും ‌ഫഹദ് പറഞ്ഞു.

ഫഹദ് ഫാസിലിന്റെ അടുത്ത റിലീസ് അമല്‍നീരദ് സംവിധാനം ചെയ്ത വരത്തനാണ്. അന്‍വര്‍ റഷീദിന്റെ ട്രാൻസ് ആണ് പുതിയ പ്രോജക്ട്.