യാത്രക്കാര്‍ ഞെട്ടി, ബസില്‍ പണം പിരിക്കാന്‍ ഇന്നസെന്റ് എം.പി

ഇരിങ്ങാലക്കുടയിലെ സ്വകാര്യ ബസില്‍ കയറിയ യാത്രക്കാര്‍ ഞെട്ടി. ബസില്‍ പണം പിരിക്കാന്‍ ഇന്നസെന്റ് എം.പി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായിരുന്നു ഈ പിരിവ്.

ഇരിങ്ങാലക്കുട മുതല്‍ കല്ലേങ്കുങ്കര വരെയുള്ള നാലു കിലോമീറ്ററില്‍ ബസ് കണ്ടക്ടറെപോലെ ഇന്നസെന്റ് എം.പി. എത്തി. യാത്രക്കാര്‍ക്കു മുമ്പില്‍ ബക്കറ്റ് നീട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വകാര്യ ബസ് ഉടമകള്‍ ഒരു ദിവസത്തെ വേതനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നസെന്റ് ബസില്‍ കയറി പിരിവെടുത്തത്. പണം നല്‍കിയപ്പോള്‍ ടിക്കറ്റ് നല്‍കിയില്ലെന്നു മാത്രം. 

ഇരിങ്ങാലക്കുടയില്‍ നിന്നുള്ള 250 ബസുകളില്‍ നിന്നുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. സംസ്ഥാനമൊട്ടുക്ക് സ്വകാര്യ ബസുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് വേണ്ടി ഒരു ദിവസത്തെ സര്‍വീസ് മാറ്റിവച്ചിരുന്നു.